Theft Incident | 'ഇ ഡി ഉദ്യോഗസ്ഥർ ചമഞ്ഞ് വീട്ടിൽ പരിശോധന'; സംരംഭകനിൽ നിന്ന് 30 ലക്ഷം രൂപ തട്ടി; മംഗ്ളൂറിൽ ഞെട്ടിക്കുന്ന സംഭവം
● തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
● തമിഴ്‌നാട് രജിസ്‌ട്രേഷൻ നമ്പറിലുള്ള കാറാണ് കവർച്ചക്ക് ഉപയോഗിച്ചത്.
മംഗ്ളുറു: (KasargodVartha) സംരംഭകനിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെന്ന വ്യാജേന ഒരു സംഘം 30 ലക്ഷം രൂപ തട്ടിയതായി പരാതി. ബണ്ട് വാൾ ബൊളന്തൂർ വിട്ടലിലാണ് സംഭവം നടന്നത്. സിംഗാരി ബീഡി കമ്പനിയുടെ ഉടമയായ നാർഷ സ്വദേശി സുലൈമാൻ ഹാജിയുടെ വീട്ടിലാണ് കവർച്ച നടന്നത്. സുലൈമാൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
തമിഴ്‌നാട്ടിൽ നിന്നുള്ളവരാണ് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രി വൈകിയാണ് ഇവർ എർട്ടിഗ കാറിൽ എത്തിയത്. ഇഡി ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയ സംഘം, സുലൈമാനോട് അദ്ദേഹത്തിന്റെ ആസ്തികളുടെയും ബാങ്ക് ഇടപാടുകളുടെയും രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഹിന്ദി, ഇംഗ്ലീഷ്, കന്നഡ ഭാഷകളിൽ സംസാരിച്ച ഏഴംഗ സംഘം രണ്ടര മണിക്കൂറിലധികം വീട്ടിൽ 'പരിശോധന' നടത്തി.
സഹകരിച്ചില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് ശനിയാഴ്ച പുലർച്ചെ ഇവർ 30 ലക്ഷം രൂപയുമായി കടന്നുകളഞ്ഞുവെന്നാണ് പരാതി. തമിഴ്‌നാട് രജിസ്‌ട്രേഷൻ നമ്പറിലുള്ള കാറാണ് കവർച്ചക്ക് ഉപയോഗിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ പൊലീസും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടികൂടാനുള്ള ഊർജിതമായ അന്വേഷണം പുരോഗമിക്കുകയാണ്.
#EDImpersonation, #FraudInMangalore, #Theft, #PoliceInvestigation, #CrimeNews, #Mangalore