Scam | മൊബൈല്‍ ഫോണ്‍ പോലും ഉപയോഗിക്കാത്ത കാസര്‍കോട് സ്വദേശിയുടെ ബാങ്ക് അകൗണ്ടില്‍ നിന്നും 10 ലക്ഷം രൂപ ഓണ്‍ലൈന്‍ വഴി തട്ടിയെന്ന് പരാതി; പൊലീസ് അന്വേഷണം തുടങ്ങി
കാസർകോട്: (KasargodVartha) മൊബൈല്‍ ഫോൺ (Mobile Phone) പോലും ഉപയോഗിക്കാത്ത കാസർകോട് സ്വദേശിയുടെ ബാങ്ക് അകൗണ്ടിൽ നിന്നും 10 ലക്ഷം രൂപ ഓണ്‍ലൈന്‍ (Online Fraud) വഴി തട്ടിയെന്ന് പരാതിയിൽ പൊലീസ് അന്വേഷണം (Probe) തുടങ്ങി. തളങ്കര പള്ളിക്കാലിലെ പി എ അഹ് മദ് എന്ന 70 കാരന്റെ പണമാണ് നഷ്ടപ്പെട്ടത്.
കാസർകോട് ഐസിഐസിഐ ബാങ്കില്‍ എന്‍ആര്‍ഐ അകൗണ്ടില്‍ നിക്ഷേപിച്ച പണമാണ് തട്ടിയെടുത്തത്. 9,96,058 രൂപയാണ് നഷ്ടപ്പെട്ടത്. 2023 ഏപ്രില്‍ ഒന്നിനും 2024 ജൂണ്‍ 30 നും ഇടക്ക് പല തവണ കളായാണ് അകൗണ്ട് ഉടമ അറിയാതെ പണം ഓണ്‍ലൈനായി പിന്‍വലിച്ചിരിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്.
ഫോണ്‍ പോലും ഉപയോഗിക്കാത്ത ഇദ്ദേഹത്തിന്റെ പണം ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ വഴി എങ്ങനെ പിന്‍വലിച്ചുവെന്നത് പൊലീസിനെ കുഴക്കുന്നുണ്ട്. പരാതി ലഭിച്ചിട്ടുണ്ടെന്നും വിവരങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ കേസെടുക്കുകയുള്ളുവെന്നുമാണ് കാസർകോട് ഇന്‍സ്‌പെക്ടർ പ്രതികരിച്ചത്.