Court Verdict | 2008ൽ നടന്ന കാസർകോട്ടെ വർഗീയ സംഘർഷ കേസിൽ തുടർച്ചയായി പ്രതികളെ വെറുതെ വിട്ടതിന് പിന്നാലെ ആദ്യ ശിക്ഷാവിധി പുറത്ത് വന്നു; സി എ മുഹമ്മദ് വധക്കേസ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
കേസിലെ പ്രതികളായ സന്തു, കിഷോര്‍, അജിത്ത്, ശിവപ്രസാദ് എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്
കാസര്‍കോട്: (KasargodVartha) 2008ൽ നടന്ന കാസർകോട്ടെ വർഗീയ സംഘർഷ കേസിൽ തുടർച്ചയായി പ്രതികളെ വെറുതെ വിട്ടതിന് പിന്നാലെ ആദ്യ ശിക്ഷാവധി പുറത്ത് വന്നു. കാസര്‍കോട് അട്കത്ബയല്‍ ബിലാല്‍ മസ്ജിദിനു സമീപത്തെ സി എ മുഹമ്മദ് ഹാജിയെ (56) വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികള്‍ക്കുള്ള ശിക്ഷ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജ് (രണ്ട്) കെ പ്രിയ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം വിധിക്കും.
കേസിലെ പ്രതികളായ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സന്തോഷ് നായിക് എന്ന ബജെ സന്തോഷ് (36), കെ ശിവപ്രസാദ് എന്ന ശിവൻ (40), കെ അജിത് കുമാർ എന്ന അജ്ജു (35), കെ ജി കിഷോർ കുമാർ എന്ന കിഷോർ (39) എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. 2008 ഏപ്രില്‍ 18ന് ആണ് മുഹമ്മദ് ഹാജി കുത്തേറ്റ് മരിച്ചത്. ഇപ്പോഴത്തെ കാസര്‍കോട് അഡീഷണല്‍ എസ് പി പി ബാലകൃഷ്ണന്‍ നായര്‍ ആണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. സന്ദീപ്, മുഹമ്മദ് സിനാന്‍, അഡ്വ. സുഹാസ്, മുഹമ്മദ് ഹാജി, റിശാദ്, റഫീഖ്, ഉപേന്ദ്രന്‍, അസ്ഹര്‍, സാബിത്, സൈനുല്‍ ആബിദ്, റിയാസ് മൗലവി എന്നിവരാണ് 2008 മുതല്‍ ചുരുങ്ങിയ കാലങ്ങളിൽ കാസര്‍കോട്ട് സാമുദായിക പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടത്.
2008ന് ശേഷം വർഗീയ സംഘർഷങ്ങളിൽ 11 കൊലപാതകങ്ങളാണ് കാസർകോട്ട് അരങ്ങേറിയത്. ഇതിൽ ഒമ്പത് കേസുകളിലും പ്രതികളെ വെറുതെ വിട്ടു. 2008 ഏപ്രില്‍ 14നാണ് സന്ദീപ് കൊല്ലപ്പെട്ടത്. തുടർച്ചയായ മൂന്നു കൊലപാതകങ്ങൾ ഇതിനെ തുടർന്ന് നടന്നു. സന്ദീപ് കൊലക്കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി നേരത്തെ വെറുതെ വിട്ടിരുന്നു. പിന്നാലെ 2008 ഏപ്രില്‍ 16ന് നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ മുഹമ്മദ് സിനാന്‍ ആനബാഗിലു ദേശീയപാതയിലെ അടിപ്പാതയ്ക്ക് സമീപം കുത്തേറ്റു മരിച്ചു. ഈ കേസിലെ പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു.
അതിന് ശേഷം കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനായ പി സുഹാസ് കുത്തേറ്റ് മരിച്ചത്. ഈ കേസ് തലശേരി സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്. 1992 ഡിസംബർ ആറിന് ബാബരി മസ്ജിദ് തകർത്തതിന് ശേഷമാണ് കാസർകോട്ട് സംഘടിതമായ വർഗീയ സംഘർഷം അരങ്ങേറിയിരുന്നത്. അന്ന് നടന്ന ഒരു കൊലപാതകക്കേസിലും ഒരു പ്രതികളും ശിക്ഷിക്കപ്പെട്ടിരുന്നില്ല. അതിന് ശേഷം കൊറിയയർ സർവീസ് ഉടമ ബാലകൃഷ്ണനെ കൊലപ്പെടുത്തിയ കേസും ഏറെ വിവാദമായിരുന്നു.
2008ലെ കൊലപാതക പരമ്പരയിലെ അവസാനത്തെ കേസായിരുന്നു സി എ മുഹമ്മദിന്റേത്. ഈ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടറായി അഡ്വ. സി കെ ശ്രീധരനും, അഡ്വ. കെ പി പ്രദീപ് കുമാറും ഹാജരായി. പ്രതികളെ എല്ലാവരെയും റിമാൻഡ് ചെയ്‌തു.