Remand | 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ സിപിഎം പ്രാദേശിക നേതാവിനെ പൊലീസ് പിടികൂടിയത് പാർടി യോഗത്തിനിടെയെന്ന് സൂചന; വ്യാപാരിയടക്കം ഇരുവരും റിമാൻഡിൽ
● പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
● പോക്സോ വകുപ്പുകളാണ് ചുമത്തിയത്
● പെൺകുട്ടിയുടെ മൊഴിയെടുത്തിരുന്നു
കാഞ്ഞങ്ങാട്: (kasaragodVartha) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ സിപിഎം പ്രാദേശിക നേതാവും വ്യാപാരിയും റിമാൻഡിൽ. സിപിഎം മുൻ ബ്രാഞ്ച് സെക്രടറിയും നിലവിൽ ബ്രാഞ്ച് കമിറ്റി അംഗവുമായ എം വി തമ്പാൻ (55), റബർ വ്യാപാരി സജി (51) എന്നിവരെയാണ് അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തത്. തമ്പാനെ പാർടി യോഗം നടക്കുന്ന സ്ഥലത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.
വയറുവേദനയെ തുടർന്ന് കഴിഞ്ഞ മാസം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ ചികിത്സക്കായി എത്തിയ പെൺകുട്ടിയുടെ മാതാപിതാക്കളുടെ കൂടെ സജിയും ഉണ്ടായിരുന്നു. ഡോക്ടറെ കണ്ടതും സംസാരിച്ചതും സജിയായിരുന്നു. ഡോക്ടർമാരോട് പെൺകുട്ടിയുടെ പ്രായം 19 വയസ് ആയെന്നാണ് സജി അറിയിച്ചിരുന്നത്. കഴിഞ്ഞ ദിവസം വയറുവേദന കലശലായതിനെ തുടർന്ന് മാവുങ്കാലിലെ ആശുപത്രിയിൽ എത്തിച്ച് പരിശോധനയ്ക്ക് എത്തിച്ചപ്പോൾ പെൺകുട്ടി ഡോക്ടറോട് തനിക്ക് 16 വയസ് ആണെന്ന് പറഞ്ഞതോടെ പൊലീസിനെ അറിയിക്കുകയായിരുന്നു.
ഇതിനിടയിൽ പെൺകുട്ടിയെ ആശുപത്രിയിൽ നിന്നും കാണാതായതോടെ ബന്ധുക്കളുടെ പരാതിയിൽ ഹൊസ്ദുർഗ് പൊലീസ് മിസിംഗിന് കേസെടുക്കുകയും പിന്നീട് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബന്ധുവീട്ടിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തി മൊഴിയെടുത്തതോടെയുമാണ് ഞെട്ടിക്കുന്ന പീഡനകഥ പുറത്ത് വന്നത്. കേസ് പിന്നീട് അമ്പലത്തറ പൊലീസിന് കൈമാറിയതോടെയാണ് രണ്ട് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത്.
സിപിഎം നേതാവും വ്യാപാരിയും പെൺകുട്ടിയെ പലതവണ ലൈംഗികമായി ഉപയോഗിച്ച് ഗർഭിണിയാക്കിയ കാര്യം പെൺകുട്ടി തന്നെയാണ് പൊലീസിനോട് വെളിപ്പെടുത്തിയത്.
#Kerala #CPM #minor #remand #India #crime #assault