ഡോക്ടർ പോക്സോ കേസിൽ റിമാൻഡിൽ: പ്രണയനൈരാശ്യത്തിലെത്തിയ 14 കാരിയെ പീഡിപ്പിക്കാൻ ശ്രമം

● കേസിനാസ്പദമായ സംഭവം 2023 ഡിസംബറിൽ.
● നാല് തവണ കൗൺസിലിംഗിന് എത്തിച്ചിരുന്നു.
● പെൺകുട്ടി സ്കൂളിൽ വെച്ചാണ് വെളിപ്പെടുത്തിയത്.
● ഹോസ്ദുർഗ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
● പോക്സോയും മറ്റു ഗുരുതര വകുപ്പ് ചുമത്തി.
● പ്രതി മുൻ ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട്.
കാഞ്ഞങ്ങാട്: (KasargodVartha) പ്രണയനൈരാശ്യത്തെ തുടർന്ന് കൗൺസിലിങ്ങിനെത്തിച്ച 14 വയസ്സുകാരിയെ സ്വന്തം വീട്ടിൽ വെച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ ഡോക്ടർ പോക്സോ നിയമപ്രകാരം അറസ്റ്റിലായി റിമാൻഡിൽ.
കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രിയിൽ സൂപ്രണ്ട് തസ്തികയിൽ നിന്ന് വിരമിച്ച സൈക്യാട്രിസ്റ്റ് കൂടിയായ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിയും ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനുമായ ഡോ. വിശാഖ് കുമാറി(61) നെയാണ് ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
തിങ്കളാഴ്ച വൈകീട്ട് ഹോസ്ദുർഗ് ഇൻസ്പെക്ടർ പി. അജിത്ത് കുമാർ ഇദ്ദേഹത്തെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
2023 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിലെ 14 വയസ്സുകാരിയാണ് ഡോക്ടറുടെ പീഡനശ്രമത്തിനിരയായത്. ഡോക്ടറുടെ വീട്ടിൽ നാല് തവണ പെൺകുട്ടിയെ രക്ഷിതാക്കൾ കൗൺസിലിങ്ങിനെത്തിച്ചിരുന്നു.
മൂന്ന് തവണയും നല്ലരീതിയിൽ കൗൺസിലിംഗ് നൽകിയെങ്കിലും നാലാമത്തെ തവണ എത്തിയപ്പോഴാണ് ഡോക്ടർ പെൺകുട്ടിയെ കെട്ടിപ്പിടിച്ച് ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചത്. സംഭവം പെൺകുട്ടി രക്ഷിതാക്കളോടൊന്നും പറഞ്ഞിരുന്നില്ല.
ഈ വർഷം സ്കൂൾ തുറന്നപ്പോൾ സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് പെൺകുട്ടി തനിക്ക് ഡോക്ടറിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി വെളിപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് അറിയിച്ചതിനെ തുടർന്ന് ചന്തേര പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും, സംഭവം നടന്നത് ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് ഹോസ്ദുർഗ് പോലീസിന് കൈമാറുകയുമായിരുന്നു. തുടർന്നായിരുന്നു ഡോക്ടറെ അറസ്റ്റ് ചെയ്തത്. നിലവിൽ പെൺകുട്ടിക്ക് 16 വയസ്സുണ്ട്.
പോക്സോ വകുപ്പിന് പുറമെ, സംരക്ഷണം നൽകേണ്ടയാൾ തന്നെ കുറ്റകൃത്യം നടത്തിയെന്ന വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary : Doctor arrested under POCSO for attempting to sexually assault 14-year-old patient.
#POCSO, #KeralaCrime, #DoctorArrest, #ChildProtection, #Kasaragod, #JusticeForVictim