Arrest | വീണ്ടും മയക്കുമരുന്ന് വേട്ട; കാറിൽ കടത്തിയ 29 ഗ്രാം എംഡിഎംഎയുമായി 4 പേര്‍ അറസ്റ്റിൽ; വാഹനം കസ്റ്റഡിയിൽ
● ഒരാഴ്ച മുമ്പ് ഉപ്പളയിൽ വൻ മയക്കുമരുന്ന് വേട്ട നടത്തിയിരുന്നു
● പൊലീസിന്റെ തുടർച്ചയായ റെയ്ഡുകൾ നടന്നുവരികയാണ്
ഉപ്പള: (KasargodVartha) മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും മയക്കുമരുന്നു വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 29 ഗ്രാം എംഡിഎംഎയുമായി നാലുപേര്‍ അറസ്റ്റിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ സഈദ് നവാസ് (29), അഹ്‌മദ് ശമ്മാസ് (20), മുഹമ്മദ് ഇസ്ഹാഖ് (22), മുഹമ്മദ് അശ്റഫ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പൈവെളിഗെ ബായ്ക്കട്ടയിൽ നിന്നും കെഎൽ 14 ക്യൂ 1267 നമ്പർ ആൾടോ കാറിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പൊലീസ് പിടികൂടിയത്. മഞ്ചേശ്വരം ഇൻസ്പെക്ടർ തോംസൺ ജോസ്, എസ്ഐ രതീഷ് ഗോപി, സീനിയർ സിവിൽ പൊലീസ് ഓഫീസ് ഡ്രൈവർ ഷുക്കൂർ, പ്രശോഭ് എന്നിവരുൾപ്പെടുന്ന സംഘമാണ് വ്യാഴാഴ്ച വൈകീട്ട് പൈവളിഗെ കളായിൽ വച്ച് മയക്കുമരുന്ന് വേട്ട നടത്തിയത്. പ്രതികൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
ഒരാഴ്ച മുമ്പ് ഉപ്പള പത്വാടിയിൽ വച്ച് 3.49 കിലോ എംഡിഎംഎ, 96.96 ഗ്രാം കൊകൈൻ, പേസ്റ്റ് രൂപത്തിലുള്ള ലഹരി മരുന്നുകളും എട്ട് ലഹരി ഗുളികകളും ഒരു വീട്ടില്‍ വച്ച് പിടികൂടിയ പൊലീസ് അസ്‌കർ അലി (26) എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിൽ അസ്‌കറുമായി ബന്ധപ്പെട്ട മറ്റ് ആളുകളെ കണ്ടെത്താൻ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പൊലീസ് ഊണും ഉറക്കവും ഒഴിഞ്ഞ് സംശയമുള്ള പല സ്ഥലങ്ങളിലും റെയ്‌ഡ് നടത്തി വരികയാണ്.
ഇതിനിടെയിലാണ് കഴിഞ്ഞ ദിവസം പിടികൂടിയ മയക്കുമരുന്ന് റാകറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാലു പേരെ കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ അറസ്റ്റ് ചെയ്തത്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ അടുത്തടുത്ത് നടക്കുന്ന മയക്കുമരുന്ന് വേട്ടകൾ ജനങ്ങളിൽ വലിയ പ്രതീക്ഷ നൽകിയിട്ടുണ്ട്.
#ManjeshwaramDrugRaid, #KeralaPolice, #MDMA, #DrugAbuse, #Arrest, #CrimeNews