നീറ്റ് പരിശീലനത്തിനിടെ മരിച്ച വിദ്യാർഥിനിയുടെ സഹോദരൻ്റെ മരണം; നിർണായക വിവരങ്ങൾ പുറത്ത്
● ദുബൈയിൽ നിസാൻ കമ്പനിയിൽ ഓട്ടോമൊബൈൽ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു അർജുൻ
● കഴിഞ്ഞ ജൂണിൽ നീറ്റ് പുനഃപരീക്ഷാ പരിശീലനത്തിനിടെയാണ് സഹോദരി ഐജ ആർ മഹേഷ് മരിച്ചത്
● അമ്മയുടെ പേര് ചേർത്ത് 'അർജുൻ രാധിക' എന്ന പേരിലാണ് ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരുന്നത്
കാസർകോട്: (KasargodVartha) നീറ്റ് പുനഃപരീക്ഷാ പരിശീലനത്തിനിടെ മരിച്ച ബേക്കൽ പള്ളിക്കര മുക്കൂട് സ്വദേശിനി ഐജ ആർ മഹേഷിൻ്റെ സഹോദരൻ അർജുൻ ആർ മഹേഷിൻ്റെ (24) മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മംഗ്ളൂരിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ അർജുൻ്റെ മുറിയിൽനിന്ന് പൊലീസ് നിർണായക കുറിപ്പ് കണ്ടെത്തി. 'അമ്മേ, എന്നോട് ക്ഷമിക്കണം' എന്ന വാക്കുകളോടെയാണ് കത്ത് ആരംഭിക്കുന്നതെന്ന് മംഗ്ളൂരു സിറ്റി പൊലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി വ്യക്തമാക്കി.
മരണവിവരം തൻ്റെ ഏതാനും സുഹൃത്തുക്കളെ അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ദുബൈയിൽ നിസാൻ കമ്പനിയിൽ ഓട്ടോമൊബൈൽ എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു അർജുൻ. സഹോദരി ഐജ ആർ മഹേഷ് (19) കഴിഞ്ഞ ജൂൺ മൂന്നിനാണ് മരിച്ചത്. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് നീറ്റ് പുനഃപരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടെയായിരുന്നു ഐജയുടെ മരണം. സഹോദരിയുടെ വിയോഗത്തെ തുടർന്ന് അർജുൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
യാത്രാവിവരങ്ങളും അന്വേഷണവും
ദുബൈയിൽനിന്ന് നാട്ടിലേക്കെന്ന പേരിലാണ് അർജുൻ പുറപ്പെട്ടത്. ഞായറാഴ്ച (2026 ഓഗസ്റ്റ് ഒൻപത്) നാട്ടിലേക്ക് വരികയാണെന്ന് യുവാവ് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. തുടർന്ന് മംഗ്ളൂരിൽ എത്തിയ അർജുൻ ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മയെ ഫോണിൽ വിളിച്ചിരുന്നെങ്കിലും താൻ ഇന്ത്യയിൽ തിരിച്ചെത്തിയ വിവരം അറിയിച്ചിരുന്നില്ല. പിന്നീട് ദുബൈയിലെ സുഹൃത്തുക്കൾ അർജുൻ നാട്ടിലേക്ക് പുറപ്പെട്ടതായി കുടുംബത്തെ അറിയിച്ചു.
ഇതോടെ കുടുംബാംഗങ്ങൾ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. സംശയം തോന്നിയ ബന്ധുക്കളും അയൽവാസികളും ഞായറാഴ്ച തന്നെ മംഗ്ളൂരിൽ എത്തി പൊലീസിൻ്റെ സഹായത്തോടെ തിരച്ചിൽ ആരംഭിച്ചു. നിരവധി ലോഡ്ജുകളിൽ അന്വേഷിച്ചെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. തുടർന്ന് തിങ്കളാഴ്ച (2026 ഓഗസ്റ്റ് 10) ഉച്ചയോടെ മംഗ്ളൂരു വിമാനത്താവളത്തിന് സമീപം മറവൂരിലെ സ്കൈ ഗ്രാൻഡ് എംപയർ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അമ്മയുടെ പേരിൽ മുറി ബുക്ക് ചെയ്തു
അർജുൻ മഹേഷ് എന്ന പേരിന് പകരം അമ്മയുടെ പേര് ചേർത്ത് 'അർജുൻ രാധിക' എന്ന പേരിലാണ് ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരുന്നതെന്ന് ബജ്പെ പൊലീസ് അറിയിച്ചു. സംഭവത്തിൻ്റെ മറ്റ് സാഹചര്യങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. മംഗ്ളൂരു വെൻലോക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം കുടുംബത്തിന് കൈമാറിയാതായി പൊലീസ് അറിയിച്ചു.
ശ്രദ്ധിക്കുക: സ്വയം ജീവനെടുക്കുന്നത് ഒരു പരിഹാരമല്ല. മാനസിക സമ്മർദ്ദമോ നിരാശയോ അനുഭവപ്പെടുന്നവർ സഹായം തേടണം. ദിശ ഹെൽപ്പ്‌ലൈൻ: 1056 / 0471-2552056 ടെലിമാനസ്: 14416
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകൾക്കും പങ്കുവെക്കുക. പുതിയ വിവരങ്ങൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക. 📲
Article Summary: Crucial death note found in Arjun R Mahesh's hotel room in Mangaluru.
#ArjunRMahesh #MangaluruNews #NEETTragedy #KasaragodNews #KeralaPolice #MalayalamNews #AparnaNews






