Arrest | ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ എം സി ഖമറുദ്ദീൻ വീണ്ടും അറസ്റ്റിൽ; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു

● 2 സ്ത്രീകൾ നൽകിയ പരാതിയിലാണ് അറസ്റ്റ്.
● 15 ലക്ഷം, 22 ലക്ഷം രൂപ വീതം നിക്ഷേപമായി വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്.
● നേരത്തെ നൂറിലേറെ കേസുകളിൽ ഖമറുദ്ദീൻ 2020 നവംബറിൽ അറസ്റ്റിലായിരുന്നു.
കാഞ്ഞങ്ങാട്: (KasargodVartha) ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ മുസ്ലിം ലീഗ് നേതാവും മുൻ എംഎൽഎയുമായ എം സി ഖമറുദ്ദീനെ വീണ്ടും അറസ്റ്റ് ചെയ്തു. ചിത്താരി സ്വദേശിനികളായ സാബിറ, അഫ്‌സാന എന്നിവർ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇരുവരിൽ നിന്നും 15 ലക്ഷം, 22 ലക്ഷം രൂപ വീതം നിക്ഷേപമായി വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയിൽ ഹാജരാക്കിയ ശേഷം ഖമറുദ്ദീനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
നേരത്തെ നൂറിലേറെ കേസുകളിൽ ഖമറുദ്ദീൻ 2020 നവംബർ ഏഴിന് അറസ്റ്റിലായിരുന്നു. 96 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യത്തിലിറങ്ങുകയായിരുന്നു അദ്ദേഹം. നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട 200 ഓളം കേസുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരികയാണ്. മറ്റൊരു പ്രതി ടി കെ പൂക്കോയ തങ്ങളുടെ സ്വത്ത് കണ്ടുകെട്ടാൻ നേരത്തെ നടപടി സ്വീകരിച്ചിട്ടുണ്ട്.
ഫാഷൻ ഗോൾഡിന്റെ കീഴിലുള്ള നാല് ജ്വലറികളുടെ പേരിൽ 700 ലധികം പേരിൽനിന്ന് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചുവെന്നാണ് കേസ്. ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് 150 കോടി രൂപയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 15 കേസിൽ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
മറ്റ് പരാതികളിൽ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.
Muslim League leader and former MLA MC Kamaruddin has been re-arrested in the Fashion Gold investment fraud case. He is accused of cheating two women of Rs 37 lakh. He was earlier arrested in 2020 in connection with the scam and spent 96 days in jail. The Crime Branch is investigating around 200 cases related to the fraud.
#FashionGoldFraud #MCKamaruddin #KeralaNews #InvestmentScam #CrimeBranch