FIR filed | കേന്ദ്രമന്ത്രി ശോഭ കാറന്ത്ലാജെയുടെ കാർ ഇടിച്ച് ബിജെപി പ്രവർത്തകൻ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്
* ബിജെപി പ്രവർത്തകന്റെ മകളാണ് പരാതി നൽകിയത്
ബെംഗ്ളുറു: (KasaragodVartha) കേന്ദ്ര കൃഷി സഹമന്ത്രിയും ബെംഗ്ളുറു നോർത്ത് മണ്ഡലം സ്ഥാനാർഥിയുമായ ശോഭ കാറന്ത്ലാജെ സഞ്ചരിച്ച കാറിന്റെ ഡോറിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ ബിജെപി പ്രവർത്തകൻ മരിച്ച സംഭവത്തിൽ രണ്ട് ഡ്രൈവർമാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ടി.സി പള്ള്യ സ്വദേശി കെ പ്രകാശാണ് (55) മരിച്ചത്. തിങ്കളാഴ്ച ബംഗളൂരു നോർത്ത് മണ്ഡലത്തിൽ കെ.ആർ.പുരം മേഖലയിലെ വിനായക ക്ഷേത്രം പരിസരത്താണ് അപകടം സംഭവിച്ചത്.
മന്ത്രി സഞ്ചരിച്ച കാറിന്റെ തുറന്ന വാതിലിൽ തട്ടി പിന്നാലെ വന്ന ബൈക്ക് മറിയുകയും ബൈക്ക് യാത്രികൻ അതുവഴി വന്ന ബസിനടിയിൽ പെട്ട് മരിക്കുകയുമായിരുന്നു. മരിച്ച ബിജെപി പ്രവർത്തകൻ പ്രകാശിൻ്റെ മകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അമിതവേഗതയ്ക്കും അശ്രദ്ധമായും വാഹനമോടിച്ചതിന് കെആർ പുരം ട്രാഫിക് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.