Arrest | ഗഫൂർ ഹാജിയുടെ മരണം: അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി

● സൈഫുദ്ദീൻ എന്നയാളെയാണ് ഏറ്റവും ഒടുവിൽ അറസ്റ്റ് ചെയ്‌തത്
● പ്രതികളായ 2 പേർ വിദേശത്തേക്ക് കടന്നു
● ഇവരെ നാട്ടിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായം തേടി
കാസർകോട്: (KasargodVartha) പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂർ ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒരു പ്രതിയെ കൂടി അന്വേഷണ ഉദ്യോഗസ്ഥനായ ഡിസിആർബി ഡിവൈഎസ്പി കെ ജെ ജോൺസനും സംഘവും അറസ്റ്റ് ചെയ്തതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. എഴാം പ്രതി ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സൈഫുദ്ദീനെ (37) യാണ് ഏറ്റവും ഒടുവിൽ അറസ്റ്റ് ചെയ്‌തത്.
ഒന്നാം പ്രതി മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉവൈസ് (32), ഇയാളുടെ ഭാര്യ മന്ത്രവാദിനി ശമീന (34), ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ അസ്നീഫ (34), വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആഇശ (42) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഡിസംബർ രണ്ടിനാണ് നാല് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഗഫൂർ ഹാജി മരണപ്പെട്ട ദിവസം, ഇപ്പോൾ അറസ്റ്റിലായ സൈഫുദ്ദീൻ നേരത്തെ അറസ്റ്റിലായ പ്രതികൾക്കൊപ്പം ഉണ്ടായിരുന്നതായി പ്രതികൾ മൊഴി നൽകിയിരുന്നു. ഇയാൾ ഗഫൂർ ഹാജിയുടെ വീട്ടിൽ നിന്ന് കവർന്ന 596 പവൻ സ്വർണാഭരണങ്ങളിൽ നിന്ന് ഒരു ഭാഗം ബാങ്കുകളിൽ പണയപ്പെടുത്തിയതായി മൊഴി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച തെളിവെടുപ്പിന് കൊണ്ടു പോകുമെന്ന് ഡിവൈഎസ്പി വെളിപ്പെടുത്തി.
ആദ്യ മൂന്നു പ്രതികൾ അറസ്റ്റിലായത് മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിലാണ്. നാലാം പ്രതി ആഇശയ്‌ക്ക് കഴിഞ്ഞ മാസം 27ന് ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട രണ്ട് പേർ വിദേശത്തേക്ക് മുങ്ങിയിരുന്നു. ഇവരെ നാട്ടിലെത്തിക്കാൻ ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്.
ഈ വാർത്ത പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
The investigation into the death of Gafur Haji has led to five arrests, with authorities searching for two individuals who fled abroad.
#GafurHaji #Kasargod #Arrests #CrimeNews #Investigation #Kerala