Arrest | 'ക്ലബിൽ നടന്ന കാംപിൽ ചികിത്സയ്ക്ക് വ്യാജ ഡോക്ടർ'! അറസ്റ്റ്
● ഉപ്പളയിലെ ക്ലബിൽ അക്യുപങ്ചർ ചികിത്സ കാംപ് സംഘടിപ്പിച്ചു.
● യാതൊരു യോഗ്യതയും ഇല്ലാതെ ചികിത്സ നടത്തിയെന്നാണ് പരാതി
● കാസർകോട് ജില്ലാ മെഡിക്കൽ ഓഫീസറുടെ പരാതിയിലാണ് കേസെടുത്തത്
ഉപ്പള: (KasargodVartha) ക്ലബിൽ നടന്ന മെഡികൽ കാംപിൽ വ്യാജ ഡോക്ടർ ചികിത്സ നടത്തിയെന്ന പരാതിയിൽ 'ഡോക്ടറെ' പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സി എം ജമാലുദ്ദീനെ (56) യാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഉപ്പള പച്ചിലംപാറയിലെ ഒരു ക്ലബിൽ വ്യാജ ചികിത്സ നടത്തുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധനയ്ക്ക് എത്തിയിരുന്നു.
യാതൊരു യോഗ്യതയും ഇല്ലാതെയാണ് ഇയാൾ വ്യാജ ചികിത്സ നടത്തിവന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് കാസർകോട് ജില്ലാ മെഡികൽ ഓഫീസർ കെ സന്തോഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബിഎൻഎസ് 314 / (4) വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. ചികിത്സ നടത്തുന്നതിന് ആയുഷ് വകുപ്പ് നിർദേശിക്കുന്ന രീതിയിലുള്ള യാതൊരു യോഗ്യതയും ഇയാൾക്ക് ഉണ്ടായിരുന്നില്ലെന്ന് ജില്ലാ മെഡികൽ ഓഫീസർ കാസർകോട് വാർത്തയോട് പറഞ്ഞു.
അക്യുപങ്ചർ ചികിത്സ കാംപാണ് ക്ലബിൽ ഇയാൾ സംഘടിപ്പിച്ചത്. നേരത്തെ സ്ത്രീകൾ ഉൾപെടെ നിരവധി പേർ ഇയാളുടെ കീഴിൽ ചികിത്സ നടത്തിവന്നിരുന്നതായി വിവരമുണ്ട്. കോഴിക്കോട് കടലുണ്ടി കോട്ടക്കടവിൽ വ്യാജ ഡോക്ടറുടെ ചികിത്സയ്ക്കിടെ രോഗി മരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് നടപടി ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായുള്ള അന്വേഷണം നടത്തിവരുന്നതിനിടയിലാണ് ഉപ്പളയിൽ അറസ്റ്റുണ്ടായിരിക്കുന്നത്.
അതേസമയം, വ്യാജ ഡോക്ടര്‍ അല്ലെന്നും പാരമ്പര്യ വൈദ്യനാണെന്നും പുറമേ പുരട്ടാനുള്ള സര്‍കാറിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഐഎസ്ഒ സര്‍ടിഫികറ്റോട് കൂടി വേദനക്ക് നല്‍കുന്ന തൈലം മാത്രമാണ് നല്‍കുന്നതെന്നും അകത്ത് കഴിക്കാനുള്ള മരുന്ന് നല്‍കുന്നില്ലെന്നും ജമാലുദ്ദീന്‍ പറയുന്നു. കോടതില്‍ ഹാജരാക്കിയതിന് പിന്നാലെ ജാമ്യം അനുവദിക്കുകയും ചെയ്തു.
#fakedoctor #medicalscam #healthfraud #Kerala #arrest #Ayurveda #quackery #medicalcamp #investigation