Gold Recovery | ഗഫൂർ ഹാജിയുടെ മരണം: മന്ത്രവാദിനിയും കൂട്ടാളികളും കണ്ണൂരിൽ ബ്യൂടി പാർലർ തുടങ്ങിയതായി കണ്ടെത്തി; സഹകരണ ബാങ്കുകളിൽ പണയം വെച്ച കൂടുതൽ സ്വർണം കണ്ടെടുത്തു
● പ്രതികൾ കണ്ണൂർ തെക്കീബസാറിൽ 10 ലക്ഷം രൂപ മുടക്കി ബ്യൂടി പാർലർ തുടങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി.
● പ്രതികൾ ബാങ്കുകളിൽ പണയം വെച്ച 16 പവനോളം വരുന്ന സ്വർണവും അന്വേഷണ സംഘം കണ്ടെടുത്തു.
● 596 പവൻ സ്വർണമാണ് ഗഫൂർ ഹാജിയിൽ നിന്നും പ്രതികൾ തട്ടിയെടുത്തതായി സംശയിക്കുന്നത്.
കാസർകോട്: (KasargodVartha) പ്രവാസി വ്യവസായി പൂച്ചക്കാട്ടെ അബ്ദുൽ ഗഫൂർ ഹാജി (58) യുടെ മരണവുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെയും കൂട്ടിയുള്ള തെളിവെടുപ്പ് തുടരുന്നു. ആറു ദിവസത്തേക്കാണ് മന്ത്രവാദിനി ശമീമ ഉൾപ്പെടെ നാലു പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടിയത്. ശമീമ, ഭർത്താവ് ഉവൈസ്, കൂട്ടുപ്രതികളായ അസ്നിഫ, ആഇശ എന്നിവരെയും കൊണ്ടാണ് തെളിവെടുപ്പ് തുടരുന്നത്.
അതിനിടെ പ്രതികൾ കണ്ണൂർ തെക്കീബസാറിൽ 10 ലക്ഷം രൂപ മുടക്കി ബ്യൂടി പാർലർ തുടങ്ങിയതായി അന്വേഷണ സംഘം കണ്ടെത്തി. ശമീമ, ഉവൈസ്, അസ്നീഫ എന്നിവരുടെ പേരിലാണ് ബ്യൂടി പാർലർ തുടങ്ങിയത്. ഗഫൂർ ഹാജിയിൽ നിന്നും തട്ടിയെടുന്ന സ്വർണം ഉപയോഗിച്ചാണ് ബ്യൂടി പാർലർ തുടങ്ങിയതെന്ന് അന്വേഷണ സംഘം സംശയിക്കുന്നു.
അതിനിടെ പ്രതികൾ ബാങ്കുകളിൽ പണയം വെച്ച 16 പവനോളം വരുന്ന സ്വർണവും അന്വേഷണ സംഘം കണ്ടെടുത്തു. പള്ളിക്കര സർവീസ് സഹകരണ ബാങ്കിലും പൂച്ചക്കാട് സർവീസ് സഹകരണ ബാങ്കിലും പണയം വെച്ച എട്ട് പവനും ഏഴര പവനും വരുന്ന സ്വർണമാണ് കണ്ടെടുത്തത്. ഇതോടെ ഇതിനകം കണ്ടെടുത്ത സ്വർണം 124 പവൻ വരുമെന്നാണ് സൂചന. വിവിധ ജ്വലറികളിൽ നിന്ന് നേരത്തേ 106 പവനോളം സ്വർണം കണ്ടെടുത്തിരുന്നു. 596 പവൻ സ്വർണമാണ് ഗഫൂർ ഹാജിയിൽ നിന്നും പ്രതികൾ തട്ടിയെടുത്തതായി സംശയിക്കുന്നത്.
ഇവർ ഇത്രയും സ്വർണം എന്ത് ചെയ്തു എന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ചാണ് ഡിസിആർബി ഡിവൈഎസ്പി കെ ജെ ജോൺസൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നത്. അടുത്ത ബുധനാഴ്ച വരെ പ്രതികളെ സംഘത്തിന് കസ്റ്റഡിയിൽ കിട്ടിയിട്ടുണ്ട്. അന്വേഷണത്തിനും തെളിവെടുപ്പിനുമായി ചുരുങ്ങിയ സമയം മാത്രം ലഭിക്കുന്നത് കാരണം ഒരുപാട് പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നത്. പ്രതികൾ അന്വേഷണവുമായി സഹകരിക്കാതിരിക്കുന്നതും മറ്റൊരു വെല്ലുവിളിയാണ്. ഗഫൂർ ഹാജിയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ ശാസ്ത്രീയ അന്വേഷണം പ്രത്യേക സംഘം ആരംഭിച്ചിട്ടുണ്ട്.
പ്രതികളുടെ ഫോണിലെ വിവരങ്ങൾ അടക്കം പരിശോധിക്കുന്നുണ്ട്. കേസ് തെളിയിക്കാൻ ഒരു വർഷത്തോളം സമയം എടുത്തതിനാൽ തെളിവുകൾ കോർത്തിണക്കുന്നതിൽ പ്രത്യേക അന്വേഷണ സംഘത്തിന് കടുത്ത വെല്ലുവിളിയുണ്ട് . ബുധനാഴ്ചക്കുള്ളിൽ പ്രതികളിൽ നിന്ന് പരമാവധി വിവരങ്ങൾ ശേഖരിക്കാനും നഷ്ടപ്പെട്ട സ്വർണത്തിൽ ബാക്കി സ്വർണം കണ്ടെത്താനും ഉള്ള ഭഗീരഥ പ്രയത്നത്തിലാണ് അന്വേഷണ സംഘം ഉള്ളത്.
കൊച്ചിയിൽ നിന്നാണ് പ്രതികൾ ബ്യൂടി പാർലറിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിയത് എന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ പ്രതികളുടെ കൊച്ചിയിലെ ഇടപാടുകളും ബന്ധങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇത് കൂടാതെ, പ്രതികൾ കണ്ണൂരിൽ വീട് വാടകയ്ക്ക് എടുത്തതായും കണ്ടെത്തിയിട്ടുണ്ട്. ഈ വാടക വീട് എടുത്തതിന്റെ പിന്നിലെ കാരണവും മറ്റും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം തെക്കി ബസാറിലെ ബ്യൂടി പാർലർ പൊലീസെത്തി വിശദമായി പരിശോധിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ബ്യൂടി പാർലർ പൂട്ടി സീൽ ചെയ്തിട്ടുണ്ട്. ഗഫൂർ ഹാജിയുടെ മരണത്തിൽ പ്രതികൾക്ക് സഹായം ചെയ്തു കൊടുത്തവർ അടക്കമുള്ളവരുടെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയാണ് പ്രത്യേക അന്വേഷണ സംഘം നൽകുന്നത്.
#GafurHajiDeath #KasargodNews #Investigation #GoldRecovery #BeautyParlour #PoliceNews