Bike Found | നമ്പർ പ്ലേറ്റും കണ്ണാടിയുമടക്കമില്ലാത്ത ഇരുചക്ര വാഹനങ്ങളെ നിരീക്ഷിച്ച് പൊലീസ്; പരിശോധനയ്ക്കിടെ മോഷണം പോയ ബൈക് കണ്ടെത്തി
കാസർകോട്: (KasargodVartha) നമ്പർ പ്ലേറ്റും കണ്ണാടിയും അടക്കമില്ലാത്ത ഇരുചക്ര വാഹനങ്ങളിൽ പരിശോധന നടത്തുന്നതിനിടെ മോഷണം പോയ കണ്ടെത്തി കാസർകോട് ടൗൺ പൊലീസ്. തളങ്കര പള്ളിക്കാൽ ടി ഉബൈദ് സ്‌മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് അരികിലാണ് പാഷൻ പ്ലസ് ബൈക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വെള്ളിക്കോത്തെ അനീഷിന്റെ വാഹനമാണ് ഇതെന്ന് വ്യക്തമായി.
മെയ് രണ്ടിനാണ് പൂക്കുന്നോത്ത് ബാര ക്ഷേത്ര പരിസരത്ത് നിന്ന് അനീഷിന്റെ ബൈക് മോഷണം പോയത്. തുടർന്ന് അദ്ദേഹം മേൽപറമ്പ് പൊലീസിൽ പരാതിയും നൽകിയിരുന്നു. ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബൈകിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല. ചേസിസ് നമ്പറിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യഥാർഥ ഉടമയെ കണ്ടെത്താനായത്. വിവരമറിയിച്ചതിനെ തുടർന്ന് മേൽപറമ്പ് പൊലീസും സ്ഥലത്തെത്തി.
കാസർകോട് നഗരത്തിൽ നിർത്തിയിടുന്ന, നമ്പർ പ്ലേറ്റും കണ്ണാടിയും അടക്കമില്ലാത്ത വാഹനങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നടക്കം വാഹന മോഷണം പതിവായ സാഹചര്യത്തിലാണ് പൊലീസ് പരിശോധന ശക്തമാക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ടൗൺ പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു.