Crime | 'പൃഥിരാജ് നായകനായ റോബിൻഹുഡ് സിനിമ കണ്ട് ഹരം കയറി എടിഎം കവർച്ചയ്‌ക്ക് ഇറങ്ങിയ യുവാവ് അറസ്റ്റിൽ'
കുമ്പള: (KasargodVartha) പൃഥിരാജ് നായകനായ 'റോബിൻഹുഡ്' സിനിമ കണ്ടു ഹരം കയറി എടിഎം കവർച്ചയ്‌ക്ക് ഇറങ്ങിയെന്ന് പറയുന്ന യുവാവ് അറസ്റ്റിൽ. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊഗ്രാൽ ജംഗ്ഷനിലെ എടിഎം കൊള്ളയ്ക്കിറങ്ങിയ കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ 22 കാരനായ മൂസ ഫഹദി(22)നെയാണ് കുമ്പള പൊലീസ് ഇൻസ്പെക്ടർ കെ പി വിനോദ് കുമാറും സംഘവും പിടികൂടിയത്.
'റോബിൻഹുഡ്' എന്ന സിനിമയിൽ നായകൻ നടത്തുന്ന എടിഎം കവർച്ച അനുകരിക്കാൻ ശ്രമിച്ചുവെന്നാണ് മൂസ ഫഹദ് മൊഴി നൽകിയതായി പൊലീസ് പറയുന്നത്. കുറ്റകൃത്യങ്ങൾ തെളിയിക്കുന്നതിൽ ഗൾഫ് പൊലീസാണോ, കേരള പോലീസാണോ കേമൻമാരെന്ന് പരീക്ഷിക്കുക കൂടി ഈ കവർച്ചാ ശ്രമത്തിനു പിന്നിലുണ്ടെന്ന് പൊലീസിനോട് യുവാവ് പറഞ്ഞുവെത്രെ. കേരള പൊലീസ് തന്നെയാണ് കേമൻമാരെന്ന് പറഞ്ഞ് തന്നെ പിടികൂടിയ ഉദ്യോഗസ്ഥരെ യുവാവ് അഭിനന്ദിക്കുകയും ചെയ്തു.
മൂന്ന് ദിവസം മുമ്പാണ് എടിഎം കവർച്ചാ ശ്രമം നടന്നത്. ജൂലൈ 31-ന് പുലർച്ചെ 3.18 മണിയോടെയായിരുന്നു സംഭവം. അറസ്റ്റിലായ യുവാവിന്റെ വീട്ടിൽ നിന്ന് കവർച്ചാശ്രമത്തിന് ഉപയോഗിച്ച ആയുധങ്ങളും, അന്ന് ധരിച്ച വസ്ത്രങ്ങളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.
നാലുവർഷമായി ഗൾഫ് രാജ്യങ്ങളിൽ ആയിരുന്ന യുവാവ് അടുത്തിടെയാണ് നാട്ടിലെത്തിയത്. സിസിടിവി ക്യാമറയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അറസ്റ്റിലായ യുവാവാണ് എന്ന് വ്യക്തമായ സൂചന ലഭിച്ചതിനാൽ കുമ്പള ഇൻസ്പെക്ടർ കെ പി വിനോദ് കുമാറിന് പുറമെ പൊലീസ് ഉദ്യോഗസ്ഥരായ ഗോകുൽ, വിനോദ് ചന്ദ്രൻ, മനു, മനോജ്, പ്രമോദ്, സുഭാഷ് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.