Arrest | വൻ മയക്കുമരുന്നുമായി 2 സ്ത്രീകളടക്കം 4 പേർ അറസ്റ്റിൽ; കൂട്ടത്തിൽ ഒരു കുഞ്ഞും

● 100 ഗ്രാം എംഡിഎംഎ പിടികൂടി.
● ബെംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് സൂചന.
● പിടികൂടിയ എംഡിഎംഎക്ക് ഏകദേശം ആറു ലക്ഷം രൂപ വിലമതിക്കും.
● കാറിലാണ് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്.
ആദൂർ: (KasargodVartha) മഞ്ചക്കലിൽ കാറിൽ കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎയുമായി രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരും അറസ്റ്റിലായി. ഏകദേശം ആറു ലക്ഷത്തോളം രൂപ വിലമതിക്കുന്ന എംഡിഎംഎയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് സഹദ് (26), വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി എം ശാനവാസ് (42), ഭാര്യ ശരീഫ (40), മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പി എം ശുഐബ (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തിന് മറയിടാൻ ഇവർ ഒരു കുട്ടിയെയും കാറിൽ കയറ്റിയിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇത് കുടുംബമാണെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രമായിരുന്നെന്ന് പൊലീസ് സംശയിക്കുന്നു.
ബെംഗ്ളൂറിൽ നിന്നാണ് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നതെന്നാണ് പ്രാഥമിക സൂചന. ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ നിർദേശപ്രകാരം ബേക്കൽ ഡിവൈഎസ്പി വി വി മനോജിന്റെ മേൽനോട്ടത്തിൽ രാവിലെ എട്ടുമണിയോടെ ആദൂർ എസ്ഐ വിനോദിന്റെ നേതൃത്വത്തിലായിരുന്നു മയക്കുമരുന്നു വേട്ട നടന്നത്. നിജിൻ കുമാർ, രാജീഷ് കാട്ടാമ്പള്ളി, ഭക്ത ഷൈവൽ, അനീഷ്, സന്ദീപ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
#Kasargod #Drugs #MDMA #KeralaPolice #CrimeNews #DrugBust