Police Booked | പ്രമുഖ ശിശുരോഗ വിദഗ്ധൻ പീഡിപ്പിച്ചുവെന്ന് 13 കാരിയുടെ പരാതി; പോക്സോ കേസെടുത്ത് പൊലീസ്
വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ്
തൃക്കരിപ്പൂർ: (KasargodVartha) പ്രമുഖ ശിശുരോഗ വിദഗ്ധൻ (Pediatrician) പീഡിപ്പിച്ചുവെന്ന 13 കാരിയുടെ പരാതിയിൽ ചന്തേര പൊലീസ് പോക്സോ (POCSO Act) ഉൾപെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തു (Police FIR). ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഡോ. സികെപി കുഞ്ഞബ്ദുല്ലയ്‌ക്കെതിരെയാണ് (60) കേസെടുത്തത്. പനി ബാധിച്ച് ചികിത്സയ്ക്ക് എത്തിയപ്പോൾ ഡോക്‌ടർ ശരീരത്തിൽ കടന്നുപിടിച്ചുവെന്നാണ് കുട്ടിയുടെ പരാതി. ഇക്കഴിഞ്ഞ ഫെബ്രുവരി അവസാനം നടന്ന സംഭവം കുട്ടി കഴിഞ്ഞ ദിവസമാണ് മാതാവിനെ അറിയിച്ചത്. കുട്ടിയുടെ പിതാവ് വിദേശത്താണ്.
വീട്ടുകാർ ചൈൽഡ് ലൈൻ (Childline) അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് ബന്ധപ്പെട്ടവർ കുട്ടിയുടെ മൊഴിയെടുത്ത ശേഷം റിപോർട് ചന്തേര പൊലീസിന് (Chandera Police) കൈമാറുകയായിരുന്നു. ചന്തേര സ്റ്റേഷനിലെ വനിതാ ഉദ്യോഗസ്ഥർ കുട്ടിയുടെ വീട്ടിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്‌തത്. ഡോക്ടറുടെ മൊബൈൽ ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലാണ്.
മാസങ്ങൾക്ക് മുമ്പ് സർവീസിൽ നിന്ന് വിരമിച്ച ഡോക്ടർ തൃക്കരിപ്പൂരിൽ പുതിയ ആശുപത്രി തുടങ്ങാനിരിക്കെയാണ് പീഡന പരാതി ഉയർന്നത്. ആശുപത്രിയുടെ പണി ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. നാളിതുവരെ ഒരു പരാതിയും കേൾപ്പിക്കാതിരുന്ന ഡോക്ടർക്കെതിരെ ഇപ്പോൾ ഉയർന്ന പരാതി ഞെട്ടിച്ചതായി പ്രദേശവാസികൾ പറയുന്നു.
പെൺകുട്ടിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്താൻ ഉടൻ അപേക്ഷ നൽകാനാണ് പൊലീസിന്റെ നീക്കം. കേസിൽ അന്വേഷണം തുടങ്ങിയിട്ടേ ഉള്ളൂവെന്നും വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ഇത് സംബന്ധിച്ചുള്ള വസ്തുത കണ്ടെത്താൻ കഴിയുകയുള്ളൂവെന്നുമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രതികരണം. കേസെടുത്തതോടെ ഡോക്ടർ നാട്ടിൽ നിന്ന് മാറി നിൽക്കുകയാണെന്നാണ് വിവരം. മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾ ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്.