Scam | വ്യാജ പോസ്റ്റിന് പിന്നാലെ കാസർകോട് കലക്ടറുടെ പേരിൽ വ്യാജ വാട്സ് ആപ് അകൗണ്ടും; സൈബർ പൊലീസ് നടപടി തുടങ്ങി; കേസടുക്കാൻ കോടതിയുടെ അനുമതി തേടി
ശ്രീലങ്കയിൽ നിന്നുള്ള ഒരു നമ്പറിലാണ് വ്യാജ വാട്സ്ആപ് അകൗണ്ട് തുടങ്ങിയിരിക്കുന്നത്. കലക്ടർ കെ ഇമ്പശേഖറിന്റെ ഫോടോ പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചിട്ടുണ്ട്.
കാസർകോട്: (KasargodVartha) ജില്ലാ കലക്ടറുടെ പേരിൽ വ്യാജ വാട്സ് ആപ് അകൗണ്ട് തുടങ്ങിയ സംഭവത്തിൽ സൈബർ പൊലീസ് നടപടി തുടങ്ങി. കലക്ടർ കെ ഇമ്പശേഖറാണ് നടപടി സ്വീകരിക്കാൻ സൈബർ പൊലീസിന് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം നടത്താൻ കാസർകോട് കോടതിയുടെ അനുമതി തേടിയതായി സൈബർ സിഐ അനൂപ് കാസർകോട് വാർത്തയോട് പറഞ്ഞു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണെന്ന് കുറിച്ച് കലക്ടറുടെ ഫേസ്‌ബുക് പേജിലെ പോസ്റ്റാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഒരു സ്‌ക്രീൻ ഷോർട് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അന്ന് തന്നെ ഇത് വ്യാജമെന്ന് കലക്ടർ ഫേസ്ബുക് പേജിലൂടെയും മറ്റും അറിയിച്ചിരുന്നു. കലക്‌ടറുടെ പേരിൽ ഫേസ്‌ബുകിൽ വ്യാജ പേജ് തുടങ്ങിയായിരുന്നു പ്രചാരണം. പരാതിക്ക് പിന്നാലെ ഈ പേജ് ഡിലീറ്റ് ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ കലക്ടറുടെ പേരിൽ ശ്രീലങ്കയിൽ നിന്നുള്ള ഒരു നമ്പറിൽ വ്യാജ വാട്സ്ആപ് അകൗണ്ട് തുടങ്ങിയിരിക്കുന്നത്. കലക്ടർ കെ ഇമ്പശേഖറിന്റെ ഫോടോ പ്രൊഫൈൽ ചിത്രമായി ഉപയോഗിച്ചിട്ടുണ്ട്. ഈ അകൗണ്ട് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. രണ്ട് സംഭവത്തിലും അന്വേഷണം നടത്തി നടപടി സ്വീകരിക്കാനാണ് ഇപ്പോൾ കലക്ടർ സൈബർ സെലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.