Crime | വിവാഹ വാഗ്ദാനം നൽകി ഡോക്ടറെ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയെന്ന സംഭവം: സംഘത്തിലെ മുഖ്യപ്രതിയായ കാസർകോട്ടെ യുവതി കോഴിക്കോട്ട് അറസ്റ്റിൽ
കേസിൽ ഇർഷാനയുടെ സഹായികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി നടക്കാവ് പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. അറസ്റ്റിലായ ഇർഷാനയെ റിമാൻഡ് ചെയ്തു.
കോഴിക്കോട്: (KasargodVartha) വിവാഹ വാഗ്ദാനം നൽകി ഡോക്ടറെ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയ കേസിൽ, സംഘത്തിലെ മുഖ്യപ്രതിയായ കാസർകോട്ടെ യുവതി കോഴിക്കോട്ട് അറസ്റ്റിൽ. കാസർകോട് നീലേശ്വരം സ്വദേശിനി ഇർഷാന (34) യെയാണ് കോഴിക്കോട് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി സർക്കാർ സർവീസിൽ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശിയായ ഡോക്ടറെ തട്ടിപ്പിനിരയാക്കിയെന്നാണ് പരാതി.
കേസിൽ ഇർഷാനയുടെ സഹായികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി നടക്കാവ് പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. അറസ്റ്റിലായ ഇർഷാനയെ റിമാൻഡ് ചെയ്തു. ഡോക്ടറിൽ നിന്ന് വ്യാജ വിവാഹം നടത്തി 5,60,000 രൂപയാണ് ഇർഷാനയും കൂട്ടുപ്രതികളും തട്ടിയതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കായി തിരച്ചിൽ വ്യാപകമാക്കിയതായും നടക്കാവ് പൊലീസ് അറിയിച്ചു.
സർവീസിൽനിന്ന് വിരമിച്ച ഡോക്ടർ വിവാഹത്തിന് താൽപര്യം ഉണ്ടെന്ന് പത്രത്തിൽ പരസ്യം നൽകിയിരുന്നു. ഇതു മുതലെടുത്താണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ഇർഷാനയ്ക്ക് പുറമെ, കാഞ്ഞങ്ങാട് സ്വദേശികളായ റാഫി, മജീദ്, സത്താർ എന്നിവരും തട്ടിപ്പിൽ പങ്കാളികളായതായാണ് റിപ്പോർട്ട്. വഞ്ചന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഡോക്ടർ പത്രത്തിൽ നൽകിയ പരസ്യം കണ്ട പ്രതികൾ അദ്ദേഹവുമായി ഫോണിൽ ബന്ധപ്പെട്ടു. പിന്നാലെ, കോഴിക്കോട് എത്തി ഡോക്ടറുമായി പലതവണ സംസാരിച്ചു. ഇവർ കൊണ്ടുവന്ന ആലോചനയിൽ വലിയ താൽപര്യം പ്രകടിപ്പിക്കാതിരുന്ന ഡോക്ടറെ പലതവണ സംഭാഷണത്തിലൂടെ വിവാഹത്തിന് സമ്മതിപ്പിച്ചു. വിവാഹത്തിനായി വധുവിനെയും ബന്ധുക്കളെയും കൊണ്ടുവരാനും മറ്റു കാര്യങ്ങൾ ചെയ്യാനും പലതവണയായി ഡോക്ടറിൽ നിന്ന് പണം കൈപ്പറ്റി. ആകെ തുക 5,60,000 രൂപയോളം വരും.
രണ്ടുമാസം മുമ്പ് പ്രതികൾ വീണ്ടും കോഴിക്കോട് എത്തി, ബീച്ചിനടുത്തുള്ള ഒരു ലോഡ്ജിൽ വെച്ച് വിവാഹ ചടങ്ങുകൾ നടത്തുകയും ചെയ്തു. വിവാഹത്തിന് ശേഷം, ഡോക്ടർ മുറിയിൽ നിന്ന് പുറത്തുപോയ സമയത്ത് ആഭരണങ്ങളും ഡോക്ടറുടെ ബാഗും കൈക്കലാക്കി പ്രതികൾ കടന്നുകളയുകയായിരുന്നു. വധുവിന്റെ കഴുത്തിലണിയിച്ച താലിമാല മാത്രം രണ്ട് പവനുണ്ട്. തട്ടിപ്പ് ബോധ്യപ്പെട്ടതോടെ ഡോക്ടർ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടി ലഭിച്ചില്ല. താൻ ചതിക്കപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടർ നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഒരു ആഴ്ച മുമ്പ് പരാതി നൽകി.
പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് നടക്കാവ് പൊലീസ് അറിയിച്ചു. നടക്കാവ് പൊലീസ് കാസർകോട് വച്ചാണ് ഇർഷാനയെ കസ്റ്റഡിയിൽ എടുത്ത് നടക്കാവിൽ എത്തിച്ചത്.