Drug Abuse | 'ലഹരി ഉപയോഗം കുട്ടികളുടെ ജീവിതം കാർന്നു തിന്നുന്നു'; അനുഭവങ്ങൾ തുറന്നുപറഞ്ഞുള്ള കുമ്പള ഇൻസ്‌പെക്ടർ കെ പി വിനോദ് കുമാറിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ ചർച്ചയായി

● നിഷ്കളങ്കരായ പല കുട്ടികളെയും ലഹരി മാഫിയ അടിമകളാക്കുകയാണെന്നും തന്റെ ഔദ്യോഗിക ജീവിതത്തിൽ ഇത്തരം നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇൻസ്‌പെക്ടർ കൂട്ടിച്ചേർത്തു.
● ഒരു ചെറിയ പ്രദേശത്തെ കുട്ടികൾ ഉൾപ്പെടെയുള്ളവർ മൂന്ന് ചാക്ക് കഞ്ചാവ് ഉപയോഗിക്കുന്നു എന്നത് സമൂഹത്തിൽ ലഹരിയുടെ വേരുകൾ എത്രത്തോളം ആഴ്ന്നിറങ്ങിയിട്ടുണ്ട് എന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കുമ്പള: (KasargodVartha) ലഹരിയുടെ ഉപയോഗം സ്കൂൾ കുട്ടികളുടെ ജീവിതത്തെ കാർന്നു തിന്നുന്നതായി കുമ്പള പൊലീസ് ഇൻസ്‌പെക്ടർ കെ പി വിനോദ് കുമാർ. കുമ്പള കുമ്പോൽ ഉറൂസിനോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിൽ ഉണ്ടായിട്ടുള്ള അനുഭവങ്ങൾ കുട്ടികളുടെയും രക്ഷിതാക്കളുടെയും മുന്നിൽ തുറന്നുപറഞ്ഞത്.
തന്റെ നാട്ടുകാരനായ ഒരു പട്ടാളക്കാരന്റെ മകൻ, 98 ശതമാനത്തിലധികം മാർക് നേടി പ്ലസ് ടു പാസായ ശേഷം, നഴ്സിംഗ് കോഴ്സിന് മംഗ്ളൂറിലെ പ്രശസ്ത കോളജിൽ ചേർന്ന ശേഷം ലഹരിക്കടിമയായി മാറിയതിന്റെ വിവരണങ്ങളാണ് അദ്ദേഹം കുട്ടികൾക്ക് മുന്നിൽ നടത്തിയത്.
ഖുർആനിലെ 114 അധ്യായങ്ങളിലെ സൂക്തങ്ങളിൽ പറയുന്ന ഏതെങ്കിലും ഒരു കാര്യം പാലിക്കാൻ കഴിഞ്ഞാൽത്തന്നെ ഓരോരുത്തർക്കും നല്ല വ്യക്തിയായി മാറാൻ സാധിക്കുമെന്നും അദ്ദേഹം കുട്ടികളെ ഓർമിപ്പിച്ചു. കുമ്പള ഇൻസ്‌പെക്ടറായിരിക്കെ, ഒരു വീട്ടിൽ നിന്ന് ഒരു പെൺകുട്ടി രാത്രി ഒരു മണിക്കൂർ നേരം
സുഹൃത്തുക്കളുടെ കാറിൽ കയറി പോവുകയും ലഹരി ഉപയോഗശേഷം അതേ വീട്ടിൽ തിരിച്ചെത്തുകയും ചെയ്തതായും എന്നിട്ടും വീട്ടുകാർ ഒന്നും അറിഞ്ഞില്ലെന്ന സത്യവും അദ്ദേഹം വെളിപ്പെടുത്തി.
നിഷ്കളങ്കരായ പല കുട്ടികളെയും ലഹരി മാഫിയ അടിമകളാക്കുകയാണെന്നും തന്റെ ഔദ്യോഗിക ജീവിതത്തിൽ ഇത്തരം നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇൻസ്‌പെക്ടർ കൂട്ടിച്ചേർത്തു. പല രക്ഷിതാക്കളും മക്കളെ അന്ധമായി വിശ്വസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വീട്ടിൽ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന രീതികൾ മാറിയെന്നും മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം കുടുംബ ബന്ധങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസർകോട് പൊലീസ് സ്റ്റേഷൻ പരിധികളിൽ ലഹരി മാഫിയ അതിശക്തമായി തന്നെ പിടിമുറുക്കിയിരിക്കുകയാണെന്നും മിക്ക കുട്ടികളെയും അവർ വലവീശിപ്പിടിച്ചിരിക്കുകയാണെന്നും ഇൻസ്‌പെക്ടർ മുന്നറിയിപ്പ് നൽകി. ഇത്തരക്കാരുടെ ചതിയിൽ നിങ്ങളെങ്കിലും പെട്ടുപോകരുതെന്നും അദ്ദേഹം കുട്ടികളെ ഉപദേശിച്ചു.
ബദിയഡുക്കയിൽ ജോലി ചെയ്യുമ്പോൾ 13 കിലോ കഞ്ചാവുമായി പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോൾ, അത് ആ പ്രദേശത്ത് ഒരു മാസം വിതരണം ചെയ്യാനുള്ള കഞ്ചാവ് മാത്രമാണെന്നാണ് അവർ വെളിപ്പെടുത്തിയത്. ഈ സംഭവം തന്നെ ഏറെ ഞെട്ടിച്ചെന്നും ഒരു ചെറിയ പ്രദേശത്തെ കുട്ടികൾ ഉൾപ്പെടെയുള്ളവർ മൂന്ന് ചാക്ക് കഞ്ചാവ് ഉപയോഗിക്കുന്നു എന്നത് സമൂഹത്തിൽ ലഹരിയുടെ വേരുകൾ എത്രത്തോളം ആഴ്ന്നിറങ്ങിയിട്ടുണ്ട് എന്നതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുമ്പള ഇൻസ്‌പെക്ടർ കെ പി വിനോദ് കുമാറിന്റെ ഈ വെളിപ്പെടുത്തൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയമായിരിക്കുകയാണ്.
ഈ വാർത്ത പങ്കുവെച്ച്, ലഹരിയുടെ പ്രത്യാഘാതങ്ങളെ കുറിച്ച് സമൂഹത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കാം. നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്യുക.
Kumbala Inspector KP Vinod Kumar reveals shocking truths about the devastating effects of drug abuse on children. Strong warning against growing drug mafia.
#DrugAddiction #Kumbala #YouthAwareness #KPVinodKumar #KeralaNews #Kasargod