Arrest | കാസർകോട്ട് മയക്കുമരുന്ന് മാഫിയയ്ക്ക് പിന്നാലെ കർശന നടപടിയുമായി പൊലീസ്; പ്രധാന ഇടനിലക്കാരൻ അടക്കം 2 പേർ അറസ്റ്റിൽ
നടപടി ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ കർശന നിർദേശത്തെ തുടർന്ന്
മേൽപറമ്പ്: (KasargodVartha) ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ കർശന നിർദേശത്തെ തുടർന്ന് ജില്ലയിൽ മയക്കുമരുന്ന് സംഘത്തെ പൊലീസ് വേട്ടയാടുന്നത് തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിരവധി പേരാണ് പിടിയിലായത്. പ്രധാന ഇടനിലക്കാരൻ ഉൾപെടെ രണ്ടു പേരെ മേല്‍പറമ്പിലും ബേക്കലിലുമായി പൊലീസ് അറസ്റ്റ് ചെയ്തു.
കര്‍ണാടക ചികമംഗ്‌ളൂറു സ്വദേശി അബ്ദുർ റഹ്‌മാന്‍ എന്ന രവിയെ (28) യാണ് മേല്‍പറമ്പ് എസ്ഐ വി കെ അനീഷും സംഘവും അറസ്റ്റ് ചെയ്തത്. ഉദുമ കൊപ്പലിലെ ഒരു വീട്ടിൽ ജോലിക്കാരനാണ് ഇയാള്‍. പ്രതിയില്‍ നിന്നും 50 ഗ്രാം എംഡിഎംഎ പിടികൂടി.
ജില്ലാ പൊലീസ് ചീഫ് ഡി ശില്‍പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് ബേക്കൽ ഡി വൈ എസ് പി വിവി മനോജ്, ഇൻസ്പെക്ടർ സന്തോഷ് കുമാർ എന്നിവരുടെ നിർദേശപ്രകാരം എസ്ഐയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാത്രി മേൽപറമ്പ് കൈനോത്ത് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് യുവാവ് സ്‌കൂടറില്‍ കടത്തുകയായിരുന്ന എംഡിഎംഎ പിടികൂടിയത്.
പൊലീസ് കൈ കാണിച്ചപ്പോള്‍ സ്‌കൂടര്‍ നിര്‍ത്തി ഇറങ്ങിയോടിയ യുവാവിനെ പിന്തുടര്‍ന്ന് കീഴ് പ്പെടുത്തുകയായിരുന്നു. പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്. പൊലീസ് സംഘത്തില്‍ എസ്ഐ ശശിധരന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രജ്ഞിത്, ഡ്രൈവര്‍ സജിത് എന്നിവരും ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ബേക്കലിൽ 3.590 ഗ്രാം മയക്കുമരുന്നുമായി കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിഎ സൽമാനെ (23 ) ബേക്കൽ പൊ'ലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ കൂട്ടുപ്രതിയായ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ശാഹിദിനെയാണ് (28) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എംഡിഎംഎ ഗ്യാസ് ട്യൂബിൽ വെച്ച് ഉപയോഗിക്കുന്നതിനിടെയാണ് കോട്ടിക്കുളത്ത് നിന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം അറസ്റ്റിലായ സൽമാന്റെ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ശാഹിദിനെ പൊലീസ് പിടികൂടിയത്. കോട്ടിക്കുളം റെയിൽവേ സ്റ്റേഷന് സമീപം പൊലീസ് എത്തിയപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. ഇയാളുടെ കയ്യിൽ നിന്ന് ഗ്ലാസ് ട്യൂബും മറ്റും പിടിച്ചെടുത്തു. എസ്ഐ അരുൺ മോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
#KasaragodDrugBust #KeralaPolice #DrugTrade #MDMA #Crime