Counterfeit Currency | ഗാന്ധിജിയുടെ ചിത്രത്തിനു പകരം പ്രമുഖ നടന്റെ ചിത്രവും അക്ഷരത്തെറ്റുകളുമായി 1.60 കോടി രൂപയുടെ വ്യാജ നോട്ടുകൾ പിടികൂടി
● നോട്ടുകളിൽ 'റിസോൾ ബാങ്ക്' എന്ന തെറ്റായ പദം ഉപയോഗിച്ചു.
● ഈ വ്യാജ നോട്ടുകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.
അഹമ്മദാബാദ്: (KasargodVartha) രാജ്യത്ത് വ്യാജ നോട്ടുകൾ പ്രചരിക്കുന്നത് പുതിയ സംഭവമല്ല. എന്നാൽ, 500 രൂപയുടെ നോട്ടിൽ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു പകരം പ്രമുഖ ബോളിവുഡ് നടൻ അനുപം ഖേറിന്റെ ചിത്രം ഉപയോഗിച്ച വ്യാജ നോട്ടുകൾ പിടികൂടിയത് പുതിയൊരു വഴിത്തിരിവായി. അഹമ്മദാബാദ് പൊലീസ് പിടികൂടിയ ഈ നോട്ടുകൾ 1.60 കോടി രൂപയുടെ മൂല്യമുള്ളതാണെന്ന് ഗുജറാത്തി മാധ്യമമായ ടിവി9 റിപ്പോർട്ട് ചെയ്തു.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, നോട്ടുകളിൽ 'റിസർവ് ബാങ്ക് ഒഫ് ഇന്ത്യ' എന്നതിന് പകരം 'റിസോള്‍ ബാങ്ക് ഒഫ് ഇന്ത്യ' എന്ന തെറ്റായ പദമാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് കണ്ടെത്തി. ഈ വ്യാജ നോട്ടുകളുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. പലരും ഇത് കണ്ട് ഞെട്ടിയപ്പോൾ, മറ്റു ചിലർ ഇതിനെ തമാശയായി കണ്ടു. വ്യാജ നോട്ടുകള്‍ അച്ചടിച്ചവരെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.
പൊലീസ് പറയുന്നതനുസരിച്ച്, ദിവസങ്ങൾക്ക് മുമ്പ് സൂറത്തിൽ നടന്ന സമാനമായ ഒരു സംഭവത്തിൽ, ഓൺലൈൻ വസ്ത്ര വിൽപ്പനശാലയിൽ നിന്നും വ്യാജ നോട്ടുകൾ നിർമ്മിക്കുന്ന നാലുപേരെ സൂറത്ത് സ്‌പെഷ്യല്‍ ഓപ്പറേഷൻസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. ഈ സംഘം നടൻ ഷാഹിദ് കപൂർ അഭിനയിച്ച 'ഫാർസി' എന്ന ചിത്രത്തിൽ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് വ്യാജ നോട്ടുകള്‍ നിർമിച്ചതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രാജ്ദീപ് നകം പറഞ്ഞു. വ്യാജ നോട്ടുകള്‍ ഉപയോഗിച്ച് സമ്ബന്നനാകുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ഓണ്‍ലൈനായി വസ്‌ത്രവ്യാപാരം നടത്താനെന്ന വ്യാജേന ഒരു കെട്ടിടം വാടകയ്‌ക്കെടുത്ത ശേഷമാണ് പ്രതികൾ നോട്ടുകള്‍ അച്ചടിക്കാൻ തുടങ്ങിയത്. ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് അന്വേഷണ സംഘം സ്ഥലത്തെത്തി പ്രതികളെ പിടികൂടിയത്.
#CounterfeitCurrency #Ahmedabad #PoliceAction #AnupamKher #Investigation #CrimeNews