Case | ഫാഷൻ ഗോൾഡ്: ഡയറക്ടറാക്കാൻ വ്യാജരേഖയുണ്ടാക്കിയെന്ന പരാതിയിൽ വീണ്ടും കേസ്; അഡ്വ. സി ശുകൂറടക്കം 5 പേർ പ്രതികൾ
2023 ജൂലൈയിൽ സമാനമായ ഒരു കേസ് ഇതിനു മുൻപ് രജിസ്റ്റർ ചെയ്തിരുന്നു.
തൃക്കരിപ്പൂർ: (KasargodVartha) ഖമർ ഫാഷൻ ഗോൾഡ് സ്ഥാപനത്തിൽ ഡയറക്ടറാക്കാൻ വ്യാജരേഖയുണ്ടാക്കിയെന്ന പരാതിയിൽ അഭിഭാഷകൻ സി ശുകൂറടക്കം അഞ്ചുപേർക്കെതിരേ കേസെടുത്തു. കളനാട് ഹബീബ് റഹ്‌മാൻ മൻസിലിൽ അബ്ദുൽ അസീസിൻ്റെ ഹർജിയിൽ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതി നിർദേശപ്രകാരമാണ് ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഫാഷൻ ഗോൾഡ് ചെയർമാനും മുൻ മഞ്ചേശ്വരം എംഎൽഎയുമായ എം സി ഖമറുദ്ദീൻ, ഫാഷൻ ഗോൾഡ് ജ്വലറി മാനജിങ് ഡയറക്ടറായ ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ടി കെ പൂക്കോയ തങ്ങൾ, മകൻ ഹിശാം, കംപനി സെക്രടറി കണ്ണൂർ സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ സന്ദീപ് സതീഷ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.
2013 ജൂലൈ മാസം മുതലുള്ള വിവിധ കാലയളവുകളിൽ ഒന്ന് മുതൽ അഞ്ച് വരെയുള്ള പ്രതികൾ ഗൂഢാലോചന നടത്തി അബ്‌ദുൽ അസീസ് ഗൾഫിലുള്ള സമയത്ത്, അറിവോ സമ്മതമോ ഇല്ലാതെ വ്യാജരേഖ ചമച്ച് ഖമർ ഫാഷൻ ഗോൾഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടറാക്കിയെന്നാണ് കേസ്. രജിസ്‌ട്രാർ ഓഫ് കംപനി ആക്ട് പ്രകാരം ഡയറക്ടർ ഐഡന്റിഫികേഷൻ നമ്പറിനായി തയ്യാറാക്കിയ സത്യവാങ്‌മൂലത്തിലെ ഫോറം 32ലെ ഒപ്പ് തന്റേതല്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
രേഖകളിൽ മൂന്ന് വർഷത്തിന് ശേഷം അസീസിനെ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയിട്ടുമുണ്ട്. ഫാഷൻ ഗോൾഡ് കേസിൽ 19-ാം പ്രതിയാണ് അസീസ്. സ്ഥാപനത്തിൻ്റെ ഡയറക്ടർ എന്ന നിലയിലാണ് അസീസിനെതിരേ കേസെടുത്തത്. ക്രൈം ബ്രാഞ്ച് സംഘം അന്വേഷിച്ചെത്തിയപ്പോഴാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയുന്നതെന്നും അസീസ് വ്യക്തമാക്കി. വ്യാജ സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തിയെന്നതാണ് അന്നത്തെ നോടറിയായിരുന്ന അഡ്വ. സി ശുകൂറിനെതിരെയുള്ള കുറ്റം.
നേരത്തെ സമാന പരാതിയിൽ, 2023 ജൂലൈയിൽ കളനാട് കട്ടക്കാലിലെ ന്യൂ വൈറ്റ് ഹൗസിൽ എസ് കെ മുഹമ്മദ് കുഞ്ഞിയുടെ ഹർജിയുടെ അടിസ്ഥാനത്തിൽ ഹൊസ്‌ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) യുടെ നിർദേശ പ്രകാരം മേൽപറമ്പ് പൊലീസ് എം സി ഖമറുദ്ദീൻ ഒഴികെ മറ്റു നാലുപേർക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.