Arrested | നാനോ കാറിലും സ്‌കൂടറിലും മയക്കുമരുന്ന് കടത്ത്; കാസർകോട്ട് 2 സ്ഥലങ്ങളിലായി യുവാക്കൾ അറസ്റ്റിൽ
വാഹന പരിശോധനയ്ക്കിടെയാണ് പിടിയിലായത്
കാസർകോട്: (KasargodVartha) മയക്കുമരുന്നുമായി ജില്ലയിൽ രണ്ട് സ്ഥലങ്ങളിലായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പയ്യന്നൂര്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ സാബിര്‍ (38), കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ റഊഫ് (27) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.
സ്‌കൂടറില്‍ കടത്തി കൊണ്ടുപോവുകയായിരുന്ന എംഡിഎംഎയുമായാണ് അബ്ദുൽ സാബിറിനെ ചന്തേര എസ്ഐ കെ പി സതീഷും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഇളമ്പച്ചിയില്‍ വെച്ചാണ് ഇയാള്‍ ഓടിച്ച സ്‌കൂടറില്‍ ഒളിപ്പിച്ച നിലയിൽ 1.50 ഗ്രാം എംഡിഎംഎ പിടികൂടിയത്.
7.8 കിലോഗ്രാം കഞ്ചാവാണ് റഊഫിൽ നിന്ന് കണ്ടെത്തിയത്. കുമ്പള എസ്ഐ ശ്രീജേഷിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി 11 മണിയോടെ അടുക്കം ബൈദലയില്‍ പരിശോധന നടത്തുന്നതിനിടെ ഇതുവഴി വന്ന നാനോ കാര്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ഡികിയിലും സീറ്റുകളിലും സൂക്ഷിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.