Dispute | 'പരപ്പ കനകപ്പള്ളിയിൽ ചർച്ച് സെമിത്തേരിയുമായി ബന്ധപ്പെട്ട് തർക്കം; അടിയേറ്റ് യൂത്ത് കോൺഗ്രസ് നേതാവിന് പരുക്ക്'
● യൂത്ത് കോൺഗ്രസ് ബളാൽ മണ്ഡലം വൈസ് പ്രസിഡന്റ് ഷനോജിന് പരിക്ക്.
● തലയ്ക്ക് പരിക്കേറ്റ ഷനോജ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
● സന്തോഷ് ജോസഫും സുഹൃത്തുക്കളുമാണ് അക്രമത്തിന് പിന്നിലെന്ന് ഷനോജ് ആരോപിച്ചു.
സുധീഷ് പുങ്ങംചാൽ
വെള്ളരിക്കുണ്ട്: (KasargodVartha) പരപ്പ കനകപ്പള്ളിയിൽ പള്ളി സെമിത്തേരിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ അടിയേറ്റ് യൂത്ത് കോൺഗ്രസ് നേതാവിന് പരുക്ക്. യൂത്ത് കോൺഗ്രസ് ബളാൽ മണ്ഡലം വൈസ് പ്രസിഡന്റ് ഷനോജ് മാത്യുവിനാണ് (33) തലയ്ക്കു പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയാണ് സംഭവം.
സംഭവത്തെ കുറിച്ച് ഷനോജ് മാത്യു പറയുന്നത് ഇങ്ങനെ: 'കനകപ്പള്ളിയിലെ സന്തോഷ് ജോസഫ് എന്നയാൾ ഞായറാഴ്ച രാവിലെ പള്ളി സെമിത്തേരിയുമായി ബന്ധപ്പെട്ട് തർക്കം ഉന്നയിച്ചിരുന്നു. ഇയാൾ കുർബാനയ്ക്ക് ശേഷം പള്ളി വികാരിയുടെ വാഹനത്തിനു മുകളിലേക്ക് പെയിന്റ് കോരിയൊഴിച്ച് വൃത്തികേടുമാക്കി. ഇത് ഒരു വിഭാഗം ചോദ്യം ചെയ്യൂകയും പൊലീസിൽ പരാതി പറയുകയും ചെയ്തു.
വെള്ളരിക്കുണ്ട് എസ്ഐ സ്ഥലത്ത് എത്തുകയും പ്രശ്നം പരിഹരിക്കുകയും ചെയ്‌തിരുന്നു. ഇതിന് ശേഷമാണ് സന്തോഷ് ജോസഫിന്റെ സുഹൃത്തായ ഷാരോൺ, ഇയാളുടെ പിതാവ് നെൽസൺ എന്നിവർ ചേർന്ന് അക്രമിച്ചത്. കല്ലു കൊണ്ടും കത്തി പോലുള്ള ആയുധവും ഉപയോഗിച്ച് തന്നെ അക്രമിക്കുകയായിരുന്നു'. തലയ്ക്ക് പരിക്കേറ്റ ഷനോജ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
#Kanakappally #CemeteryDispute #YouthCongress #Kerala #Attack #LocalNews