Scam | ജോലി തട്ടിപ്പ് പരാതിയിൽ ഡിവൈഎഫ്ഐ മുൻ വനിത നേതാവിനെതിരെ ബദിയടുക്കയിലും കേസെടുത്തു; എറണാകുളത്ത് ഫ്‌ലാറ്റ് വാങ്ങിയതായി സൂചന
● കുമ്പളയിലും നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു
● സിപിഎമിൽ നിന്ന് പുറത്താക്കി
● ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തുവെന്നാണ് ആരോപണം
കാസർകോട്: (KasargodVartha) സിപിസിആർഐയിൽ ജോലി വാഗ്ദാനം ചെയ്തത് 15 ലധികം പേരിൽ നിന്ന് കോടികൾ തട്ടിയെന്ന കേസിൽ പ്രതിയായ മുൻ ഡിവൈഎഫ്ഐ നേതാവ് ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ സച്ചിത റൈയ്ക്കെതിരെ ബദിയഡുക്ക പൊലീസും കേസെടുത്തു. ബാഡൂരിലെ മല്ലേഷ് എന്നയാൾ നൽകിയ പരാതി പ്രകാരമാണ് കേസെടുത്തത്.
കർണാടക എക്സൈസിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ജോലി തരപ്പെടുത്താൻ രണ്ടരലക്ഷം രൂപയാണ് സച്ചിത ആവശ്യപ്പെട്ടതെന്ന് മല്ലേഷ് നൽകിയ പരാതിയിൽ പറയുന്നു. ഒരു ലക്ഷം രൂപ 2023 ഒക്ടോബർ 13ന് സച്ചിതയുടെ അകൗണ്ടിലേക്ക് അയച്ചു കൊടുത്തുവെന്നും പിന്നീട് അരലക്ഷം രൂപ കൂടി ആവശ്യപ്പെട്ടുവെങ്കിലും ജോലി ശരിയായാൽ നൽകാമെന്ന് അറിയിച്ചതായും യുവാവ് വ്യക്തമാക്കി.
കുമ്പള കിദൂർ പതക്കൽ ഹൗസിലെ നിഷ്‌മിത ഷെട്ടിയുടെ പരാതിയിൽ ബാഡൂർ എഎൽപി സ്‌കൂൾ അധ്യാപിക കൂടിയായ സച്ചിതയ്ക്കെതിരെ കുമ്പള പൊലീസ് കേസെടുത്ത വിവരം അറിഞ്ഞതോടെയാണ് തട്ടിപ്പിനു താനും ഇരയായതെന്ന കാര്യം മല്ലേഷിനു ബോധ്യമായതും ബദിയഡുക്ക പൊലീസിൽ പരാതി നൽകിയതും. അതേസമയം മല്ലേഷ് പൊലീസിൽ പരാതി നൽകിയ വിവരമറിഞ്ഞ സച്ചിത റൈ ചൊവ്വാഴ്ച മല്ലേഷിനെ ഇന്റർനെറ്റ് കോൾ വഴി വിളിച്ചതായും പരാതി പിൻവലിക്കണമെന്നും പണം തിരികെ തരാമെന്നും അറിയിച്ചതായും പറയുന്നുണ്ട്.
എപ്പോൾ തരുമെന്ന് ചോദിച്ചപ്പോൾ മറുപടി ഉണ്ടായില്ലെന്ന് മല്ലേഷ് വ്യക്തമാക്കുന്നു. ഇതിനിടയിൽ അധ്യാപക ജോലി വാഗ്ദാനം ചെയ്ത് സച്ചിതറൈ തന്റെ രണ്ടരലക്ഷം രൂപ തട്ടിയെടുത്തതായി കാണിച്ച് പള്ളത്തടുക്ക, ബെള്ളം ബെട്ടുവിലെ ശ്വേത എന്ന യുവതിയും ബദിയഡുക്ക പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ശ്വേത നേരത്തെ സച്ചിത ജോലി ചെയ്തിരുന്ന ബാഡൂർ എഎൽപി സ്‌കൂളിൽ താൽക്കാലിക അധ്യാപികയായി ജോലി ചെയ്തിരുന്നു. ഈ സമയത്താണ് ഇരുവരും പരിചയപ്പെട്ടത്.
കേന്ദ്രീയ വിദ്യാലയത്തിൽ സ്ഥിരം അധ്യാപക ജോലി തരപ്പെടുത്തിത്തരാമെന്നാണ് അറിയിച്ചതെന്നും 2024 സെപ്തംബർ 21ന് രണ്ടരലക്ഷം രൂപ കൈപ്പറ്റിയതായും ബാങ്ക് അകൗണ്ടിലേക്കാണ് പണം അയച്ചതെന്നും ശ്വേത പരാതിയിൽ പറയുന്നു. അതേസമയം സച്ചിതയ്‌ക്കെതിരെ കൂടുതൽ പരാതികൾ വരാൻ സാധ്യതയുണ്ടെന്നാണ് സൂചന. സച്ചിത റൈയെ സിപിഎമിൽ നിന്നു പുറത്താക്കിയതായി കുമ്പള ഏരിയ സെക്രടറി വാർത്താകുറിപ്പിൽ അറിയിച്ചിട്ടുണ്ട്.
സച്ചിത റൈയിയുടെ ബാങ്ക് അകൗണ്ട് വഴി മൂന്ന് കോടി രൂപ മറിഞ്ഞതായി സൂചനയുണ്ട്. ഇവരുടെ പേരിലുള്ള കനറാ ബാങ്ക് അകൗണ്ടിലൂടെയാണ് പണം മറിഞ്ഞതെന്നാണ് വിവരം പുറത്ത് വരുന്നത്. വലിയ ജോലി തട്ടിപ്പ് റാകറ്റിലെ ഇടനിലക്കാരിയാണ് സച്ചിതയെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. ജോലി തട്ടിപ്പിന് ഇരയായവർക്ക് പണം മടക്കി നൽകാൻ പറഞ്ഞപ്പോൾ തൻ്റെ കയ്യിൽ 50,000 രൂപ മാത്രമേ ഉള്ളൂവെന്നായിരുന്നു സച്ചിത അറിയിച്ചതെന്നും പറയുന്നു.
ജോലി റിക്രൂട്മെൻ്റ് സ്ഥാപനം നടത്തുന്ന ഉഡുപ്പിയിലെ ചന്ദ്രശേഖര കുന്താർ എന്നയാൾക്ക് ജോലി തരപ്പെടുത്തി കൊടുക്കാൻ 72 ലക്ഷം നൽകിയെന്നാണ് സച്ചിത പറയുന്നത്. ഇതിന് ഗ്യാരണ്ടിയായി ചന്ദ്രശേഖര കുന്താർ നൽകിയ ചെക് ഇവരുടെ പക്കലുണ്ടെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ജോലിക്ക് നൽകിയ കൈക്കൂലി പണത്തിന് ജി എസ് ടി വാങ്ങിയ സംഭവവും ഇതിനകം പുറത്ത് വന്നിട്ടുണ്ട്. ഇതിനിടെ സച്ചിത എറണാകുളത്ത് ഫ്‌ലാറ്റ് വാങ്ങിയതായുള്ള സൂചനകൾ പുറത്ത് വരുന്നുണ്ട്. ഇത് സത്യമാണോ എന്നറിയണമെങ്കിൽ പൊലീസ് അന്വേഷത്തത്തിലൂടെ മാത്രമേ സാധ്യമാകു.
#DYFI #jobscam #Kerala #fraud #police #investigation