അനന്തപുരത്ത് പടക്ക നിർമാണശാലയിൽ സ്ഫോടനം: രണ്ട് പേർക്ക് പരിക്ക്; യൂണിറ്റ് പൂർണമായും തകർന്നു
● ശിവകാശി സ്വദേശികളായ ശങ്കർ, കറുപ്പുസാമി എന്നിവർക്ക് പരിക്കേറ്റു.
● സ്ഫോടനത്തിൽ മിക്സിങ് യൂണിറ്റ് ഷെഡ് പൂർണ്ണമായും തകർന്നു.
● പുറത്ത് കൂട്ടിയിട്ട മാലിന്യത്തിൽ നിന്ന് തീ പടർന്നതാണ് സ്ഫോടനത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
● സ്ഥാപനത്തിൽ ഫയർ എക്സ്‌റ്റിംഗുഷറുകൾ ഉണ്ടായിരുന്നില്ല.
● അഗ്നിരക്ഷാ വകുപ്പിന്റെ എൻ.ഒ.സി ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി.
കാസർകോട്: (Kasargodvartha) അനന്തപുരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ റെഡ് ഫോർട്ട് പടക്ക നിർമാണശാലയിൽ തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ വൻ സ്ഫോടനമുണ്ടായി. അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. പടക്ക നിർമാണ ശാലയിലെ മിക്സിങ് യൂണിറ്റ് ഷെഡ് സ്ഫോടനത്തിൽ പൂർണമായും തകർന്നു.
ജോലിയിലേർപ്പെട്ടിരുന്ന ശിവകാശി സ്വദേശികളായ ശങ്കർ, കറുപ്പുസാമി എന്നിവർക്കാണ് പരിക്കേറ്റത്. സ്ഫോടനമുണ്ടായ ഉടൻ ഇവർ പുറത്തേക്ക് ചാടിയതിനാൽ പരിക്ക് ഗുരുതരമല്ല. മിക്സിങ് യൂണിറ്റ്, അസംസ്‌കൃത വസ്തുക്കളുടെ സംഭരണ കേന്ദ്രം, ഫിനിഷിങ് ഷെഡ് തുടങ്ങി ഇരുപത്തിയഞ്ചോളം ഷെഡുകളാണ് ഈ നിർമാണശാലയിലുള്ളത്.

പുറത്ത് കൂട്ടിയിട്ട മാലിന്യത്തിൽ നിന്നും തീ പടർന്നതാണ് സ്ഫോടനത്തിന് കാരണമായതെന്ന് കരുതുന്നു. അപകടം നടന്ന ഒരു ഷെഡിലും പ്രാഥമിക അഗ്നിരക്ഷാ ഉപകരണമായ ഫയർ എക്സ്‌റ്റിംഗുഷറുകൾ ഉണ്ടായിരുന്നില്ല. കൂടാതെ, അഗ്നിരക്ഷാ വകുപ്പിന്റെ എൻഒസി ഇല്ലാതെയാണ് ഈ പടക്ക നിർമാണശാല പ്രവർത്തിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. എത്രത്തോളം വെടിമരുന്ന് ഇവിടെ സൂക്ഷിച്ചിരുന്നു എന്നതിന്റെ കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ല.

ജില്ലാ ഫയർ ഓഫീസർ മൂസ വടക്കേതിലിന്റെ നേതൃത്വത്തിൽ കാസർഗോഡ്, ഉപ്പള നിലയങ്ങളിൽ നിന്നെത്തിയ നാല് യൂണിറ്റ് അഗ്നിരക്ഷാസേനയാണ് തീ അണച്ചത്. അനന്തപുരം സ്വദേശി പി മുഹമ്മദ് കുഞ്ഞിയാണ് സ്ഥാപനത്തിന്റെ ഉടമ. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എം റഫീഖ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടി അമൽരാജ്, എസ് അഭിലാഷ്, വി കെ ഷൈജു, രാജേഷ് പാവൂർ, ടി എസ് ശരൺ, എസ് മുഹമ്മദ് ഷാഫി, ടി എസ് മുരളീധരൻ, കെ വി അഭിജിത്, വി മഹേഷ്, ബി ആർ അതുൽ, വി എസ് ശ്രീജിത്ത്, ഹോം ഗാർഡ്മാരായ സുഭാഷ്, പ്രദീപ്, രതീഷ് എന്നിവരും തീയണയ്ക്കാനുള്ള സംഘത്തിലുണ്ടായിരുന്നു.
കാസർകോട്ടെ പടക്കശാലയിലുണ്ടായ സ്ഫോടനത്തെക്കുറിച്ചുള്ള വാർത്തകൾ സുഹൃത്തുക്കളിലേക്ക് എത്തിക്കൂ.
Article Summary: Two workers were injured in a massive explosion at a firecracker factory in Kasaragod Ananthapuram Industrial Estate.
#KasaragodNews #FireExplosion #IndustrialAccident #SafetyAlert #Ananthapuram #KeralaFireForce






