Case | സൈബർ ആക്രമണം: മനാഫിനെതിരെ ചുമത്തിയത് കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ; കുടുംബത്തിന്റെ മൊഴിയെടുക്കുമെന്ന് പൊലീസ്; സോഷ്യൽ മീഡിയ പേജുകളും പരിശോധിക്കും
● ചേവായൂർ പൊലീസാണ് കേസെടുത്തത്
● കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി
● സേവ് അർജുൻ ആക്ഷൻ കമ്മിറ്റി പിരിച്ചുവിട്ടു.
കോഴിക്കോട്: (KasargodVartha) ഷിരൂർ മണ്ണിടിച്ചിൽ ദുരന്തത്തിൽ മരണപ്പെട്ട അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടത്തിയെന്ന പരാതിയിൽ ലോറി ഉടമ മനാഫ് അടക്കമുള്ളവർക്കെതിരെ കേസെടുത്തത് കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം. ഭാരതീയ ന്യായ സംഹിത 192, കേരള പൊലീസ് ആക്ട് 120 (ഒ) എന്നീ വകുപ്പുകൾ പ്രകാരമാണ് ചേവായൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അർജുന്റെ കുടുംബം സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിൽ പ്രചാരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ട് പൊലീസ് കേസെടുത്തത്. മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘം പരാതി അന്വേഷിച്ചിരുന്നു. സോഷ്യൽ മീഡിയ പേജുകൾ പരിശോധിക്കുമെന്നും കുടുംബത്തിന്‍റെ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
മനാഫ് സാമൂഹ്യ മാധ്യമങ്ങൾ വഴി തിരച്ചിലുമായി ബന്ധപ്പെട്ട കാര്യങ്ങളും കുടുംബ പാശ്ചാത്തലവും, കുടുംബത്തിൻറെ മാനസികാവസ്ഥയും വൈകാരികതയും മുതലെടുത്ത് പ്രചരണങ്ങൾ നടത്തുകയും അർജുൻറെ ഫോട്ടോ ഉപയോഗിച്ച് 'ലോറിയുടമ മനാഫ്' എന്ന പേരിലുള്ള യൂ ട്യൂബ് ചാനൽ ആരംഭിച്ച് കുടുംബത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിൽ ആരോപിക്കുന്നു.
പരാതിക്കാരി മാധ്യമങ്ങളിലൂടെ സത്യാവസ്ഥ വ്യക്തമാക്കിയതിന് ശേഷം സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം നടത്തിയെന്നും ഇത് സമൂഹത്തിൽ മതസ്പർദ്ധയും രാഷ്ട്രീയ വൈരാഗ്യവും വളർത്താൻ ഇടയാക്കിയെന്നും പരാതിയിൽ പറയുന്നു.
.
ലോറി ഉടമ മനാഫിനെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നാലെ സൈബർ ആക്രമണങ്ങൾ നേരിടുന്നതായി അർജുന്റെ കുടുംബം വാർത്താസമ്മേളനത്തിൽ പരാതിപ്പെട്ടിരുന്നു. പിന്നാലെ വൈകാരികമായ ഇടപെടലുണ്ടായതിൽ അർജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് മനാഫും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അര്‍ജുന്‍റെ കുടുംബത്തിനെതിരായ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടാകരുതെന്നും ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ, സേവ് അർജുൻ ആക്ഷൻ കമ്മിറ്റി പിരിച്ചുവിട്ടിരിക്കുകയാണ്. അർജുന്റെ കുടുംബം കമ്മിറ്റിയുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് തുടർച്ചയായാണ് ഈ നടപടി.
#ShiruurLandslide, #Cyberbullying, #JusticeForArjun, #KeralaNews, #SocialMedia