city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ടേക്ക് ലഹരിമരുന്ന് ഒഴുകുന്നു; രണ്ടര മാസത്തിനിടെ പിടികൂടിയത് 400 കിലോ കഞ്ചാവ്; അതിർത്തി കടന്നും മാരകമായ മയക്കുമരുന്ന് എത്തുന്നു; അടിമകളിലേറെയും വിദ്യാർഥികൾ

കാസർകോട്: (www.kasargodvartha.com 26.06.2021) ജില്ലയിൽ ലഹരിമരുന്ന് കടത്ത് വ്യാപകമാകുന്നതായി സമീപ കാലത്ത് പിടിയിലായ സംഭവങ്ങൾ തെളിയിക്കുന്നു. അതിർത്തി കടന്നും വൻതോതിലാണ് മാരകമായ എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകൾ ജില്ലയിലെത്തുന്നത്. കഴിഞ്ഞ രണ്ടര മാസത്തിനിടെ 400 കിലോ കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. കടത്തിന് ഉപയോഗിച്ച അനവധി വാഹനങ്ങളും പിടിച്ചെടുത്തു.

കാസർകോട്ടേക്ക് ലഹരിമരുന്ന് ഒഴുകുന്നു; രണ്ടര മാസത്തിനിടെ പിടികൂടിയത് 400 കിലോ കഞ്ചാവ്; അതിർത്തി കടന്നും മാരകമായ മയക്കുമരുന്ന് എത്തുന്നു; അടിമകളിലേറെയും വിദ്യാർഥികൾ


കോവിഡ് ലോക്ഡൗൺ കാലത്ത് വലിയ രീതിയിലാണ് ലഹരിക്കടത്ത് നടന്നത്. ജില്ലയിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണ് മെയ് 28 ന് നടന്നത്. ആന്ധ്രാപ്രദേശിൽ നിന്ന് ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 240 കി ഗ്രാം കഞ്ചാവുമായി മൂന്ന് കാസർകോട് സ്വദേശികൾ അന്ന് പിടിയിലായി. അന്താരാഷ്ട്ര മാർകെറ്റിൽ കോടിക്കണക്കിന് രൂപ വിലവരുന്ന കഞ്ചാവ് പ്രതികൾ സഞ്ചരിച്ചിരുന്ന ബസിന്റെ പിറകുവശത്തെ ക്യാബിനിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. അതിനു മുമ്പും ശേഷവുമായി കഞ്ചാവുകളുമായി പലരും പിടിയിലായി.

കാസർകോട്ടേക്ക് കടത്തുകയായിരുന്ന മാരകമായ എംഡിഎംഎ മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിലായതിനെ തുടർന്ന് മംഗളുറു കൊണാജെ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഏഴ് പേരാണ് പിടിയിലായത്. ഇതിൽ മുഖ്യപ്രതി അടക്കം ആറ് പേരും കാസർകോട്ടുകാർ ആയിരുന്നു. ഏഴാമനായി ഉണ്ടായിരുന്നത് നൈജീരിയൻ സ്വദേശി ആയിരുന്നു.

ബെംഗളുറു കേന്ദ്രീകരിച്ച് കാസർകോട്ടേക്ക് ലഹരിമരുന്നുകൾ ഒഴുകുന്നതായാണ് വിവരം. കൊണാജെ കേസിൽ ആദ്യം പിടിയിലായ പ്രതികൾ ബെംഗളൂറിലെ ഒരു ആഫ്രികൻ സ്വദേശിയിൽ നിന്നാണ് എം ഡി എം എ വാങ്ങിയതെന്ന് പറഞ്ഞതായി പൊലീസ് അറിയിച്ചിരുന്നു. രണ്ടാമത് പിടിയിലായവർ ബെംഗളൂറിലെ കമ്മനഹള്ളിയിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ബെംഗളുറു, മംഗളുറു, കാസർകോട്, ഉപ്പള എന്നിവിടങ്ങളിൽ മയക്കുമരുന്ന് വിൽക്കാൻ പ്രതികൾ ശ്രമിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്.

'ന്യൂ ജെൻ' മ​യ​ക്കു​മ​രു​​ന്നായ എ​ല്‍ എ​സ് ഡി സ്​​റ്റാ​മ്പു​ക​ളുമായും ജൂണിൽ തന്നെ ഒരാൾ മംഗളൂറിൽ അറസ്റ്റിലായിരുന്നു. ചെറിയ സ്റ്റികര്‍ രൂപത്തിലും ക്രിസ്റ്റല്‍ രൂപത്തിലും കാണപ്പെടുന്ന ഇത് നാക്കിനടിയിലും മറ്റും വെച്ചാണ് ഉപയോഗിക്കുന്നത്. ലഹരി ഉപയോഗിക്കുന്നത് ആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ലെന്നതു പലരെയും ഇതിലേക്ക് ആകർഷിക്കുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് തപാല്‍ മാര്‍ഗമാണ് ഇവ എത്തിക്കുന്നതെന്നാണ് വിവരം. കേരളം, ഗോവ, മംഗളുറു എന്നിവിടങ്ങളിൽ പാർടികളിലും മറ്റും ഇവ വിതരണം ചെയ്തിരുന്നുവെന്ന് പൊലീസ് പറഞ്ഞിരുന്നു.

കോവിഡ് വ്യാപനത്തെ തുടർന്ന് ബാറുകളും ബിവറേജും അടച്ച സമയത്ത് മദ്യ റാകെറ്റുകൾ സജീവമായിരുന്നു. ബേക്കലിൽ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 150 ലിറ്റര്‍ സ്പിരിറ്റും, 382 ലിറ്റര്‍ കര്‍ണാടക മദ്യവും പിടികൂടിയിരുന്നു. ട്രെയിനിൽ നിന്നടക്കം നിരോധിത പാൻ മസാലകളും ഇക്കാലയളവിൽ പിടിയിലായിട്ടുണ്ട്.

ഇന്ത്യയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് കടത്താൻ 'കാസർകോട് നെറ്റ്‌വർക്' എന്ന പേരിൽ സംഘം പ്രവർത്തിക്കുന്നതായി നാർകോടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) രണ്ട് മാസങ്ങൾക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു. ഖത്വർ, സൗദി അറേബ്യ, കേരള, ബെംഗളുറു എന്നിവിടങ്ങളിലാണ് സംഘത്തിൽ പെട്ടവർ താമസിക്കുന്നത്. വോയ്‌സ് ഒവര്‍ ഇന്റർനെറ്റ് പ്രോടോകോൾ (വി ഓ ഐ പി) വഴിയാണ് ഇവർ പരസ്പരം സമ്പർക്കം പുലർത്തുന്നത്. ഈ നെറ്റ്‌വർകിൽ രാജ്യത്തുടനീളം നൂറോളം പേർ പ്രവർത്തിക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ലഹരിമരുന്നുമായി പിടിയിലാവുന്നവരിൽ ഭൂരി ഭാഗവും 20 നും 30 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ്. അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ ഇറക്കുമതി ചെയ്യുന്ന ലഹരിമരുന്നുകൾ ചെറിയ പാകെറ്റുകളായാണ് വിതരണം ചെയ്യുന്നത്.

കഞ്ചാവ് ഉപയോഗിക്കുന്നവരിൽ വലിയൊരു വിഭാഗവും വിദ്യാർഥികളാണ്. കഞ്ചാവ് ചെറിയ പാകെറ്റുകളായാണ് വിദ്യാർഥികളുടെ കൈകളിലേക്ക് വിതരണക്കാർ എത്തിക്കുന്നത്. 100 രൂപ മുതലാണ് വില. സിഗരറ്റിനകത്ത് തിരുകി കയറ്റിയും കഞ്ചാവെത്തുന്നു. പല വിദ്യാർഥികളും കഞ്ചാവിന് അടിമയായി മാറി പ്രശ്നങ്ങൾ ഉണ്ടാകുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. വിദ്യാർഥികളെ തന്നെ കഞ്ചാവ് വിൽപനയ്ക്കായും വിതരണക്കാർ നിയോഗിക്കുന്നു. വിദ്യാർഥികളുടെ കൂടുതൽ സുഹൃത്തുക്കളിലേക്ക് കഞ്ചാവ് എത്തുന്നതോടെ ലഹരി മാഫിയകൾ പണം കൊയ്യുകയാണ്. നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിലെ പല കുട്ടികളും ലഹരിക്ക് അടിമകളാണ്.

കഴിഞ്ഞ രണ്ടര മാസത്തിനിടെ ലഹരിമരുന്ന് കേസിൽ കാസർകോട്ട് പിടിയിലായവരിൽ കൂടുതൽ പേരും ക്രിമിനൽ കേസുകളിൽ മുമ്പ് അറസ്റ്റിലായിരുന്നവരാണ്. അടിപിടി കേസുകളിലും മറ്റും പെട്ടിരുന്നവർ ഇപ്പോൾ ലഹരിക്കടത്ത് നടത്തുകയാണ്. കാസർകോട്ടെ വിവാദമായ മണിചെയിൻ തട്ടിപ്പ് കേസിൽ പ്രതികളായിരുന്നവരെ തട്ടിക്കൊണ്ട് പോയ കേസിൽ പെട്ടവർ കഞ്ചാവ് കടത്തുമ്പോൾ പിടിയിലായിരുന്നു.

ലഹരികടത്തിനെതിരെ പൊലീസും എക്സൈസും കാര്യക്ഷമമായി പ്രവർത്തിക്കുമ്പോൾ തന്നെയാണ് രഹസ്യമായി ലഹരി മരുന്നുകൾ ഒഴുകുന്നത്. സമൂഹത്തിൽ ശരിയായ അവബോധവും കുട്ടികളുടെ മേൽ രക്ഷിതാക്കൾ അതീവ ശ്രദ്ധ പുലർത്തണമെന്നുമാണ് സമീപ കാല അറസ്റ്റുകൾ തെളിയിക്കുന്നത്.

Keywords:  Kasaragod, Kerala, News, Drugs, Ganja seized, Ganja, MDMA, Police, Vehicles, COVID-19, Spirit-seized, Students, Criminal-gang, Crime, Arrest, Drugs flow into Kasargod; 400 kg of cannabis seized in two and a half months.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia