Murder | അരുംകൊല കണ്ണൂരിനെ ഞെട്ടിച്ചു; യുവാവിന്റെ ക്രൂരതയിൽ പിടഞ്ഞുമരിച്ചത് ഭാര്യയും ഭാര്യാമാതാവും; 12 വയസുള്ള മകന് പരുക്ക്
വിവരത്തെ തുടർന്ന് ഇരിട്ടി ഡിവൈഎസ്പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി
കണ്ണൂർ: (KasargodVartha) കാക്കയങ്ങാട് വിളക്കോട് തൊണ്ടംകുഴി ചെറുവോടിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ നടന്ന രണ്ട് കൊലപാതകങ്ങൾ നാടിനെ ഞെട്ടിച്ചു. പി കെ അലീമ (53), മകൾ സെൽമ (30) എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സെൽമയുടെ മകൻ ഫഹദിനും (12) പരിക്കുണ്ട്. സെൽമയുടെ ഭർത്താവ് ശാഹുൽ ഹമീദാണ് വെട്ടിയതെന്നാണ് പൊലീസ് പറയുന്നത്.
ശാഹുൽ ഹമീദിനെ മുഴകുന്ന് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ബഹളം കേട്ടെത്തിയ അയൽവാസികളാണ് മൂവരെയും ആശുപത്രിയിലെത്തിച്ചത്. എന്നാൽ അലീമയും സെൽമയും മരണപ്പെടുകയായിരുന്നു. മൃതദേഹങ്ങൾ പേരാവൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആക്രമണത്തിനിടെ ശാഹുൽ ഹമീദിനും പരുക്കേറ്റിട്ടുണ്ട്.
കുടുംബത്തിനുള്ളിൽ ഉണ്ടായ തർക്കമാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രഥാമിക നിഗമനം. വിവരത്തെ തുടർന്ന് ഇരിട്ടി ഡിവൈഎസ്പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തിയിരുന്നു.