Order | ഗഫൂർ ഹാജിയുടെ മരണം: പ്രതികളുടെ കസ്റ്റഡി അപേക്ഷ ജില്ലാ കോടതി അനുവദിച്ചു
● പ്രതികളെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.
● സ്വർണ കവർച്ചയും കൊലപാതകവുമാണ് കേസ്.
● കേസിൽ നാലു പ്രതികളാണ് അറസ്റ്റിലായത്.
കാസർകോട്: (KasargodVartha) പ്രവാസി വ്യവസായി പള്ളിക്കര പൂച്ചക്കാട് ഫാറുഖിയ മസ്ജിദിന് സമീപത്തെ എം സി അബ്ദുൽ ഗഫൂർ ഹാജി (58) യുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ കൂടുതൽ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ കിട്ടാൻ ആവശ്യപ്പെട്ട് അന്വേഷക സംഘം നൽകിയ റിവിഷൻ പെറ്റീഷൻ ജില്ലാ സെഷൻസ് കോടതി അനുവദിച്ചു.
പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ ഹൊസ്‌ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയിൽ 10 ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേഷയിൽ രണ്ട് ദിവസം മാത്രം അനുവദിച്ചതിനെതിരെയാണ് ജില്ലാ കോടതിയിൽ ഹർജി നൽകിയത്. ജില്ലാ കോടതിയിൽ നൽകിയ ഹർജിയിൽ ഏഴ് ദിവസമാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടത്.
ഇത് ജില്ലാ കോടതി അനുവദിക്കുകയും തീരുമാനം എടുക്കാൻ ഹൊസ്ദുർഗ് കോടതിയോട് നിർദേശിക്കുകയുമായിരുന്നു. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നതിനിടെ ജില്ലാ കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യേഗസ്ഥൻ കോടതിയിൽ ഹാജരായി കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയിരുന്നു. പിന്നീടാണ് കസ്റ്റഡി അപേക്ഷ അംഗീകരിച്ചത്.
ഒന്നാം പ്രതി വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിൽ ജനിച്ചുവളർന്ന ഇപ്പോൾ മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ ടി എം ഉബൈസ് എന്ന ഉവൈസ് (32), രണ്ടാം പ്രതി ഇയാളുടെ ഭാര്യ മന്ത്രവാദിനി എന്നറിയപ്പെടുന്ന കെ എച്ച് ശമീന (38), മൂന്നാം പ്രതി ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി എം അസ്‌നീഫ (36), നാലാം പ്രതി വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആഇശ (43) എന്നിവരാണ് കേസിൽ അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ കഴിയുന്ന പ്രതികൾ.
ഇക്കഴിഞ്ഞ ഡിസംബർ മൂന്നിനാണ് നാലു പ്രതികളും അറസ്റ്റിലായത്. 2023 ഏപ്രിൽ 14ന് പുലർച്ചെയാണ് വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് അബ്ദുൽ ഗഫൂർ ഹാജിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമാണെന്ന് കരുതി ഖബറടക്കവും നടത്തിയിരുന്നു. മകൻ മരണത്തിൽ സംശയം ഉന്നയിക്കുകയും മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പൊലീസ് പിടിയിലായത്.
മന്ത്രവാദത്തിന്റെ മറവിൽ പ്രതികൾ ചേർന്ന് ഗഫൂർ ഹാജിയെ കൊലപ്പെടുത്തുകയും, 596 സ്വർണാഭരണങ്ങൾ തട്ടിയെടുത്തതായും പൊലീസ് വ്യക്തമാക്കിയിരുന്നു. നേരത്തെ രണ്ട് ദിവസം പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയും വിവിധ സ്വർണക്കടകളിൽ നിന്നായി 103 പവൻ സ്വർണം കണ്ടെടുക്കുകയും ചെയ്തിരുന്നു.
#KeralaNews #CrimeUpdate #KasaragodNews #Expat #Investigation #CourtUpdates