ധർമ്മസ്ഥല കൂട്ടക്കൊലക്കേസ്: ചിന്നയ്യയെ കോടതിയിലെത്തിച്ച് മൊഴിയെടുത്തു; തിമറോഡിയെ നാടുകടത്തി
● ചിന്നയ്യയുടെ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തി.
● അന്വേഷണ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് പ്രതിയാക്കിയത്.
● തിമറോഡിക്കെതിരെ മുപ്പതിലധികം കേസുകളുണ്ടെന്ന് പോലീസ് റിപ്പോർട്ട്.
മംഗളൂരു: (KasargodVartha) ധർമ്മസ്ഥല കൂട്ടക്കൊലക്കേസിലെ പരാതിക്കാരനും പിന്നീട് പ്രതിയുമായ മാണ്ഡ്യ സ്വദേശി ചിന്നയ്യയെ ബെൽത്തങ്ങാടി പ്രിൻസിപ്പൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 183 പ്രകാരമുള്ള പുതിയ മൊഴി രേഖപ്പെടുത്താനാണ് ഇയാളെ ശിവമൊഗ്ഗ ജയിലിൽനിന്ന് കൊണ്ടുവന്നത്. വ്യാഴാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കും.
ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നൂറിലേറെ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്ന് ധർമ്മസ്ഥലയിൽ ശുചീകരണ തൊഴിലാളിയായിരുന്ന ചിന്നയ്യ വെളിപ്പെടുത്തിയിരുന്നു.
ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ ഇതേ കോടതി, തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് സംരക്ഷണ നിയമത്തിന്റെ പരിരക്ഷയും ലഭ്യമാക്കിയിരുന്നു. ആളെ തിരിച്ചറിയാൻ കഴിയാത്തവിധം ശരീരം പൊതിഞ്ഞായിരുന്നു പ്രത്യേക അന്വേഷണ സംഘം ഇയാളെ ഖനനത്തിനും അന്വേഷണത്തിനും കൊണ്ടുനടന്നത്.
ജൂലൈ 19ന് കർണാടക സർക്കാർ രൂപവത്കരിച്ച എസ്ഐടി അന്വേഷണം തുടരുന്നതിനിടെ ഓഗസ്റ്റ് 18ന് ചിന്നയ്യ ഹാജരാക്കിയ തെളിവുകളിലും പിന്നീട് നൽകിയ മൊഴികളിലും പൊരുത്തക്കേടുകൾ കണ്ടെത്തി. ഇതേത്തുടർന്ന് സംരക്ഷണം പിൻവലിച്ച് പ്രതിയാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. നിലവിൽ ശിവമൊഗ്ഗ ജയിലിൽ തടവുകാരനാണ് ചിന്നയ്യ.
ധർമ്മസ്ഥലയുമായി ബന്ധപ്പെട്ട മറ്റൊരു നീക്കത്തിൽ, കൂട്ടക്കൊലക്കേസ്, പി.യു. കോളജ് വിദ്യാർഥിനി സൗജന്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം തുടങ്ങി ധർമ്മസ്ഥലക്കെതിരായ സമരങ്ങളുടെ മുൻനിര പ്രവർത്തകനായ മഹേഷ് ഷെട്ടി തിമറോഡിയെ നാടുകടത്തി. റായ്ച്ചൂർ ജില്ലയിലെ മാൻവി താലൂക്കിലേക്ക് ഒരു വർഷത്തേക്കാണ് ഇയാളെ മാറ്റിയത്.
2012ൽ ധർമ്മസ്ഥലയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സൗജന്യയുടെ കുടുംബത്തിന് നീതി നേടി പ്രവർത്തിക്കുന്ന ‘ജസ്റ്റിസ് ഫോർ സൗജന്യ ആക്ഷൻ കമ്മിറ്റി’യുടെ ചെയർമാനായ തിമറോഡി കൂട്ട ശവസംസ്‌കാരവുമായി ബന്ധപ്പെട്ട സമരങ്ങളിലും സജീവമായിരുന്നു.
തിമറോഡിക്കെതിരെ ഒന്നിലധികം പോലീസ് സ്റ്റേഷനുകളിലായി 32-ഓളം കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെന്ന് ബെൽത്തങ്ങാടി അസി. പോലീസ് കമ്മീഷണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ധർമ്മസ്ഥല കേസുമായി ബന്ധപ്പെട്ട ഈ വിവരങ്ങൾ നിങ്ങൾക്ക് എങ്ങനെയുണ്ട്? നിങ്ങളുടെ അഭിപ്രായം പങ്കുവെയ്ക്കൂ, സുഹൃത്തുക്കളുമായി ഇത് ഷെയർ ചെയ്യൂ.
Article Summary: Key witness in Dharmasthala case becomes accused, activist exiled.
#Dharmasthala #JusticeForSoujanya #DharmasthalaCase #KarnatakaCrime #Chinnayya #Timarody






