Fraud | സച്ചിത റൈക്കെതിരെ കർണാടകയിലും കേസ്; എസ് ബി ഐ യിൽ ക്ലർക് ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയെന്ന് പരാതി
● സച്ചിത റൈ ഡിവൈഎഫ്ഐ മുൻ വനിതാ നേതാവാണ്.
● 'സിപിസിആർഐ, കേന്ദ്രീയ വിദ്യാലയം തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തു'.
● നിരവധി പേരിൽ നിന്ന് കോടികൾ തട്ടിയെടുത്തുവെന്ന് ആരോപണം
കുമ്പള: (KasargodVartha) സിപിസിആർഐ, കേന്ദ്രീയ വിദ്യാലയം, വിവിധ ബാങ്കുകൾ അടക്കം നിരവധി സ്ഥാപനങ്ങളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും കോടികൾ തട്ടിയെന്ന് ആരോപണ വിധേയയായ ഡിവൈഎഫ്ഐ മുൻ വനിതാ നേതാവ് ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ സച്ചിത റൈക്കെതിരെ കർണാടക ഉപ്പിനങ്ങാടി പൊലീസിലും പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ദക്ഷിണ കന്നഡ ജില്ലയിലെ ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ രക്ഷിത ( 23)യാണ് കുമ്പള ബാഡൂർ സ്‌കൂളിലെ അധ്യാപിക കൂടിയായ സചിതയ്‌ക്കെതിരെ പരാതി നൽകിയത്. എസ്ബിഐയിൽ ക്ലർക് ജോലി വാഗ്ദാനം ചെയ്ത് 13,11,600 രൂപ കൈക്കലാക്കിയെന്നാണ് കേസ്. യുവതിയുടെ ഭർത്താവ് അശ്വിന്റെ വീട് കിദൂരിലാണ്. യുവതി ബാങ്ക് ഇടപാടുകൾ നടത്തിയത് ഉപ്പിനങ്ങാടിയിലായത് കൊണ്ടാണ് ഉപ്പിനങ്ങാടി പൊലീസിൽ പരാതി നൽകിയത്.
വാടർ അതോറിറ്റിയിലാണ് ആദ്യം ജോലി വാഗ്ദാനം ചെയ്തിരുന്നതെന്നും പിന്നീട് കുറച്ച് കൂടി മെച്ചപ്പെട്ട ജോലിയെന്ന് പറഞ്ഞാണ് എസ്ബിഐയിൽ ക്ലർക് ജോലി നൽകാമെന്ന് പറഞ്ഞതെന്നുമാണ് പരാതിക്കാരി വിശദീകരിക്കുന്നത്. സച്ചിതയ്‌ക്കെതിരെ നാലാമത്തെ കേസാണ് ഇത്. പുത്തിഗെ, ബാഡൂർ, കിദൂർ, ബദിയടുക്ക എന്നിവിടങ്ങളിൽ നിന്ന് 15 ലധികം പേരിൽ നിന്നും അധ്യാപികയ്ക്കെതിരെ ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി വന്നുകൊണ്ടിരിക്കുകയാണ്.
ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്ന് കാണിച്ച് കിദൂരിലെ നിഷ്മിത ഷെട്ടിയാണ് ആദ്യം കുമ്പള പൊലീസിൽ പരാതിയുമായി എത്തിയത്. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് കൂടുതൽ പരാതികൾ എത്തിത്തുടങ്ങിയത്. ബദിയഡുക്ക ബെള്ളം ബെട്ടുവിലെ ശ്വേത, ബാഡൂരിലെ മല്ലേഷ് എന്നിവരായിരുന്നു പരാതി നൽകിയത്. നിഷ്മിത ഷെട്ടിക്ക് സിപിസിആർഐയിലും മല്ലേഷിന് കർണാടക എക്സൈസിലും ശ്വേതയ്ക്ക് കേന്ദ്രീയ വിദ്യാലയത്തിൽ സ്ഥിരം അധ്യാപകനിയമനവും വാഗ്ദാനം ചെയ്തായിരുന്നു ലക്ഷങ്ങൾ തട്ടിയതെന്നാണ് പരാതി.
കർണാടക ഉഡുപ്പി കേന്ദ്രീകരിച്ച് റിക്രൂടിംഗ് സ്ഥാപനം നടത്തുന്ന ചന്ദ്രശേഖര കുന്താർ എന്നയാൾ നേതൃത്വം നൽകുന്ന വൻജോലി തട്ടിപ്പ് സംഘത്തിലെ പ്രധാന ഇടനിലക്കാരിയാണ് സച്ചിത റൈ എന്നാണ് പുറത്ത് വരുന്ന വിവരം. കുമ്പള പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ സച്ചിത റൈ നൽകിയ മുൻകൂർ ജാമ്യാപേക്ഷപ്രകാരം ഇവരെ അറസ്റ്റ് ചെയ്യുന്നത് രണ്ടാഴ്ചത്തേക്ക് കോടതി തടഞ്ഞിട്ടുണ്ട്. ജോലി തട്ടിപ്പ് പരാതികൾ പുറത്ത് വന്നതോടെ സച്ചിതയെ പാർടിയിൽ നിന്നും പുറത്താക്കിയതായി സിപിഎം ഏരിയാ സെക്രടറി അറിയിച്ചിരുന്നു
തട്ടിപ്പിനിരയായ 15 പേരിൽ ഒരു എച് എം ഒഴികെ ബാക്കിയുള്ളവരെല്ലാം പരാതി നൽകാൻ തയ്യാറെടുത്തിട്ടുണ്ട്. ചന്ദ്രശേഖര കുന്താറിന് സച്ചിത നൽകിയ 72 ലക്ഷം രൂപയ്ക്ക് ഗ്യാരണ്ടിയായി തുല്യ തുകയ്ക്ക് ചെക് കൈ മാറിയതായി അവർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് കാട്ടി, പണം മടക്കി നൽകുമെന്ന് പരാതി നൽകാൻ തയ്യാറെടുത്തവരെ സിപിഎമ്മിലെ പ്രാദേശിക നേതാക്കളിൽ ചിലരും ഇവരുടെ ബന്ധുക്കളും ഒത്ത് തീർപ്പ് ചർച്ച നടത്തുന്നുണ്ട്. എന്നാൽ ഇത് തീർച്ചയായും വണ്ടി ചെക് ആയിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് പറയുന്നുണ്ട്.
നിശ്ചിത തീയതിക്കകം പണം നൽകാൻ കഴിഞ്ഞില്ലെങ്കിൽ കൂട്ട പരാതി തന്നെ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് പറയുന്നത്. സച്ചിത എറണാകുളത്ത് ഫ്‌ലാറ്റ് വാങ്ങിയതായി സൂചനകൾ പുറത്ത് വരുന്നുണ്ട്. ഇത് സത്യമാണോയെന്ന് പരിശോധിക്കാൻ പൊലീസ് തയ്യാറാകണമെന്ന് പരാതിക്കാർ പറയുന്നു. രാഷ്ട്രീയ സ്വാധീനം ഉള്ളത് കൊണ്ട് സച്ചിതയെയോ പിന്നിൽ പ്രവർത്തിച്ച റാകറ്റിനെയോ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന ആക്ഷേം ശക്തമാണ്.
#jobscam #kerala #india #dyfi #cpi #fraud #police #investigation