Clash | ഫുട്ബോൾ ഫൈനൽ അക്രമത്തിൽ കലാശിച്ചു; 50 പേർക്കെതിരെ കേസെടുത്ത് പൊലീസ്
● കഴിഞ്ഞ ദിവസം രാത്രി തൃക്കരിപ്പൂർ വിപിപി മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ. വൊകേഷണൽ ഹയർ സെകൻഡറി സ്കൂൾ മിനി സ്റ്റേഡിയത്തിലാണ് സംഭവം അരങ്ങേറിയത്.
● ഹിറ്റേഴ്സ് എടച്ചാക്കൈയും ഗ്രേറ്റ് കവ്വായിയും തമ്മിലായിരുന്നു കലാശപ്പോര്.
● സംഭവത്തെക്കുറിച്ച് ചന്തേര പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തൃക്കരിപ്പൂർ: (KasargodVartha) സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് ഫൈനൽ മത്സരം അക്രമത്തിൽ കലാശിച്ചു. സംഘർഷവും പടക്കമേറും ഉണ്ടായ സംഭവത്തിൽ ഒരു വിദ്യാർഥിക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് സംഘാടകർ ഉൾപ്പെടെ 50 പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി തൃക്കരിപ്പൂർ വിപിപി മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക ഗവ. വൊകേഷണൽ ഹയർ സെകൻഡറി സ്കൂൾ മിനി സ്റ്റേഡിയത്തിലാണ് സംഭവം അരങ്ങേറിയത്.
ടൗൺ എഫ്സി തൃക്കരിപ്പൂരിൻ്റെ നേതൃത്വത്തിൽ നടത്തിവന്ന എസ്എഫ്എ അംഗീകൃത സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ഫൈനൽ മത്സരമാണ് അക്രമത്തിൽ കലാശിച്ചത്. ഹിറ്റേഴ്സ് എടച്ചാക്കൈയും ഗ്രേറ്റ് കവ്വായിയും തമ്മിലായിരുന്നു കലാശപ്പോര്. മത്സരം കാണാനായി ഏകദേശം 7000-ൽ പരം കാണികൾ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ഫൈനൽ മത്സരത്തിന്റെ ആവേശം അക്രമാസക്തമായ രംഗങ്ങളിലേക്ക് വഴിമാറുകയായിരുന്നു.
മത്സരത്തിനിടെ ഗാലറിയിലും പരിസരത്തുമായി നേരത്തെ തന്നെ അസ്വസ്ഥതകൾ ഉടലെടുത്തിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായി പടക്കം പൊട്ടിക്കൽ ആരംഭിച്ചത്. തിങ്ങിനിറഞ്ഞ ഗാലറിയിൽ നിന്നുള്ള പടക്കം പൊട്ടിക്കൽ കാണികൾക്കിടയിൽ ഭീതി പരത്തി. പടക്കമേറിൽ സൗത്ത് തൃക്കരിപ്പൂർ ഒളവറയിലെ പത്താം ക്ലാസ് വിദ്യാർഥി എം ഹാദി മിനാസിന് (15) വലത് കണ്ണിന് മുകളിലായി സാരമായ മുറിവേറ്റു. കുട്ടിയെ തൃക്കരിപ്പൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ടൗൺ എഫ്സി ഭാരവാഹികളും ഇരു ടീമുകളിലെ അംഗങ്ങളും ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തത്. കളിയുടെ രണ്ടാം റൗണ്ടിൽ പടക്കം പൊട്ടിക്കരുതെന്ന് രേഖാമൂലം ധാരണ ഉണ്ടാക്കിയിരുന്നുവെങ്കിലും ചിലർ ലംഘിച്ചതായാണ് ആക്ഷേപം. പഞ്ചായത് അംഗം ഐഎൻഎൽ നേതാവ് എം കെ ഹാജിയുടെ പേരക്കുട്ടിയാണ് പരിക്കേറ്റ ഹാദി മിനാസ്. സംഭവത്തിൽ പ്രത്യേകമായി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ചന്തേര പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#FootballFinal #Thrikarippur #Violence #PoliceCases #SportsEvent #Kasargod