ദൃശ്യം സിനിമയ്ക്ക് മുൻപേ പാണത്തൂരിൽ സമാന കൊലപാതകം; 17കാരിയുടെ തിരോധാനത്തിൽ 15 വർഷങ്ങൾക്ക് ശേഷം വഴിത്തിരിവ്

● ബിജു പൗലോസ് എന്ന മോട്ടിവേറ്ററാണ് പിടിയിലായത്.
● 2010ൽ കാണാതായ ദളിത് പെൺകുട്ടിയുടെ കേസാണിത്.
● കാസർകോട് കടപ്പുറത്ത് നിന്ന് കിട്ടിയ എല്ല് പെൺകുട്ടിയുടേതെന്ന് സ്ഥിരീകരിച്ചു.
● പ്രതി പെൺകുട്ടിയെ പുഴയിൽ തള്ളിയെന്ന് മൊഴി നൽകി.
● വിവാഹിതനായ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നതായി സൂചന.
● പെൺകുട്ടിയുടെ ഫോണിൽ നിന്ന് പിതാവിന് മിസ്ഡ് കോൾ നൽകി ഗൾഫിലേക്ക് കടന്നു.
കാസർകോട്: (KasargodVartha) ദൃശ്യം സിനിമ ഇറങ്ങുന്നതിന് മുമ്പ് അതേ രീതിയിൽ 17കാരിയുടെ കൊലപാതകം നടത്തിയ ബിജു പൗലോസ് (52) എന്ന മോട്ടിവേറ്റർ പിടിയിൽ. അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദളിത് പെൺകുട്ടിയുടെ തിരോധാന കേസ് കൊലപാതകമാണെന്ന് 15 വർഷങ്ങൾക്ക് ശേഷം ക്രൈംബ്രാഞ്ച് കണ്ടെത്തി.
2010ൽ കാസർകോട് കടപ്പുറത്ത് നിന്ന് ലഭിച്ച എല്ലിൻ കഷ്ണവും കൊലുസും കൊല്ലപ്പെട്ട പെൺകുട്ടിയുടേതാണെന്ന് സ്ഥിരീകരിച്ചതോടെയാണ് അന്വേഷണം നിർണായക വഴിത്തിരിവിലെത്തിയത്. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ കുറ്റം സമ്മതിക്കുകയായിരുന്നു.
അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട 17 വയസുള്ള പെൺകുട്ടിയുടെ തിരോധാനം 2010 ജൂൺ ആറിനാണ് നടന്നത്. കാഞ്ഞങ്ങാട് നഗരത്തിലെ ടീച്ചേഴ്‌സ് ട്രെയിനിങ് പരിശീലനത്തിന് എത്തിയ പെൺകുട്ടി റെയിൽവെ സ്റ്റേഷന് സമീപത്തെ ചാരിത്താസ് ഹോസ്റ്റലിൽ താമസിച്ചാണ് പഠിച്ചിരുന്നത്.
ബിജു പൗലോസ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയതായി ബന്ധുക്കൾ അന്ന് തന്നെ ആരോപിച്ചിരുന്നു. ഇതിനെത്തുടർന്ന് പെൺകുട്ടിയുടെ പിതാവ് 2011 ജനുവരി 19ന് അമ്പലത്തറ പൊലീസിൽ പരാതി നൽകി. എന്നാൽ കാര്യമായ തെളിവുകൾ ലഭിക്കാത്തതിനാൽ അന്വേഷണം മുന്നോട്ട് പോയില്ല.
പൊലീസ് അന്വേഷണം തൃപ്തികരമല്ലാത്തതിനെ തുടർന്ന് 2021ൽ കുടുംബം ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ബേക്കൽ ഡിവൈഎസ്പി സി കെ സുനിൽകുമാറിനായിരുന്നു അന്വേഷണ ചുമതല. പെൺകുട്ടിയെ കൊലപ്പെടുത്തി പുഴയിൽ തള്ളിയെന്ന പ്രതിയുടെ മൊഴി മാത്രമായിരുന്നു പ്രധാന കണ്ടെത്തൽ.
ഇതിന് മറ്റ് തെളിവുകളോ സാക്ഷികളോ ഇല്ലാതിരുന്നത് പ്രതിയുടെ അറസ്റ്റ് വൈകിപ്പിച്ചു. അന്വേഷണത്തിനിടയിൽ അറസ്റ്റ് സാധ്യതയുണ്ടായപ്പോഴെല്ലാം ബിജു പൗലോസ് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയത് അന്വേഷണത്തിന് തടസ്സമുണ്ടാക്കി. പ്രതി രാജ്യം വിടാതിരിക്കാൻ പാസ്‌പോർട്ട് കണ്ടുകെട്ടിയിരുന്നു.
2024 ഡിസംബറിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം വീണ്ടും ഹൈക്കോടതിയിൽ ഹർജി നൽകി. ഇതിനെത്തുടർന്നാണ് ക്രൈംബ്രാഞ്ച് ഐജിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.
പെൺകുട്ടിയെ കാണാതായതിന് ഏതാനും മാസങ്ങൾക്ക് മുമ്പ് കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കടൽ തീരത്ത് നിന്ന് കണ്ടെത്തിയ എല്ലിൻ കഷ്ണവും കൊലുസും നിർണായകമായി. ഇത് കൊല്ലപ്പെട്ട പെൺകുട്ടിയുടേതാണെന്ന് ഉറപ്പായതോടെ ബിജു പൗലോസിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിച്ചു.
കാഞ്ഞങ്ങാട് മടിയനിലെ ഒരു ഹോം സ്റ്റേയിൽ താമസിപ്പിച്ച് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. പെൺകുട്ടിയുടെ സഹോദരനാണെന്നാണ് ഹോം സ്റ്റേ ഉടമയോടും മറ്റും ഇയാൾ പറഞ്ഞിരുന്നത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ബിജു പൗലോസ് ഈ വിവരം മറച്ചുവെച്ചാണ് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്. പിന്നീട് ഇത് പെൺകുട്ടി അറിഞ്ഞതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായതും കൊലപാതകത്തിലേക്ക് നയിച്ചതുമെന്ന് പൊലീസ് സൂചന നൽകുന്നു.
നിലവിൽ പീഡനം, തട്ടിക്കൊണ്ടുപോകൽ, എസ് സി ആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണത്തിന് ശേഷമേ കൊലപാതക കുറ്റം ചുമത്തുകയുള്ളൂവെന്ന് ക്രൈംബ്രാഞ്ച് ഐജി പി.പ്രകാശ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പെൺകുട്ടിയുടെ മൃതദേഹം പാണത്തൂരിലെ പവിത്രയ്ങ്കയത്തിൽ ചവിട്ടി താഴ്ത്തിയെന്നാണ് പ്രതിയുടെ മൊഴി. ഇവിടെ നിന്ന് 40 കിലോമീറ്ററിലധികം ഒഴുകി ചന്ദ്രഗിരിപ്പുഴ വഴി മൃതദേഹത്തിന്റെ ഭാഗങ്ങൾ കാസർകോട് കടപ്പുറത്ത് എത്തിച്ചേർന്നതായാണ് പൊലീസ് നിഗമനം. കണ്ടെത്തിയ എല്ലിൻ കഷ്ണം പെൺകുട്ടിയുടെ പ്രായത്തിന് സമാനമുള്ളതാണ്. ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുള്ള ഇതിൻ്റെ ഫലം കേസിൽ നിർണായകമാകും.
കൊലപാതകത്തിന് ശേഷം പ്രതി പെൺകുട്ടി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ എറണാകുളത്ത് കൊണ്ടുപോയി സ്ത്രീകളുടെ ശബ്ദത്തിലുള്ള ആപ്പ് ഉപയോഗിച്ച് പിതാവിന് മിസ്ഡ് കോൾ നൽകി. പിന്നീട് പിതാവിൻ്റെ സുഹൃത്തിനെ വിളിച്ച് പെൺകുട്ടിയെ ഫോണിൽ കിട്ടുന്നില്ലെന്നും താൻ എറണാകുളത്ത് ആറ് മാസത്തെ കമ്പ്യൂട്ടർ കോഴ്സിന് ചേരുകയാണെന്നും കോഴ്സ് കഴിയുന്നതുവരെ വിളിക്കേണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. അതിനുശേഷം പ്രതി ഗൾഫിലേക്ക് കടന്നു. ഒരു വർഷത്തോളം യുഎഇയിൽ ഉണ്ടായിരുന്ന ഇയാളെ വിസാ കാലാവധി കഴിഞ്ഞതിനെ തുടർന്ന് നാടുകടത്തുകയായിരുന്നു.
15 വയസ്സുള്ളപ്പോൾ മുതൽ പ്രതി പെൺകുട്ടിയെ ശല്യം ചെയ്യുകയും പിന്നീട് സൗഹൃദം സ്ഥാപിക്കുകയുമായിരുന്നുവെന്ന് കൂടെ പഠിച്ച സുഹൃത്തുക്കളിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കൺസ്ട്രക്ഷൻ രംഗത്ത് പ്രവർത്തിക്കുന്ന പ്രതി നല്ലൊരു മോട്ടിവേറ്ററും ഗായകനുമായിരുന്നു. പാട്ടുകാരിയായ പെൺകുട്ടിയെ മൊബൈൽ ഫോൺ, നല്ല വസ്ത്രങ്ങൾ തുടങ്ങിയ സമ്മാനങ്ങൾ നൽകിയാണ് ഇയാൾ വശത്താക്കിയത്. പ്രതിയുടെ എടിഎം കാർഡ് പോലും പെൺകുട്ടിക്ക് പണം ചെലവഴിക്കാൻ നൽകിയിരുന്നു.
ഐ ജി പി.പ്രകാശിനെ കൂടാതെ എസ്പി പ്രജീഷ് തോട്ടത്തിൽ, ഡിവൈഎസ്പി മധുസൂദനൻ നായർ, ഇൻസ്പെക്ടർമാരായ ശ്രീകുമാർ.എം, ലിബി.പി.എം, എസ് ഐമാരായ രഘുനാഥ് തൃക്കരിപ്പൂർ, മനോജ് എം നീലേശ്വരം, എ എസ് ഐ രതി ഒടയൻചാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ലതീഷ് പിലിക്കോട്, ശ്രീജിത്ത് കാനായി, മഹേഷ് കങ്കോൽ, പ്രഭേഷ് വൈക്കത്ത്, സുമേഷ് മാണിയാട്ട്, സി പി ഒ പ്രണോദ് (സൈബർ കണ്ണൂർ), ഡ്രൈവർമാരായ എ എസ് ഐ രാജീവ്, റൗഫ്, രഞ്ജിത്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ദൃശ്യം സിനിമയെ വെല്ലുന്ന ഈ കൊലപാതക കഥ കൂടുതൽ പേരിലേക്ക് ഷെയർ ചെയ്യുക. നീണ്ട 15 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നീതി ലഭിക്കുമോ? നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Summary: Biju Paulose, a motivator, has been arrested 15 years after the disappearance of a 17-year-old girl in Panathur, Kasaragod. The Crime Branch found it to be a murder case, similar to the movie Drishyam. Key evidence was the girl's bone fragments and anklet found on the Kasaragod beach in 2010.
#KeralaCrime, #Drishyam, #MurderMystery, #Kasaragod, #CrimeBranch, #JusticeForVictim