Firing | ചീമേനിയിൽ വീടിന് നേരെ വെടിവെപ്പ്; പൊലീസ് അന്വേഷണം തുടങ്ങി; വെടിയുണ്ട കണ്ടെടുത്തു
നായാട്ടുസംഘം മൃഗങ്ങളെ വെടിവെച്ചപ്പോൾ അബദ്ധത്തിൽ വീടിന് നേർക്ക് വെടി കൊണ്ടതായാണ് സംശയിക്കുന്നത്
ചീമേനി: (KasaragodVartha) വീടിന് നേരെയുണ്ടായ വെടിവെപ്പിൽ ഞെട്ടിത്തരിച്ചിക്കുകയാണ് ചീമേനി തുറവിലെ കെ വി വത്സലയും കുടുംബവും. ഞായറാഴ്ച പുലർച്ചെ 12.30 മണിയോടെയാണ് വീട്ടുകാർ ഉറങ്ങികിടക്കുബോൾ വീടിന് നേരെ വെടിയുതിർത്തത്. ശബ്‌ദം കേട്ട് ഞെട്ടിയുണർന്ന വീട്ടുകാർ നോക്കിയപ്പോൾ വീടിന്റെ ജനൽ ചില്ല് തകർന്നതായി കണ്ടെത്തി.
പിന്നീട് നടത്തിയ അന്വേഷണത്തിൽ കിടപ്പുമുറിയിൽ നിന്നും വെടിയുണ്ട കണ്ടെത്തി. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ചീമേനി പൊലീസ് സ്ഥലത്തെത്തി. വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നായാട്ടുസംഘം മൃഗങ്ങളെ വെടിവെച്ചപ്പോൾ അബദ്ധത്തിൽ വീടിന് നേർക്ക് വെടി കൊണ്ടതായാണ് സംശയിക്കുന്നത്.
ചീമേനി തുറന്ന ജയിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് തുറവ്. പന്നി ഉൾപെടെയുള്ള മൃഗങ്ങളെ സ്ഥിരമായി നായാട്ടുസംഘം വെടിവെച്ചു പിടികൂടാറുണ്ടായിരുന്നു. ഇത്തരത്തിൽ മൃഗങ്ങൾക്ക് നേരെ വെടിവെച്ചപ്പോൾ ജനൽ ഗ്ലാസ് തകർത്ത് വെടിയുണ്ട കിടപ്പുമുറിയിൽ പതിക്കുകയായിരുന്നുവെന്നാണ് നിഗമനം.
തുറന്ന ജയിൽ വന്നതോടെ നായാട്ടിന് കുറച്ച് ശമനം ഉണ്ടായിരുന്നുവെങ്കിലും പൊലീസിന്റെ കണ്ണുവെട്ടിച്ച് നായാട്ട് നടക്കുന്നുവെന്നാണ് പറയുന്നത്. സമീപ പ്രദേശങ്ങളിൽ നിന്നും സ്ഥിരമായി വെടിയൊച്ച കേൾക്കാറുണ്ടെന്നും ആദ്യമായാണ് വെടിയുണ്ട വീടിന് നേരെ പതിക്കുന്നതെന്നും കെ വി വത്സല പറഞ്ഞു. വീടിന് നേരെ അക്രമം നടത്തിയതിന്റെ പേരിലാണ് ഇപ്പോൾ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഫോറൻസിക് പരിശോധനയിലൂടെ, വെടിവെപ്പ് ആണ് നടന്നതെന്ന് കണ്ടെത്തുന്ന പക്ഷം ആയുധ നിയമപ്രകാരമുള്ള വകുപ്പുകൾ കൂടി ഉൾപെടുത്താനാണ് പൊലീസ് തീരുമാനിച്ചിട്ടുള്ളത്. ഇപ്പോൾ വീടാക്രമണം എന്ന നിലയിലാണ് പൊലീസിന്റെ കേസുള്ളത്. നായാട്ടുസംഘങ്ങളെ നിലയ്ക്ക് നിർത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.