Visit | പെരിയ ഇരട്ടക്കൊല കേസിൽ ശിക്ഷിക്കപ്പെട്ടവരുടെ വീടുകൾ സിപിഎം നേതാക്കൾ സന്ദർശിച്ചു; വിമർശിച്ച് കോൺഗ്രസ്
● ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണൻ, എംഎൽഎമാർ ഒപ്പമുണ്ടായിരുന്നു
● രാജ്മോഹൻ ഉണ്ണിത്താനും പികെ ഫൈസലും സിപിഎം നടപടിയെ വിമർശിച്ചു.
● സിബിഐ കോടതി ശിക്ഷിച്ച പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
പെരിയ: (KasargodVartha) കല്യോട്ടെ ഇരട്ട കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളുടെ വീടുകൾ സിപിഎം ജില്ലാ സെക്രടറിയുടെ നേതൃത്വത്തിൽ നേതാക്കളും എംഎൽഎമാരും ജില്ലാ പഞ്ചായത് പ്രസിഡൻ്റും അടക്കമുള്ളവർ സന്ദർശിച്ചു. കേസിൽ ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ച എ പീതാംബരൻ അടക്കമുള്ള പ്രതികളുടെയും അഞ്ച് വർഷം വീതം തടവിന് ശിക്ഷിക്കപ്പെട്ട മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത് പ്രസിഡൻ്റ് കെ മണികണ്ഠനടക്കമുള്ള നാല് പേരുടെയും വീടുകളിലാണ് ഞായറാഴ്ച നേതാക്കൾ എത്തിയത്.
സിപിഎം ജില്ലാ സെക്രടറി എംവി ബാലകൃഷ്ണൻ, എംഎൽഎമാരായ അഡ്വ. സി എച് കുഞ്ഞമ്പു, എം രാജഗോപാലൻ, ജില്ലാ പഞ്ചായത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ തുടങ്ങിയ നേതാക്കളും ജനപ്രതിനിധികളുമാണ് പ്രതികളുടെ വീടുകൾ സന്ദർശിച്ചത്. കൊലപാതകത്തിൽ പങ്കില്ലെന്ന് സിപിഎം ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് കോടതി വിധിക്ക് പിന്നാലെ നേതാക്കൾ ശിക്ഷിക്കപ്പെട്ടവരുടെ വീടുകളിലെത്തിയത്.
നേരത്തെ ജില്ലാ പഞ്ചായതിന് കീഴിലുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഒന്ന്, രണ്ട്, മൂന്ന് പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയിരുന്നു. ഇത് വിവാദമായതിനെ തുടർന്ന് പിരിച്ചുവിടുകയായിരുന്നു. പിന്നീട് കോവിഡ് ആശുപത്രിയിലും പാർടിയുടെ സഹകരണ സ്ഥാപനങ്ങളിലും ജോലി നൽകി.
അതേസമയം കല്യോട്ടെ ഇരട്ട കൊലക്കേസിൽ സിപിഎം ഉന്നത നേതൃത്യത്തിനുള്ള പങ്ക് മറനീക്കി പുറത്ത് വന്നതാണ് ഇപ്പോൾ നേതാക്കളുടെ ഗൃഹസന്ദർശനത്തോടെ വ്യക്തമാകുന്നതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം പി യും ഡിസിസി പ്രസിഡണ്ട് പി കെ ഫൈസലും ആരോപിച്ചു. അക്രമികളെയും കൊലപാതകികളെയും തള്ളിപ്പറയുന്നതിന് പകരം കൊലപാതകികളെ സംരക്ഷിക്കുന്ന പാർടിയായി സിപിഎം മാറിയെന്ന് പികെ ഫൈസൽ കുറ്റപ്പെടുത്തി. കൊലപാതകികളെ സംരക്ഷിക്കുന്ന സിപിഎം നയങ്ങൾ ജനങ്ങളിലെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ സിബിഐ കോടതി ശിക്ഷിച്ച പ്രതികളെ കണ്ണൂർ പള്ളിക്കുന്നിലെ സെൻട്രൽ ജയിലിൽ എത്തിച്ചു. മുൻ ഉദുമ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെയുള്ള 14 പ്രതികളെയാണ് ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെ കനത്ത സുരക്ഷയിൽ ജയിലിൽ എത്തിച്ചത്. കേസിൽ ശിക്ഷിക്കപ്പെട്ടവരിൽ അഞ്ച് പേർ കാക്കനാട് ജയിലിലും ഒൻപത് പേർ വിയ്യൂർ ജയിലിലുമായിരുന്നു. ഇരു ജയിലുകളിൽ നിന്നുമാണ് ഇവരെ കണ്ണൂരിലേക്ക് മാറ്റിയത്.
#PeriyaMurderCase #CPMCriticism #KeralaPolitics #Congress #CrimeNews #JailNews