Allegation | ശൈമയുടെ മരണം: ഭർത്താവ് ഒളിവിൽ തന്നെ; യുവതി ആത്മഹത്യാ കുറിപ്പ് ഒളിച്ചുവെച്ചത് രഹസ്യ ഭാഗത്ത് പാഡിനുള്ളിൽ; 'കുറിപ്പില്‍ വിവരിക്കുന്നത് മുഴുവൻ ഭർത്താവിൻ്റെ ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങൾ'
● യുവതിയുടെ മരണത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ രംഗത്ത്
● പൊലീസ് അന്വേഷണം പുരോഗമിക്കുന്നു
● ജഅഫറിനെതിരെ പൊലീസ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടില്ല
കാസര്‍കോട്: (KasargodVartha) ബോവിക്കാനം പൊവ്വൽ ബെഞ്ച് കോർടിൽ ഭർതൃമതിയായ ഹലീമ എന്ന ശൈമ (35) യുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊർജിതം. ഇൻക്വസ്റ്റ് നടത്തുന്നതിനിടെ യുവതിയുടെ രഹസ്യ ഭാഗത്ത് പാഡിനകത്താക്കി ഒളിപ്പിച്ചുവെച്ച ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഭർത്താവോ മറ്റോ കുറിപ്പ് കീറിക്കളയാൻ സാധ്യത ഉണ്ടെന്ന് കണക്കാക്കിയാണ് യുവതി കുറിപ്പ് പാഡിനകത്താക്കി രഹസ്യ ഭാഗത്ത് ഒളിപ്പിച്ചതെന്നാണ് വിലയിരുത്തൽ.
ഭർത്താവിന്റെ ക്രൂരമായ പീഡന കഥകളാണ് യുവതി കുറിപ്പിൽ വിവരിച്ചിട്ടുള്ളതെന്നാണ് സൂചന. തന്റെ മക്കളെ നന്നായി നോക്കണമെന്ന് യുവതി കുറിപ്പിൽ മാതാവിനോട് അഭ്യർഥിക്കുന്നുണ്ട്. ഒരു തരത്തിലും ജീവിക്കാൻ കഴിയാത്തത് കൊണ്ടാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും ശൈമ കത്തിൽ കുറിച്ചു. യുവതിയുടെ മരണ വിവരം അറിഞ്ഞത് മുതൽ മുങ്ങിയ ഭർത്താവ് ജഅഫറിന് വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
അതിനിടെ കുറിപ്പ് ലഭിച്ചിട്ടും ജഅഫറിനെതിരെ പൊലീസ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിട്ടില്ല. കേസ് അന്വേഷണം നടന്നുവരികയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ കാസർകോട് വാർത്തയോട് പ്രതികരിച്ചത്. പൊലീസിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ അന്വേഷണം ഉണ്ടായിട്ടില്ലെന്ന് യുവതിയുടെ വീട്ടുകാർ കുറ്റപ്പെടുത്തുന്നുണ്ട് .
മരിച്ച ശൈമയുടെ മാതാവ് യുവതിക്ക് അഞ്ച് പെൺമക്കൾ ഉള്ളതിനാൽ പൊവ്വലിലെ വീട്ടിലാണ് ഇപ്പോൾ കഴിയുന്നത്. ഭർത്താവിന്റെ ചില ബന്ധുക്കൾ ഇവരെ ശല്യപ്പെടുത്തുന്നുണ്ടെന്ന് യുവതിയുടെ ബന്ധുക്കൾ പറയുന്നുണ്ട്. ശൈമയെ മരിച്ച നിലയിൽ കണ്ടെത്തിയ ഇവർ താമസിച്ചിരുന്ന വാടക ക്വാർടേഴ്സിൽ അല്ല, ഒന്നരവർഷം മുമ്പ് യുവതിയുടെ സ്വർണം പണയപ്പെടുത്തി നിർമിച്ചതായി പറയുന്ന വീട്ടിലാണ് യുവതിയുടെ മക്കളും മാതാവും ഇപ്പോഴുള്ളത്. അതുകൊണ്ട് തന്നെയാണ് മൃതദേഹം പൊവ്വല്‍ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കിയത്.
അതിനിടെ, മരിച്ച യുവതിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും യുവതിയുടെ വീട്ടുകാർ ആവശ്യപ്പെട്ടു. യുവതിയുടെ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഭർത്താവിന്റെ സംശയ രോഗത്തെ തുടർന്ന് പിടിച്ചുവാങ്ങിയതായി പറയുന്നുണ്ട്. ഇതിന് ശേഷം ശൈമ സ്വന്തം വീട്ടിൽ പോയ സമയത്ത് വിളിച്ചുകിട്ടുന്നതിന് ഫീചർ ഫോൺ മാതാവ് നൽകിയിരുന്നതായും വീട്ടിൽ തിരിച്ചെത്തിയ ശൈമയെ ഭർത്താവ് വിവസ്ത്രയാക്കി പരിശോധിക്കുകയും ഫോൺ കണ്ടെത്തി എറിഞ്ഞുപൊളിക്കുകയും ചെയ്തിരുന്നുവെന്നും ആരോപണമുണ്ട്.
സംശയ രോഗം കാരണമാണ് താമസിച്ചിരുന്ന ക്വാർടേഴ്സിൽ ഭർത്താവ് സിസിടിവി സ്ഥാപിച്ചതെന്ന ആരോപണവും യുവതിയുടെ ബന്ധുക്കൾ ഉന്നയിച്ചിട്ടുണ്ട്. അതിക്രൂരമായ മർദനവും കൊടിയ പീഡനവും ഏറ്റുവാങ്ങിയിട്ടും യുവതി എല്ലാം സഹിച്ച് ഭർത്താവിനൊപ്പം കഴിഞ്ഞത് പറക്കമുറ്റാത്ത അഞ്ച് മക്കളെ ഓർത്താണെന്നും യുവതിയുടെ വീട്ടുകാർ പറയുന്നു. സംഭവത്തിൽ അന്വേഷണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷൻ, ജില്ലാ പൊലീസ് മേധാവി, പൊലീസ് കംപ്ലെയ്ന്റ്സ് അതോറിറ്റി എന്നിവർക്ക് പരാതി നൽകുമെന്ന് യുവതിയുടെ വീട്ടുകാർ പറഞ്ഞു.
#domesticviolence #stopviolenceagainstwomen #justiceforshaima #kerala #india #womenempowerment