city-gold-ad-for-blogger

Investigation | പ്രവാസി വ്യാപാരിയുടെ മരണം: മൃതദേഹം പരിയാരത്ത്‌ പോസ്റ്റ് മോർടം നടത്തി; സാമൂഹ്യ മാധ്യമങ്ങളിലൂടെ കൊലപാതകമാണെന്ന പ്രചാരണം നടത്താൻ ശ്രമിച്ചതായി ബന്ധുക്കൾ

M Abdul Gafoor
ഗഫൂർ ബാവ വീട്ടിലേക്ക് പോയി രണ്ടുമണിക്കൂറിന് ശേഷമാണ് മരണവിവരം സുഹൃത്തുക്കളും നാട്ടുകാരും അറിയുന്നത്

കാഞ്ഞങ്ങാട്: (KasaragodVartha) ചൊവ്വാഴ്ച രാവിലെ പ്രഭാത നിസ്‌കാരത്തിന് ശേഷം വീട്ടിലേക്ക് പോയ പ്രവാസി വ്യാപാരിയുടെ മരണത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അജാനൂർ തെക്കുപുറത്തെ എം അബ്ദുൽ ഗഫൂർ എന്ന ഗഫൂർ ബാവയെ (56) യാണ് വീട്ടിലെ ടെറസിന് മുകളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇദ്ദേഹത്തിന് കാഞ്ഞങ്ങാട് സിറ്റി മോൾ കെട്ടിടത്തിലും പാർട്ണർഷിപ് ഉണ്ട്.

ഗൾഫിലെ വ്യാപാരത്തിൽ സാമ്പത്തിക പ്രശ്‌നം ഉണ്ടായതിനെ തുടർന്ന് കാഞ്ഞങ്ങാട് സംസ്ഥാന പാതയോരത്തെ സ്ഥലം വിറ്റ് ബാധ്യത തീർത്തിരുന്നു. ചൊവ്വാഴ്ച രാവിലെ തെക്കെപുറം ജുമാ മസ്ജിദിൽ പ്രഭാത പ്രാർഥനയ്ക്ക് ശേഷം മഴയത്ത് തന്നെ വീട്ടിലേക്ക് പോവുകയായിരുന്നു. സാധാരണ നിസ്‌കാരം കഴിഞ്ഞാൽ തൊട്ടടുത്ത കടയിൽ നിന്നും സുഹൃത്തുക്കൾക്കൊപ്പം ചായ കുടിച്ചാണ് മടങ്ങാറുള്ളതെന്നും ചൊവ്വാഴ്ച ചായ കുടിക്കാൻ നിർബന്ധിച്ചെങ്കിലും ഒന്നും മിണ്ടാതെ വീട്ടിലേക്ക് പോവുകയായിരുന്നുവെന്നുമാണ് സുഹൃത്തുക്കൾ പറയുന്നത്.

ഗൾഫിൽ വ്യാപാരത്തിലുണ്ടായ സാമ്പത്തിക പ്രയാസവും കുടുംബപരമായ ചില പ്രശ്നങ്ങളും ഗഫൂർ ബാവയെ തളർത്തിയിരുന്നതായി സുഹൃത്തുക്കൾ വ്യക്തമാക്കുന്നുണ്ട്. നേരത്തെ ഗൾഫിൽ വെച്ചും ഒരുതവണ ജീവനൊടുക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും സുഹൃത്തുക്കൾ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നുവെന്നും പറയുന്നു. ഗഫൂർ ബാവ വീട്ടിലേക്ക് പോയി രണ്ടുമണിക്കൂറിന് ശേഷമാണ് മരണവിവരം സുഹൃത്തുക്കളും നാട്ടുകാരും അറിയുന്നത്.

സഹോദരങ്ങൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡികൽ കോളജിൽ പോസ്റ്റ് മോർടം നടത്തി തെക്കുപുറം ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കി. ഇതിനിടയിൽസാമൂഹ്യ മാധ്യമങ്ങളിൽ ഗഫൂർ ബാവയുടെ മരണം കൊലപാതകമാണെന്ന തരത്തിൽ പ്രചാരണം നടന്നിരുന്നു. എന്നാൽ ഇത് ബന്ധുക്കൾ തള്ളി. ഗഫൂർ ബാവ വിഷാദ രോഗത്തിന് ചികിത്സ നടത്തിയിരുന്നതായാണ് പറയുന്നത്.

ഐഎൻഎൽ പ്രവർത്തകനാണ് മരിച്ച ഗഫൂർ ബാവ. പാവപ്പെട്ടവരെയും അസുഖം മൂലം കഷ്ടപ്പെടുന്നവരെയും കയ്യയച്ച് സഹായിക്കുന്ന പ്രകൃതക്കാരനായിരുന്നു ഇദ്ദേഹം. കാരുണ്യ പ്രവർത്തനത്തിൽ ഒരു മടിയും കാട്ടാറില്ലെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. അജാനൂർ കടപ്പുറത്തെ കുഞ്ഞഹ് മദിന്റെ മകൾ ഖമറുൽ ലൈലയാണ് ഭാര്യ. ഇവർക്ക് മക്കളില്ല. സഹോദരിമാരിൽ ഒരാളുടെ മകളെ സ്വന്തം മകളായി പോറ്റിവളർത്തി നല്ല രീതിയിൽ വിവാഹം നടത്തിയിരുന്നു.

മരിക്കുന്നതിന് മുമ്പ് തന്റെ പേരിലുണ്ടായിരുന്ന സ്വത്തുക്കൾ ഭാര്യയുടെ പേരിലാക്കിയിരുന്നതായി വിവരമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണമാണ് ഹൊസ്ദുർഗ് പൊലീസ് നടത്തുന്നത്. തൂങ്ങിമരണമെന്ന നിലയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പോസ്റ്റ് മോർടം റിപോർട് ലഭിച്ചാൽ മാത്രമേ കൂടുതൽ പറയാനാകൂ എന്നാണ് പൊലീസ് ഭാഷ്യം.

(ശ്രദ്ധിക്കുക: സ്വയം ജീവനൊടുക്കുന്നത് ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോൾ ഫ്രീ ഹെൽപ് ലൈൻ നമ്പർ: 1056, 0471-2552056).

 

 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia