city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrests Expected | ഗഫൂർ ഹാജിയുടെ മരണം: കൂടുതൽ പേർ ഉടൻ അറസ്റ്റിലാകുമെന്ന് സൂചന; മന്ത്രവാദിനി ശമീമയെ സഹായിച്ച യുവാക്കൾ പൊലീസ് നിരീക്ഷണത്തിൽ

Gafur Haji, death, investigation, Kasargod
Image Credit: Arranged

● ശമീമ സാമ്പത്തികമായി സഹായിച്ചതായി സംശയിക്കുന്ന ആറു പേരാണ് പൊലീസിൻ്റെ നിരീക്ഷണത്തിലുള്ളത്.
● ശമീമയെ സഹായിച്ച ആറ് യുവാക്കൾ പൊലീസിന്റെ നിരീക്ഷണത്തിൽ.
● വിചാരണ കോടതിയെ സമീപിച്ചുവെങ്കിലും വെറും രണ്ട് ദിവസത്തേക്കാണ് പ്രതികളെ വിട്ടുകൊടുക്കാൻ തയ്യാറായത്. 
● ശനിയാഴ്‌ച കസ്റ്റഡി അപേക്ഷ ജില്ലാ കോടതി പരിഗണിക്കുന്നുണ്ട്. 

കാസർകോട്: (KasargodVartha) പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുൽ ഗഫൂർ ഹാജി (58) യുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ രണ്ട് ദിവസത്തിനകം അറസ്റ്റിലാകുമെന്ന് സൂചന. കേസിൽ അറസ്റ്റിലായ മന്ത്രവാദിനിയെന്ന് അറിയപ്പെടുന്ന ശമീമയെ സഹായിച്ചതായി പറയുന്ന ആറ് യുവാക്കൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇവരിൽ ചിലർക്ക് നേരിട്ട് മരണവുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്.

ശമീമ സാമ്പത്തികമായി സഹായിച്ചതായി സംശയിക്കുന്ന ആറു പേരാണ് പൊലീസിൻ്റെ നിരീക്ഷണത്തിലുള്ളത്. ഇവരിൽ ചിലരെ കേസന്വേഷിക്കുന്ന ഡിസിആർബി ഡി വൈ എസ് പി കെ ജെ ജോൺസൺൻ്റെ നേതൃത്വലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതായി വിവരമുണ്ട്. നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി ഉവൈസ് (38), രണ്ടാം പ്രതിയും ഉവൈസിന്റെ ഭാര്യയുമായ ശമീമ (38), മൂന്നാം പ്രതി അസ്നീഫ (34), നാലാം പ്രതി ആഇശ (40) എന്നിവരെ രണ്ട് ദിവസം മാത്രമേ പ്രത്യേക അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടുള്ളു.

പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവ് ശേഖരിക്കുന്നതിനും ഗഫൂർ ഹാജിയിൽ നിന്നും  തട്ടിയെടുത്ത 596 പവൻ സ്വർണം കണ്ടെടുക്കുന്നതിനും 10 ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതിയെ സമീപിച്ചുവെങ്കിലും വെറും രണ്ട് ദിവസത്തേക്കാണ് പ്രതികളെ വിട്ടുകൊടുക്കാൻ തയ്യാറായത്. ഇതിനെതിരെ അന്വേഷണ സംഘം ജില്ലാ സെഷൻ കോടതിയെ സമീപിച്ചിട്ടുണ്ട്. 

ശനിയാഴ്‌ച കസ്റ്റഡി അപേക്ഷ ജില്ലാ കോടതി പരിഗണിക്കുന്നുണ്ട്. പ്രതികളെ കസ്റ്റഡിയിൽ കിട്ടിയാൽ പ്രതികൾക്കൊപ്പം ഇരുത്തി സംശയിക്കുന്ന യുവാക്കളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം തീരുമാനിച്ചിട്ടുള്ളത്. തട്ടിയെടുത്ത സ്വർണത്തിൽ കുറച്ച് ഭാഗം മാത്രമാണ് മൂന്ന് സ്വർണക്കടകളിൽ നിന്നായി പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

ബാക്കി സ്വർണം എന്തു ചെയ്തുവെന്നത് അടക്കമുള്ള കാര്യങ്ങൾ പ്രതികളിൽ നിന്ന് തന്നെയാണ് അറിയേണ്ടത്. ശനിയാഴ്ച തന്നെ അറസ്റ്റിലായ പ്രതികൾ നൽകിയ ജാമ്യാപേക്ഷയും ജില്ലാ കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. ജാമ്യാപേക്ഷ വിചാരണ കോടതി തള്ളിയതിനെ തുടർന്നാണ് പ്രതികൾ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ശമീമയുടെ അരിക് ചേർന്ന് നിന്ന് പെട്ടന്ന് ലക്ഷങ്ങളുടെ കാറും മറ്റ് സാമ്പത്തിക നേട്ടങ്ങളും ഉണ്ടാക്കിയെന്ന് വിവരം ലഭിച്ച യുവാക്കളുടെ സാമ്പത്തിക സ്രോതസിനെ കുറിച്ചും പ്രത്യേക അന്വേഷണ സംഘം വിവരം ശേഖരിച്ച് വരുന്നുണ്ടെന്നാണ് അറിയുന്നത്. ഗഫൂർ ഹാജിയുടെ മരണത്തിന് ശേഷം പ്രധാന പ്രതി ഒരു അഭിഭാഷകനെ വിളിച്ച് നിയമോപദേശം തേടിയിരുന്നുവെന്ന സുപ്രധാന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. അഭിഭാഷകനിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിട്ടുണ്ടെന്നും അറിയുന്നു.

ക്രിസ്മസ് അവധി അടക്കം ഉണ്ടായത് കൊണ്ട് അന്വേഷണത്തിന് പൊലീസിന് തടസ്സങ്ങൾ നേരിട്ടിരുന്നു.
ഗഫൂർ ഹാജിയുടെ മരണത്തിന് പിന്നാലെ കാണാതായ 596 പവന്‍ ആഭരണങ്ങൾ വാങ്ങിയവരെ കണ്ടെത്താനുള്ള നടപടികൾക്ക് അന്വേഷണ സംഘം നേരത്തേ തന്നെ ശ്രമം ആരംഭിച്ചിട്ടുണ്ട്. കുറച്ച് സ്വർണം ജ്വലറികളിൽ വിറ്റതായി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലയിലെ ചില സ്വർണ വ്യാപാരികളിൽ  നിന്നും അന്വേഷണ സംഘം മൊഴിയെടുത്തത്.

2023 ഏപ്രിൽ 14ന് നടന്ന കൊലപാതകത്തിൽ ഒടുവിൽ അന്വേഷണം നടത്തിയത് ജില്ലാ പൊലീസ് മേധാവി ഡി ശിൽപയുടെ മേല്‍നോട്ടത്തില്‍ ഡിസിആർബി ഡിവൈഎസ്പി കെ ജെ ജോൺസൻ്റെ  നേതൃത്വത്തിലായിരുന്നു. ഗഫൂർ ഹാജിയുടെ കുടുംബാംഗങ്ങളും കർമസമിതി അംഗങ്ങളും നാട്ടുകാരും ഉൾപെടെ നിരവധി പേരെ അന്വേഷണ സംഘം നേരത്തേ തന്നെ ചോദ്യം ചെയ്ത് മൊഴിയെടുത്തിട്ടുണ്ട്. 90 ദിവസത്തിനകം കുറ്റപത്രം നൽകിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന സ്ഥിതി ഉണ്ടാകും.

പിതാവിന്‍റെ മരണത്തിലും ആഭരണങ്ങൾ കാണാതായതിന് പിന്നിലും ആഭിചാര ക്രിയ നടത്തുന്ന ശമീമയെയും ഇവരുടെ രണ്ടാം ഭർത്താവായ യുവാവിനെയും സംശയമുണ്ടെന്ന് ഗഫൂർ ഹാജിയുടെ മകൻ ബേക്കല്‍ പൊലീസിലും മുഖ്യമന്ത്രിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘത്തെ അന്വേഷണം ഏൽപിച്ചത്. സഹായികളായി പ്രവർത്തിച്ച ചിലരുടെ ബാങ്ക് അകൗണ്ടുകളിൽ വലിയ തുക നിക്ഷേപം വന്നതായി പൊലീസ് കണ്ടെത്തിയതായി വിവരമുണ്ട്. ഇതിനെ കുറിച്ചും  അന്വേഷണം നടത്തുന്നുണ്ട്.


#GafurHaji, #Shamim, #KasargodNews, #CrimeInvestigation, #PoliceSurveillance, #KeralaNew

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia