Atrocity | 'കാസർകോട്ട് യുവതിക്ക് സ്ത്രീധനത്തിൻ്റെ പേരിൽ ഉണ്ടായത് കൊടിയ പീഡനം; മർമഭാഗങ്ങളിലും മർദിച്ചു, മുഖത്ത് ഗുരുതര പരിക്ക്'
കയ്യിലുണ്ടായിരുന്ന സ്വർണവും മറ്റും ഭർതൃവീട്ടുകാർ പിടിച്ച് വാങ്ങിയതായും ഇത് ഭർതൃമാതാവിന്റെ കസ്റ്റഡിയിലാണ് ഉള്ളതെന്നും യുവതി
കാസർകോട്: (KasargodVartha) സ്ത്രീധനത്തിൻ്റെ പേരിൽ കാസർകോട്ടെ യുവതിക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനമെന്ന് പരാതി. മർമ ഭാഗങ്ങളിൽ അടക്കം മർദനമേറ്റ യുവതി ഇപ്പോഴും ആഘാതത്തിൽ നിന്ന് മുക്തയായിട്ടില്ല. വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ നഫീസത് നിഹാല തസ്‌നീം (21) ആണ് രണ്ട് വർഷത്തിനിടെ പീഡനത്തിന് ഇരയായത്.
സംഭവുമായി ബന്ധപ്പെട്ട് ഭർത്താവ് കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്‌ദുർ റഹ്‌മാൻ മുനാസിൽ (28), മാതാവ് സെയ്ദ (52) എന്നിവർക്കെതിരെ ഭാരതീയ നിയമ സംഹിതയിലെ ഗാർഹിക പീഡന നിരോധന വകുപ്പ് പ്രകാരവും സ്ത്രീകൾക്കെതിരെയുള്ള ക്രൂരത വകുപ്പ് പ്രകാരവും (85, 115 (2)) ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിട്ടുണ്ട്.
2022 ഫെബ്രുവരി 20നാണ് നഫീസത് നിഹാല തസ്‌നീമും അബ്‌ദുർ റഹ്‌മാൻ മുനാസിലും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹത്തിന്റെ ആദ്യ നാളുകളിൽ തന്നെ ഭർത്താവിന്റെ ഭാഗത്ത് നിന്നും മാനസിക പീഡനം തുടങ്ങിയിരുന്നുവെന്നും സ്ത്രീധനം കുറഞ്ഞതിന്റെ പേരിലായിരുന്നു ഉപദ്രവമെന്നുമാണ് പരാതി. പിന്നീട് ശാരീരിക പീഡനവും മാനസിക പീഡനവും ഒരുമിച്ച് നേരിടേണ്ടി വന്നുവെന്ന് യുവതിയും ബന്ധുക്കളും കാസർകോട് വാർത്തയോട് പറഞ്ഞു.
കഴുത്തിന് പിടിച്ച് ഞെക്കുകയും മർമ ഭാഗങ്ങളിൽ മർദിക്കുകയും ചെയ്യുന്നത് പതിവായിരുന്നു. ഭർതൃമാതാവ് സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ മാനസികമായി പീഡിപ്പിച്ചിരുന്നു. മൂക്കിനും മറ്റും ഗുരുതരമായി പരുക്കേറ്റിരുന്നു. പീഡനം കാരണം ഭർതൃവീട്ടിൽ നിന്നും ഇറങ്ങിയോടി രക്ഷപ്പെട്ട് ഇപ്പോൾ പിതാവിന്റെ വീട്ടിലാണ് കഴിയുന്നതെന്നും യുവതി പറഞ്ഞു.
കയ്യിലുണ്ടായിരുന്ന സ്വർണവും മറ്റും ഭർതൃവീട്ടുകാർ പിടിച്ച് വാങ്ങിയതായും ഇത് ഭർതൃമാതാവിന്റെ കസ്റ്റഡിയിലാണ് ഉള്ളതെന്നും യുവതി കൂട്ടിച്ചേർത്തു. സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും വിശദമായ അന്വേഷണം നടത്തി ഭർത്താവിനും ഭർതൃമാതാവിനുമെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കാസർകോട് ഡിവൈഎസ്‌പി അടക്കമുള്ളവർക്കും യുവതി പരാതി നൽകിയിട്ടുണ്ട്.