E-Cigarette | സ്‌കൂളുകൾക്ക് സമീപത്തെ കടകളിൽ ഇ-സിഗരറ്റ് വ്യാപകം; ശക്തമായ നടപടിയുമായി പൊലീസും എക്സൈസ് വകുപ്പും
700 രൂപയാണ് ഒരു ഇ-സിഗരറ്റിന്റെ വില. യുവാക്കളെ ലക്ഷ്യമിട്ട് 2000 മുതൽ 12000 രൂപ വരുന്ന ഇ സിഗരറ്റുകളും വിവിധ കംപനികൾ വിപണിയിൽ ഇറക്കുന്നുണ്ട്. ചൈനയിൽ നിന്നും ഇത്തരം ഇ-സിഗരറ്റുകൾ രഹസ്യമായി ഇറക്കുമതി ചെയ്യുന്നുണ്ടെന്നും വിവരം പുറത്തുവന്നിട്ടുണ്ട്
കാസർകോട്: (KasargodVartha) സ്‌കൂളുകൾക്ക് സമീപത്തെ കടകളിൽ ഇ-സിഗരറ്റ് വ്യാപകമാകുന്നു. ഇതേതുടർന്ന് ശക്തമായ നടപടിയുമായി പൊലീസും എക്സൈസ് വകുപ്പും രംഗത്തിറങ്ങി. രണ്ടാഴ്ച മുമ്പ് കാസർകോട് ഫോർട് റോഡിലെ ഒരു കടയിൽ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 30 ഇ-സിഗരറ്റുകൾ പിടികൂടിയിരുന്നു.
വിവിധ ഫ്ലേവറുകളിലുള്ള ഇ-സിഗരറ്റ് ആണ് ഇവിടെ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് കടയുടമയായ വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ എ എ ഇബ്രാഹിം (63) എന്നയാളെ പിടികൂടി കാസർകോട് ടൗൺ പൊലീസിന് കൈമാറിയിരുന്നു. വൻതുക പിഴ ഈടാക്കിയ ശേഷം പൊലീസ് ഇയാളെ വിട്ടയക്കുകയായിരുന്നു. പട്ല ഗവ. സ്‌കൂളിലെ വിമുക്തി ക്ലബ് ഇമെയിൽ വഴി എക്സൈസ് അധികൃതർക്ക് നൽകിയ പരാതിയിലായിരുന്നു നടപടി.
കാസർകോട്ടും പരിസര പ്രദേശങ്ങളിലുമുള്ള പല സ്‌കൂളുകളുടെയും സമീപത്തെ കടകളിൽ ഇത്തരം ഇ-സിഗരറ്റുകൾ വിൽപന നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് ഒരു എക്സൈസ് ഇൻസ്‌പെക്ടർ കാസർകോട് വാർത്തയോട് പറഞ്ഞു. രഹസ്യമായാണ് ഇവ കുട്ടികൾക്ക് വിൽപന നടത്തുന്നതെന്നതിനാൽ ഇവ എളുപ്പത്തിൽ പിടികൂടാൻ കഴിയുന്നില്ല. കടകളിൽ നേരിട്ട് ഇവ സൂക്ഷിക്കുന്നില്ല. ആവശ്യക്കാരായ കുട്ടികൾ സമീപിക്കുമ്പോൾ എത്തിക്കുകയാണ് ചെയ്യുന്നത്.
700 രൂപയാണ് ഒരു ഇ-സിഗരറ്റിന്റെ വില. യുവാക്കളെ ലക്ഷ്യമിട്ട് 2000 മുതൽ 12000 രൂപ വരുന്ന ഇ സിഗരറ്റുകളും വിവിധ കംപനികൾ വിപണിയിൽ ഇറക്കുന്നുണ്ട്. ചൈനയിൽ നിന്നും ഇത്തരം ഇ-സിഗരറ്റുകൾ രഹസ്യമായി ഇറക്കുമതി ചെയ്യുന്നുണ്ടെന്നും വിവരം പുറത്തുവന്നിട്ടുണ്ട്. 5000 തവണ വലിക്കുന്ന രീതിയിൽ ഇത് ഉപയോഗിക്കാം എന്ന് ഇതിന്റെ കവറിന് പുറത്ത് എഴുതിയിട്ടുണ്ട്. നികോടിനും മറ്റ് രാസചേരുവകളും മണത്തിനായി മറ്റ് വസ്തുക്കളും ഇതിൽ ഉപയോഗിക്കുന്നുണ്ട്.
ബാറ്ററിയിൽ പ്രവർത്തിക്കുന്നതും ചാർജ് ചെയ്യാൻ കഴിയുന്നതുമായ ഇ-സിഗരറ്റുകൾ പേനയുടെയും മറ്റും ആകൃതിയിലാണ് വരുന്നത്. സ്‌കൂൾ വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ഇ-സിഗരറ്റ് കൊണ്ടുവരുന്നത്. മംഗളുരു, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ഇവ എത്തുന്നതെന്ന് കടയുടമയെ ചോദ്യം ചെയ്തതിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്.
ചെയിൻ സ്മോകർമാരായ യുവാക്കൾക്ക് അത് നിർത്തി പുകവലി ശീലം ഒഴിവാക്കാൻ എന്നുപറഞ്ഞാണ് ഏതാനും വർഷം മുമ്പ് ഇ-സിഗരറ്റുകൾ വിപണിയിലെത്തിയത്. പിന്നീട് ഇവ നികോടിൻ ലായനിയും മറ്റ് രാസപദാർഥങ്ങളും ചേർത്ത് ലഹരി കണ്ടെത്താനുള്ള മാർഗമാക്കി മാറ്റുകയായിരുന്നു. ഒരിക്കൽ ഇ-സിഗരറ്റ് ഉപയോഗിക്കുന്ന കുട്ടിക്ക് വീണ്ടും വീണ്ടും ഇവ ഉപയോഗിക്കാൻ തോന്നുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇ സിഗരറ്റ് ഉപയോഗിക്കുന്നത് കാൻസറിനും ഹൃദ്രോഗത്തിനും തലച്ചോറിനും ദോഷകരമാണ്. ശ്വാസ കോശ കാൻസറിനും ഇവ കാരണമാകുമെന്ന് ഡോകട്ർമാരും പറയുന്നു. ഇ സിഗരറ്റ് ഉപയോഗിക്കുന്ന കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധിക്കാൻ കഴിയില്ലെന്നും അവരുടെ ജീവിത രീതി തന്നെ മാറ്റിമറിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിൽ ഇ-സിഗരറ്റിന്റെ വിൽപനയും ഉപയോഗവും തുടക്കത്തിൽ തന്നെ സർകാർ നിരോധിച്ചിരുന്നു. ഒരു ലക്ഷം രൂപ പിഴയും ഒരു വർഷം തടവും ലഭിക്കാവുന്ന കുറ്റമാണിത്.
പിന്നീട് കേന്ദ്രസർകാരും ഇറക്കുമതിയും ഉപയോഗവും നിരോധിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയും ഇ-സിഗരറ്റ് ഉപയോഗിക്കുന്നതിന്റെ അപകടത്തെ കുറിച്ച് എല്ലാ രാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവയൊന്നും അറിയാതെയാണ് പല കടകളിലും അനധികൃതമായി ഇത്തരം ഇലക്ട്രോണിക് സിഗരറ്റുകൾ വിതരണം ചെയ്യുന്നത്. ഇ-സിഗരറ്റിന്റെ വിൽപന പിടികൂടുന്നതിനായി രഹസ്യ നിരീക്ഷണം നടത്തിവരുന്നുണ്ടെന്നും റെയ്‌ഡ് ഉൾപെടെയുള്ള ശക്തമായ നടപടികൾ തുടങ്ങിയിട്ടുണ്ടെന്നും കാസർകോട് ടൗൺ എസ്ഐ കാസർകോട് വാർത്തയോട് പറഞ്ഞു.