Legal Battle | എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യയ്ക്ക് ഉപാധികളോടെ ജാമ്യം; കുറെ കാര്യങ്ങള്‍ ഇനിയും പുറത്ത് വരുമെന്നും വാദം കോടതി അംഗീകരിച്ചുവെന്നും അഡ്വ. കെ വിശ്വന്‍
● ഒരു കേസാകുമ്പോള്‍ എല്ലാ ഭാഗവും പരിശോധിക്കും
● കോടതിയില്‍ പ്രതിഭാഗം പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കപ്പെട്ടുവെന്നതിന് സന്തോഷമുണ്ട്
● ഇനിയും ഒട്ടേറെ കാര്യങ്ങള്‍ പുറത്തുവരാനുണ്ട്
● നാലാം തീയതി കണ്ണൂരില്‍ നിന്നും ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച നവീന്‍ ബാബു ആറിന് ടിവി പ്രശാന്തിനെ കണ്ടതായുള്ള സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളുമുണ്ട്
തലശേരി: (KasargodVartha) എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയ്ക്ക് ഉപാധികളോടെ ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജയിലിലായി 11 ദിവസത്തിനുശേഷമാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ട് ആളുടെ ജാമ്യത്തിലാണ് ദിവ്യക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണം, ജില്ല വിടാന്‍ പാടില്ല എന്നീ ഉപാധികളാണ് ജാമ്യം നല്‍കാന്‍ കോടതി മുന്നോട്ട് വച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും ദിവ്യയോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ജാമ്യം കിട്ടിയതില്‍ സന്തോഷമെന്ന് ദിവ്യയുടെ അഭിഭാഷകന്‍ കെ വിശ്വന്‍ പ്രതികരിച്ചു. കോടതിയില്‍ വിശ്വാസമുണ്ടായിരുന്നു. വസ്തുതകള്‍ പരിശോധിച്ചാണ് കോടതി വിധി പറഞ്ഞത്. പ്രതീക്ഷിച്ച വിജയം തന്നെയാണുണ്ടായതെന്നും വിശ്വന്‍ പറഞ്ഞു.
ജാമ്യം അനുവദിച്ചുവെന്ന് മാത്രമേ അറിയൂവെന്നും വിധി പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷക പറഞ്ഞു. നവീന്‍ ബാബുവിന്റെ കുടുംബവുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച വാദംകേട്ട കോടതി വിധിപറയാന്‍ വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കലക്ടറോട് നവീന്‍ബാബു കുറ്റസമ്മതം നടത്തിയെന്ന വാദമായിരുന്നു പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചത്. ആരോപണം നിലനില്‍ക്കുന്നതല്ല. ദിവ്യ അന്വേഷണസംഘവുമായി സഹകരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായി.
പിപി ദിവ്യ ജയില്‍ മോചിതയാകുന്നതോടെ നിയമപോരാട്ടത്തിന് പുതിയ മുഖം കൈവരുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. കെ വിശ്വന്‍. പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചതിന് പിന്നാലെ കോടതി പരിസരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിയില്‍ പ്രതിഭാഗം പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കപ്പെട്ടുവെന്നതിന് സന്തോഷമുണ്ട്. ഒരു കേസാകുമ്പോള്‍ എല്ലാ ഭാഗവും പരിശോധിക്കും. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. നാലാം തീയതി കണ്ണൂരില്‍ നിന്നും ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച നവീന്‍ ബാബു ആറിന് ടിവി പ്രശാന്തിനെ കണ്ടതായുള്ള സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളുമുണ്ടെന്നും വിശ്വം വ്യക്തമാക്കി.
കിലോമീറ്ററുകള്‍ താണ്ടിയാണ് ശ്രീകണ്ഠാപുരത്തു നിന്നും നവീന്‍ ബാബുവിനെ കാണാന്‍ പ്രശാന്തെത്തിയത്. ഇതെന്തിനാണെന്ന കാര്യം അന്വേഷണ സംഘമാണ് പരിശോധിക്കേണ്ടത്. മാധ്യമ കോലാഹലമുണ്ടാക്കിയതുകൊണ്ടൊന്നും സത്യം മറച്ചുവയ്ക്കാന്‍ കഴിയില്ല. കേസില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും അഡ്വ. കെ വിശ്വന്‍ പറഞ്ഞു. കലക്ടറുടെ മൊഴിയുള്‍പ്പെടെ കോടതിയില്‍ പ്രതിഭാഗം സമര്‍പ്പിച്ച രേഖകള്‍ പരിശോധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
#DivyaCase, #LegalBattle, #CourtUpdate, #KeralaNews, #AdvVishwan, #Evidence