'ഓട്ടോപൈലറ്റ് ഓഫാക്കി, 30 സെക്കൻഡിൽ കൂപ്പുകുത്തിയത് 16,000 അടി താഴേക്ക്'; ഫ്ലൈ ദുബൈ സഹപൈലറ്റ് വിമാനം ഇടിച്ചിറക്കാൻ പദ്ധതിയിട്ടതായി റിപ്പോർട്ട്
● ‘ടെൽ അവീവിലെ വിമാനത്താവളം അടക്കമുള്ള സുപ്രധാന കേന്ദ്രങ്ങളാണ് ഇയാൾ ലക്ഷ്യമിട്ടത്’
● ഡ്യൂട്ടിയിലില്ലാത്ത മറ്റ് പൈലറ്റുമാരും യാത്രക്കാരും ഇടപെട്ടാണ് വിമാനം നിയന്ത്രിച്ചത്
● ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ഹമ്മാമി കോക്പിറ്റിൽ വെച്ച് ആക്രമിച്ചു പരിക്കേൽപ്പിച്ചു
● ഇറ്റാലിയൻ പത്രമായ കോറിയറെ ഡെല്ല സെറയാണ് വിവരങ്ങൾ പുറത്തുവിട്ടത്
● തീവ്രവാദ ബന്ധത്തിൻ്റെ പേരിൽ ഇയാളെ ഒമാൻ നേരത്തെ വിലക്കിയിരുന്നതായി സിഎൻഎൻ റിപ്പോർട്ട്
വാഷിങ്ടൻ: (KasargodVartha) ഫ്ലൈ ദുബൈ വിമാനത്തിൻ്റെ സഹപൈലറ്റായ ഒമാൻ പൗരൻ ഹമ്മാം അൽ ഹമ്മാമി ഇസ്രയേലിലെ കെട്ടിടത്തിലേക്ക് വിമാനം ഇടിച്ചുകയറ്റാൻ പദ്ധതിയിട്ടതായി റിപ്പോർട്ട്. ടെൽഅവീവിലെ വിമാനത്താവളം അടക്കമുള്ള സുപ്രധാന കേന്ദ്രങ്ങളാണ് ഇയാൾ ലക്ഷ്യമിട്ടത്. എന്നാൽ ഈ പദ്ധതി പരാജയപ്പെട്ടതിനെത്തുടർന്ന് വിമാനത്തിൻ്റെ എൻജിനുകൾ ഓഫാക്കാൻ ശ്രമിച്ചതായും ഇറ്റാലിയൻ പത്രമായ 'കോറിയറെ ഡെല്ല സെറ' റിപ്പോർട്ട് ചെയ്‌തു. ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് പത്രം ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
കോക്‌പിറ്റിലെ ആക്രമണം; ഇടപെട്ട് യാത്രക്കാർ
ക്യാപ്റ്റൻ സ്‌മിത് മച്‌ഛറിനു പിന്നിലൂടെ എത്തി ഹമ്മാമി അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിൽ സ്മിത്തിനു ഗുരുതരമായി പരിക്കേറ്റു. അദ്ദേഹം കോക്‌പിറ്റിൻ്റെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും ഹമ്മാമി അത് അടച്ചു. വീണ്ടും സ്‌മിത് വാതിൽ തുറന്നു. ഈ സമയം ശുചിമുറി ഉപയോഗിക്കുകയായിരുന്ന ഒരു സ്ത്രീ കോക്‌പിറ്റിനുള്ളിൽനിന്ന് അസാധാരണ ശബ്ദങ്ങൾ കേട്ട് യാത്രക്കാരെ വിവരമറിയിക്കുകയായിരുന്നു.
യാത്രക്കാർ കോക്‌പിറ്റിലേക്ക് ഓടിയെത്തിയപ്പോൾ ക്യാപ്റ്റൻ സ്‌മിത് പരിക്കേറ്റു കിടക്കുന്നതാണ് കണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
30 സെക്കൻഡിൽ 16,000 അടി താഴേക്ക്
ലക്ഷ്യമിട്ടതുപോലെ കെട്ടിടത്തിൽ വിമാനം ഇടിച്ചിറക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ ഹമ്മാമി, വിമാനം മരുഭൂമിക്ക് മുകളിൽവച്ച് തകർക്കാൻ തീരുമാനിച്ചതായി പത്രത്തിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഇതിനായി ഹമ്മാമി ഓട്ടോപൈലറ്റ് സ്വിച്ച് ഓഫ് ചെയ്‌തു. 30 സെക്കൻഡിനുള്ളിൽ വിമാനം 16,000 അടി താഴ്‌ചയിലേക്കാണ് അതിവേഗം പതിച്ചത്.
എന്നാൽ യാത്രക്കാരിൽ ചിലരും വിമാനത്തിലുണ്ടായിരുന്ന, ഡ്യൂട്ടിയിലില്ലാത്ത മറ്റ് പൈലറ്റുമാരും ചേർന്ന് വിമാനം നിയന്ത്രിച്ചതോടെയാണ് ദുരന്തം ഒഴിവായത്.
ഒമാൻ നേരത്തെ വിലക്കി; 2025-ൽ യുഎഇയിൽ
ഫ്ലൈ ദുബൈ വിമാനത്തിൻ്റെ കോപൈലറ്റായ ഒമാൻ സ്വദേശി ഹമാം അൽ ഹമ്മാമിയെ വിമാനം പറത്തുന്നതിൽനിന്നു ഒമാൻ നേരത്തെ തന്നെ തടഞ്ഞിരുന്നതായി റിപ്പോർട്ടുകളുണ്ട്. തീവ്രവാദ ആശയങ്ങളോടുള്ള ഹമ്മാമിയുടെ താൽപര്യം തിരിച്ചറിഞ്ഞതോടെയാണു വിലക്കിയതെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യം ഒമാൻ ഇതുവരെ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല. ഏഴ് വർഷത്തോളം ഒമാൻ എയറിൽ ജോലി ചെയ്തശേഷം 2025-ലാണ് ഇയാൾ യുഎഇയിലെത്തുന്നത്.
കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Flydubai co-pilot Hamam Al-Hammami planned to crash plane in Israel; passengers intervened.
#FlydubaiIncident #AviationSafety #HamamAlHammami #IsraelNews #TelAviv #MalayalamInternationalNews #CNNReport #RenuNews






