city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fraud | 'കാസർകോട് സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയിൽ കോടികളുടെ തട്ടിപ്പ്; അംഗങ്ങളറിയാതെ 5 കോടിയോളം രൂപയുടെ സ്വർണ പണയ വായ്പയെടുത്ത് മുങ്ങി';

Fraud
ഓഡിറ്റിംഗിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്

കാസർകോട്: (KasaragodVartha) തൃശൂരിലെ കരിവെന്നൂർ ബാങ്ക് തട്ടിപ്പ് ഉൾപെടെയുള്ള കോടികളുടെ ദുരൂഹ ഇടപാടുകൾ ചർച്ചയായി നിൽക്കെ കാസർകോട്ട് സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിയിലും കോടികളുടെ തട്ടിപ്പ് നടന്നതായി പരാതി. അംഗങ്ങളറിയാതെ അഞ്ച് കോടിയോളം രൂപയുടെ സ്വർണ പണയ വായ്പയെടുത്ത് മുങ്ങിയ പാർടി പ്രവർത്തകനായ സെക്രട്ടറിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി ആദൂർ പൊലീസ് കാസർകോട് വാർത്തയോട് പറഞ്ഞു. 

കാറഡുക്ക അഗ്രികൾചറിസ്റ്റ് വെൽഫെയർ കോ-ഓപറേറ്റീവ് സൊസൈറ്റിയിലാണ് തട്ടിപ്പ് നടന്നത്. സൊസൈറ്റി സെക്രടറിയും ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സിപിഎം പ്രവർത്തകനുമായ കെ രതീശനെതിരെ (40) യാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരിക്കുന്നത്. സൊസൈറ്റി അംഗങ്ങളറിയാതെ അവരുടെ പേരിൽ 4.76 കോടി രൂപയുടെ സ്വർണപ്പണയ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയെന്നാണ് പരാതി. 

സൊസൈറ്റി പ്രസിഡന്റും സിപിഎം നേതാവുമായ ബെള്ളൂർ കിന്നിങ്കാറിലെ കെ സൂപ്പിയാണ് പരാതി നൽകിയത്. ഒളിവിൽ പോയ രതീശൻ ബെംഗ്‌ളൂറിലുള്ളതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കർണാടകയിലേക്ക് വ്യാപിച്ചിട്ടുണ്ട്. അവധി ആണെന്ന് സൊസെറ്റിയിലും, വീട്ടിൽ വയനാട്ടിലേക്ക് പോകുന്നുവെന്നുമാണ് രതീശൻ അറിയിച്ചിരുന്നത്. തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സിപിഎം മുള്ളേരിയ ലോകൽ കമിറ്റി അംഗമായിരുന്ന കെ രതീശനെ പാർടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി നേതൃത്വം വ്യക്തമാക്കി.   

ഇക്കഴിഞ്ഞ ഏപ്രിൽ 29ന് നടത്തിയ ഓഡിറ്റിംഗിലാണ് രണ്ടര കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ 4,75,99,907 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ഇതോടെ രതീശനെ നിർബന്ധിത അവധിയിൽ പോകാനും ഏഴ് ദിവസത്തിനകം പണം തിരിച്ചടക്കാനും നിർദേശിച്ചു. കേരള ബാങ്ക് സൊസൈറ്റിക്ക് അനുവദിച്ച വായ്പ തുകയും അടിച്ചുമാറ്റിയതായി വിവരമുണ്ട്.  സൊസൈറ്റിയിൽ ക്രമക്കേട് കണ്ടെത്തിയ ശേഷമാണ് കേരള ബാങ്ക് അനുവദിച്ച രണ്ട് കോടിയോളം രൂപ പിൻവലിച്ചിരിക്കുന്നത്. 

2022 മുതൽ തന്നെ സെക്രടറി സൊസൈറ്റിയിൽ തട്ടിപ്പ് തുടങ്ങിയതായാണ് ഇപ്പോൾ വിവരം പുറത്തുവരുന്നത്. പണയ സ്വർണം ഇല്ലാതെയാണ് അംഗങ്ങളുടെ പേരിൽ വായ്‌പ എഴുതിവെച്ചിരിക്കുന്നത്. ഏഴ് ലക്ഷം രൂപ വരെ ഇത്തരത്തിൽ വായ്പ അനുവദിച്ചതായി രേഖകളിൽ വ്യക്തമായിട്ടുണ്ട്. സഹകരണ വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. വിവരം ഭരണസമിതിയെ അറിയിക്കുകയും കേസ് ഫയൽ ചെയ്യാൻ നിർദേശം നൽകുകയുമായിരുന്നു. 

ഒരാഴ്ചയ്ക്കകം മുഴുവൻ പണവും തിരിച്ചടയ്ക്കാമെന്ന് സെക്രടറി നേതാക്കളോട് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകാൻ കാലതാമസം ഉണ്ടായതെന്നാണ് ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നത്. തങ്ങൾ അറിയാതെ തങ്ങളുടെ പേരിൽ വായ്പ എടുത്ത വിവരം അറിഞ്ഞു പാർടി അനുഭാവികളായ പലരും നേതാക്കളോട് പരാതികൾ ഉന്നയിക്കാൻ തുടങ്ങിയിട്ടുണ്ട്. നേതൃത്വം അറിയാതെ ഇത്തരമൊരു തട്ടിപ്പ് നടക്കില്ലെന്നും ചിലർ പറയുന്നു. ഇതിനിടയിൽ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപിക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.
 Fraud

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia