ധര്‍മ്മസ്ഥല ഗൂഢാലോചന കേസിൽ പ്രത്യേക സംഘത്തിന് തിരിച്ചടി; അന്വേഷണം ഹൈകോടതി സ്റ്റേ ചെയ്തു
● ശുചീകരണ തൊഴിലാളിയായ സി എൻ ചിന്നയ്യയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ എടുത്ത കേസിലാണ് നടപടി.
● നവംബർ 12-ന് ഈ ഹർജിയിൽ വിശദമായ വാദം നടക്കും വരെയാണ് കോടതി സ്റ്റേ അനുവദിച്ചത്.
● കേസിലെ ഗൂഢാലോചനയിൽ പങ്കാളികളെന്ന് സംശയിക്കപ്പെടുന്ന നാല് പേർ നൽകിയ ഹർജിയിലാണ് നടപടി.
● വാദിയോ പ്രതിയോ അല്ലാതിരുന്നിട്ടും ഒമ്പത് തവണ സമൻസ് അയച്ചതിനെ ഹർജിക്കാർ ചോദ്യം ചെയ്തു.
● പ്രത്യേകം എഫ് ഐ ആർ ഇല്ലാതെ പലതവണ നോട്ടീസ് അയച്ചത് ശരിയായ നടപടിയല്ലെന്ന് കോടതി വിമർശിച്ചു.
ബെംഗളൂരു: (KasargodVartha) ധര്‍മ്മസ്ഥല ഗൂഢാലോചന കേസ് അന്വേഷണത്തിൽ പ്രത്യേക സംഘത്തിന് തിരിച്ചടി. ശുചീകരണ തൊഴിലാളിയായ സി എൻ ചിന്നയ്യയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എടുത്ത കേസിലെ അന്വേഷണമാണ് കർണാടക ഹൈകോടതി താൽക്കാലികമായി സ്റ്റേ ചെയ്തത്. നവംബർ 12-ന് ഈ ഹർജിയിൽ വിശദമായ വാദം നടക്കും വരെയാണ് കർണാടക ഹൈകോടതി അന്വേഷണ നടപടികൾ സ്റ്റേ ചെയ്തത്.
ഒമ്പത് സമൻസ് ചോദ്യം ചെയ്തു
കേസിലെ ഗൂഢാലോചനയിൽ പങ്കാളികളായെന്ന് സംശയിക്കപ്പെടുന്ന ഗിരീഷ് മട്ടന്നവർ, ജയന്ത് ടി, മഹേഷ് ഷെട്ടി തിമരോടി, വിത്താല ഗൗഡ എന്നിവർ നൽകിയ ഹർജിയിലാണ് കോടതി നടപടി. തങ്ങളുടെ പരാതിയിൽ എടുത്ത എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ ഹൈകോടതിയെ സമീപിച്ചത്. കേസിൽ വാദിയോ പ്രതിയോ അല്ലെന്നിരിക്കെ തങ്ങൾക്ക് ഒമ്പത് തവണ സമൻസ് അയച്ചു കഴിഞ്ഞെന്നും 10-ാമത്തെ നോട്ടീസ് 27-ന് ലഭിച്ചെന്നും ഇത് നിയമവിരുദ്ധ നടപടി ആണെന്നും കാണിച്ചാണ് നാല് പേരടങ്ങുന്ന സംഘം ഹൈകോടതിയിൽ എത്തിയത്.
കോടതിയുടെ വിമർശം
ഹർജി പരിഗണിച്ച കർണാടക ഹൈകോടതി, പ്രത്യേകം എഫ് ഐ ആർ രജിസ്റ്റർ ചെയ്യാതെ ഒരേ കേസിൽ പലതവണ നോട്ടീസ് അയച്ചത് ശരിയായ നടപടിയല്ല എന്ന് വിമർശിച്ചു. അതിനിടെ, ധർമസ്ഥല വിവാദങ്ങൾക്ക് പിന്നാലെ ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡൻ്റിനെ നാടുകടത്താനും ഉത്തരവ് ഇറങ്ങിയിരുന്നു. അഞ്ച് കേസുകളിൽ പ്രതിയായ സാഹചര്യത്തിലായിരുന്നു നീക്കം. ദക്ഷിണ കന്നട ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നാണ് മഹേഷ് ഷെട്ടി തിമരോടിക്ക് വിലക്ക് ഏർപ്പെടുത്തിയത്.
വെളിപ്പെടുത്തലിന് തെളിവില്ല
നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും മൃതദേഹം മറവ് ചെയ്‌തെന്നായിരുന്നു ശുചീകരണ തൊഴിലാളിയായിരുന്ന സി എൻ ചിന്നയ്യയുടെ വെളിപ്പെടുത്തൽ. ധർമ്മസ്ഥലയിലെ 13 ഇടങ്ങളാണ് പ്രത്യേകാന്വേഷണ സംഘത്തിന് മുമ്പാകെ സാക്ഷി ചൂണ്ടിക്കാണിച്ച് നൽകിയത്. ഇവിടെയെല്ലാം അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും വെളിപ്പെടുത്തലിന് അനുസരിച്ച് ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കേസിലെ അന്വേഷണത്തിന് സ്റ്റേ നൽകിക്കൊണ്ടുള്ള ഹൈകോടതി നടപടി. .
ധര്‍മ്മസ്ഥല ഗൂഢാലോചന കേസിൽ അന്വേഷണത്തിന് സ്റ്റേ വന്നത് എന്തുകൊണ്ടാണ്? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Karnataka High Court temporarily stayed the investigation into the Dharmasthala conspiracy case.
#DharmasthalaCase #KarnatakaHighCourt #InvestigationStay #ConspiracyCase #LegalSetback #ChinnayyaRevelation






