Drunk Driving | 'വാഹന പരിശോധനയ്ക്കിടെ ഊതാൻ പറഞ്ഞപ്പോൾ അൽകോമീറ്റർ തട്ടിമാറ്റി പൊലീസുകാർക്ക് നേരെ കയ്യേറ്റം; മദ്യപിച്ച് വാഹനമോടിച്ച യുവാവ് അറസ്റ്റിൽ'

● കണ്ണൂർ സ്വദേശി നിബിൻ മാത്യുവിനെയാണ് അറസ്റ്റ് ചെയ്തത്.
● നീർച്ചാലിൽ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം നടന്നത്
● പ്രതിക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു.
ബദിയഡുക്ക: (KasargodVartha) മദ്യപിച്ച് വാഹനമോടിക്കുകയും പൊലീസുകാർക്ക് നേരെ കയ്യേറ്റം നടത്തുകയും ചെയ്തുവെന്ന കേസിൽ ജീപ് ഡ്രൈവറെ ബദിയഡുക്ക പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ റൂറൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ നിബിൻ മാത്യു (30) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ബദിയടുക്ക-സീതാംഗോളി റോഡിലെ നീർച്ചാലിൽ വാഹന പരിശോധനയ്ക്കിടെയാണ് സംഭവം നടന്നത്.
ജീപ് അമിത വേഗതയിലും അശ്രദ്ധയോടെയും ഓടിക്കുന്നത് കണ്ടതിനെ തുടർന്ന് വാഹനം തടഞ്ഞുനിർത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനായി പൊലീസ് നടത്തുന്ന അൽകോമീറ്റർ പരിശോധനയ്ക്ക് യുവാവ് വിസമ്മതിക്കുകയും ഉപകരണം തട്ടിമാറ്റുകയും പൊലീസുകാരായ ദിനേശനെയും, ആരിഫിനെയും കയ്യേറ്റം ചെയ്തുവെന്നുമാണ് കേസ്.
പൊലീസുകാരുടെ കഴുത്തിനും കൈയ്ക്കും പിടിച്ച് തള്ളുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് ബലം പ്രയോഗിച്ചാണ് ഡ്രൈവറെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിക്കെതിരെ ഭാരതീയ ന്യായ സംഹിത നിയമത്തിലെ വകുപ്പ് 281, കേരള പൊലീസ് നിയമത്തിലെ വകുപ്പ് 117(ഇ), മോടോർ വെഹികിൾ ആക്ടിലെ വകുപ്പ് 185 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക
A driver, caught driving under the influence, resisted a police check and assaulted officers. He was arrested after police used force to detain him.
#DrunkDriving, #PoliceAssault, #VehicleCheck, #Arrest, #KasargodNews, #KeralaPolice