കാസർകോട് ദേലംപാടിയിൽ ബിഎൽഒയ്ക്ക് നേരെ സിപിഎം പഞ്ചായത്ത് അംഗത്തിൻ്റെ കൈയേറ്റ ശ്രമം: ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസിൽ പരാതി
● സമഗ്ര വോട്ടർ ലിസ്റ്റ് പരിഷ്കരണ ക്യാമ്പിനിടെയാണ് സംഭവം.
● ഏഴാം വാർഡ് അംഗവും സിപിഎം നേതാവുമായ സുരേന്ദ്രനെതിരെയാണ് പരാതി.
● ബി.എൽ.ഒ. ആയ പി. അജിത്താണ് ആദൂർ പോലീസിൽ പരാതി നൽകിയത്.
● എസ്.ഐ.ആർ. ഫോം വിതരണത്തെ ചൊല്ലി നേരത്തേ വാക്ക് തർക്കം നടന്നിരുന്നു.
● പഞ്ചായത്ത് അംഗത്തിനെതിരെ മുൻപും അടിപിടി കേസുകളിൽ സമാനമായ ആരോപണമുണ്ട്.
● ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് ബി.എൽ.ഒ. അറിയിച്ചു.
ആദൂർ: (KasargodVartha) ദേലംപാടി പഞ്ചായത്തിൽ ബിബൂത്ത് ലെവൽ ഓഫീസർക്ക് നേരെ സി.പി.എം. പഞ്ചായത്ത് അംഗം കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. ബി.എൽ.ഒ.യെ ഭീഷണിപ്പെടുത്തുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ദേലംപാടിയിലെ 78-ാം നമ്പർ ബൂത്തിൽ വ്യാഴാഴ്ച രാവിലെ സമഗ്ര വോട്ടർ ലിസ്റ്റ് പരിഷ്കരണ ഫോം പൂരിപ്പിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട് ക്യാമ്പ് സംഘടിപ്പിച്ചതിനിടെയാണ് സംഭവം.
ക്യാമ്പിനിടെ കൈയേറ്റ ശ്രമം
ഏഴാം വാർഡ് പയറടുക്കം പഞ്ചായത്ത് അംഗവും സി.പി.എം. നേതാവുമായ സുരേന്ദ്രനാണ് ബൂത്ത് ലെവൽ ഓഫീസറായ പി. അജിത്തിനെ മർദ്ദിക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നാണ് പരാതി. എസ്.ഐ.ആർ. ഫോം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തേ വാക്ക് തർക്കം നടന്നിരുന്നതായും പറയയുന്നു.
പി. അജിത്തിനെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും തള്ളി താഴെയിടാൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പോലീസിൽ നൽകിയ പരാതിയിലുള്ളത്. ഭീഷണിപ്പെടുത്തുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
മുൻപും സമാന ആരോപണം
ബി.എൽ.ഒ. ആദൂർ പോലീസിൽ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. കൂടാതെ, ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് പി. അജിത്ത് അറിയിച്ചു.
പരാതിക്ക് ആധാരമായ പഞ്ചായത്ത് അംഗം സുരേന്ദ്രൻ ഇതിന് മുൻപും സമാനമായ ആരോപണങ്ങളിൽപ്പെട്ടിട്ടുണ്ട്. ദേലംപാടി പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനായ ഇദ്ദേഹം, മുൻപ് പഞ്ചായത്ത് ഓഫീസിൽ വെച്ച് ഉനൈസ് മൈനാടി എന്ന യുവാവിനെ അടിച്ച് പരിക്കേൽപ്പിച്ചതായുള്ള പരാതിയും നിലവിലുണ്ടായിരുന്നു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ. കമൻ്റ് ചെയ്യുക.
Article Summary: CPM Panchayat Member allegedly assaults and threatens BLO during voter revision camp in Delampady, Kasaragod.
#Kasaragod #CPMKerala #BLO #Delampady #Assault #KeralaPolice






