ഭൂമി തർക്കത്തെ തുടർന്ന് പെട്രോൾ കന്നാസുമായി ടവറിന് മുകളിൽ കയറി 74-കാരൻ്റെ ഭീഷണി; താഴെയിറക്കി അഗ്നിരക്ഷാസേന
● മൗവ്വാർ നെല്ലിയടുക്കം സ്വദേശിയായ പി കെ മോഹൻദാസ് ആണ് പ്രതിഷേധിച്ചത്
● സ്വന്തം ഭൂമിയുടെ അതിരുകൾ നിർണയിച്ച് നൽകണമെന്നാണ് ഇദ്ദേഹത്തിൻ്റെ പ്രധാന ആവശ്യം
● കാസർകോട് കലക്ടറേറ്റിലടക്കം ഇത് അഞ്ചാം തവണയാണ് ഇയാൾ ടവറിൽ കയറുന്നത്
● കഴിഞ്ഞ 22 വർഷത്തിനിടെ ഇതേ വിഷയത്തിൽ ഇയാൾ നിരവധി തവണ സത്യഗ്രഹം നടത്തിയിട്ടുണ്ട്
ബദിയടുക്ക: (KasargodVartha) പെട്രോൾ നിറച്ച കന്നാസും തീപ്പെട്ടിയുമായി മൊബൈൽ ടവറിൽ കയറി 74-കാരൻ്റെ ഭീഷണി. ബദിയടുക്ക മൗവ്വാർ നെല്ലിയടുക്കം അഭയത്തിൽ പി കെ മോഹൻദാസ് ആണ് ജീവനൊടുക്കുമെന്ന ഭീഷണി മുഴക്കിയത്.
2026 സെപ്റ്റംബർ 22 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ ബദിയടുക്ക ടൗണിലെ മൊബൈൽ ടവറിലായിരുന്നു സംഭവം. തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് മോഹൻദാസിനെ താഴെയിറക്കിയത്.
ഭൂമി തർക്കം; ടവറിന് മുകളിൽ ഇത് അഞ്ചാം തവണ
മുൻപ് ബദിയടുക്കയിൽ സ്റ്റുഡിയോ നടത്തിയിരുന്ന വ്യക്തിയാണ് മോഹൻദാസ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിൽ താൻ ചതിക്കപ്പെട്ടെന്നും തൻ്റെ ഭൂമിയുടെ അതിരുകൾ നിർണയിച്ച് നൽകണമെന്നുമുള്ള ആവശ്യങ്ങളാണ് ടവറിൽ കയറി ഇദ്ദേഹം ഉന്നയിക്കുന്നത്.
ഭൂമിയുടെ അതിർത്തി നിർണയവുമായി ബന്ധപ്പെട്ട പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ഉന്നയിച്ചാണ് പ്രതിഷേധം. വിവിധ ആവശ്യങ്ങളുന്നയിച്ച് കഴിഞ്ഞ 22 വർഷത്തിനിടെ നിരവധി തവണ സത്യഗ്രഹം നടത്തിയിട്ടും യാതൊരു ഫലവുമുണ്ടായില്ലെന്നാണ് മോഹൻദാസ് നേരത്തെ നൽകിയ നോട്ടീസിൽ വ്യക്തമാക്കിയിരുന്നത്. കലക്ടറേറ്റിലേതടക്കം അഞ്ചാം തവണയാണ് മോഹൻദാസ് മൊബൈൽ ടവറിൽ കയറി ഇത്തരത്തിൽ ഭീഷണി മുഴക്കുന്നത്.
മുൻപ് ചായയുമായി ബി ടി ഖലീൽ
ഇതിനു മുമ്പും പലതവണ സമാനമായ രീതിയിൽ ഇദ്ദേഹം പ്രതിഷേധം നടത്തിയിട്ടുണ്ട്. 2018 നവംബർ ഒന്നിന് കാസർകോട് കലക്ടറേറ്റിലെ മൊബൈൽ ടവറിൽ കയറിയതാണ് ഇതിലെ ആദ്യ സംഭവം. അന്ന് മൂന്ന് സ്ഥലങ്ങളുടെ സ്കെച്ചും റിപ്പോർട്ടും സമർപ്പിക്കാൻ കലക്ടർ സർവേയർക്ക് നിർദേശം നൽകിയിരുന്നെങ്കിലും തെറ്റായ വിവരങ്ങൾ നൽകിയതിനാൽ നടപടികൾ മുന്നോട്ടുപോയില്ലെന്നാണ് മോഹൻദാസിൻ്റെ വാദം.
തുടർന്ന് 2020 നവംബർ 30-ന് ബദിയടുക്ക ബസ് സ്റ്റാൻഡ് പരിസരത്തെ ഭൂമിയിലെ മൊബൈൽ ടവറിൽ കയറിയും ഭീഷണി മുഴക്കിയിരുന്നു. കലക്ടർ ആർഡിഒയ്ക്ക് അന്ന് നിർദേശം നൽകിയിട്ടും പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെന്നാണ് മോഹൻദാസ് പറയുന്നത്.
മുൻപ് ഒരു തവണ മോഹൻദാസ് ആവശ്യപ്പെട്ടതനുസരിച്ച് ബദിയടുക്കയിലെ ബി ടി ഖലീൽ ചായയുമായി ടവറിന് മുകളിലേക്ക് കയറിയാണ് ഇദ്ദേഹത്തെ അനുനയിപ്പിച്ച് താഴെയിറക്കിയത്. ഇപ്പോഴത്തെ പ്രതിഷേധത്തിനും ഇതേ ഭൂമി തർക്കമാണ് കാരണം. ചൊവ്വാഴ്ച രാവിലെ ടവറിൽ കയറിയ മോഹൻദാസിനെ അനുനയിപ്പിക്കാൻ പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ആദ്യഘട്ടത്തിൽ ശ്രമിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട അനുനയശ്രമങ്ങൾക്കൊടുവിലാണ് അഗ്നിരക്ഷാസേനയുടെ ഇടപെടലിലൂടെ മോഹൻദാസിനെ താഴെയിറക്കിയത്.
(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ സഹായത്തിനായി ദിശ ഹെൽപ്പ് ലൈൻ നമ്പറായ 1056, 14416 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക).
കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റില്‍ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Fire force rescues 74-year-old who threatened suicide atop Badiyadka tower.
#KasargodVartha #BadiyadkaNews #KasaragodNews #SuicideAttempt #FireForceKerala #MalayalamNews #RenuNews








