Clash | പാർടി ഗ്രാമത്തിൽ സിപിഎം - ബിജെപി സംഘർഷം; കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ 106 ഇടത് പ്രവർത്തകർക്കെതിരെ കേസ്; പിന്നാലെ സ്ഥലത്ത് നിന്നും വടിവാളും ഇരുമ്പ് ദണ്ഡുകളും പൊലീസ് കണ്ടെടുത്തു
പെരിങ്ങോം, ചെറുപുഴ, പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസിനെ എത്തിച്ചു
കരിവെള്ളൂർ: (KasaragodVartha) സിപിഎം പാർടി ഗ്രാമമായ കുണിയനില്‍ ബിജെപി-സിപിഎം സംഘർഷം രൂക്ഷം. ലോക്‌സഭാ തിരഞ്ഞടുപ്പിന് ശേഷം ബിജെപി പ്രവർത്തകനായ കണ്ടത്തിൽ ബാലൻ എന്നയാളുടെ വീട്ടിൽ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി യോഗം നടക്കവേയാണ് സംഘർഷങ്ങളുടെ തുടക്കം. പ്രദേശവാസികളായ സിപിഎം പ്രവര്‍ത്തകർ സംഘടിച്ച് വീട് വളയുകയും ഇവിടെ ആയുധ പരിശീലനം നടക്കുന്നുവെന്ന് പറഞ്ഞ് യോഗത്തിനെത്തിയവരെ തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്തുവെന്നുമാണ് പരാതി. ഇവർ വന്ന വാഹനങ്ങള്‍ തകര്‍ത്തതായും പറയുന്നുണ്ട്.
വിവരമറിഞ്ഞ് പയ്യന്നൂർ ഡിവൈഎസ്പി എ ഉമേഷും സംഘവും കുതിച്ചെത്തി കൂട്ടം കൂടി നിന്നവരെ അനുയിപ്പിച്ച് പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് പെരിങ്ങോം, ചെറുപുഴ, പയ്യന്നൂർ പൊലീസ് സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസിനെ എത്തിച്ച് യോഗത്തിനെത്തിയ ബിജെപി പ്രവർത്തകരെ ശക്തമായ കാവലിൽ പൊലീസ് വാഹനത്തിൽ വീടുകളിൽ എത്തിച്ചതോടെയാണ് സംഘർഷം അയഞ്ഞത്.
അതിനിടെ വെള്ളിയാഴ്ച രാവിലെ സംഭവസ്ഥലത്ത് പരിശോധന നടത്തിയ ഡിവൈഎസ്പി ഉമേഷും സംഘവും തുരുമ്പെടുത്ത ഒരു വടിവാളും രണ്ട് ഇരുമ്പ് ദണ്ഡും കണ്ടെത്തിയിട്ടുണ്ട്. ഇവ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞടുപ്പിൽ കുണിയൻ പ്രദേശത്ത് നിന്നും ബിജെപിക്ക് 130ലധികം വോട് വർധിച്ചതായി പറയുന്നുണ്ട്. ഇത് സിപിഎമിനെ വിളറി പിടിപ്പിച്ചെന്നാണ് ബിജെപി ആരോപിക്കുന്നത്.
അതേസമയം പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുകയെന്ന ഗൂഡലക്ഷ്യത്തോടെ ഇവിടെ ബിജെപി- ആർഎസ്എസ് പ്രവർത്തകർ ആയുധപരിശീലനം നടത്തുകയാന്നെന്നും ബോംബുണ്ടാക്കുകയാണെന്നുമാണ് സിപിഎം പറയുന്നത്. തടഞ്ഞുവെച്ച് കയ്യേറ്റം ചെയ്തുവെന്ന ബിജെപി മണ്ഡലം പ്രസിഡണ്ട് പി ബാലകൃഷ്ണൻ്റെ പരാതിയിൽ സിപി അനീഷ്, ബാങ്ക് ജീവനക്കാരനായ പ്രശോഭ്, ഗിരീഷ്, പി രമേശന്‍, അരുണ്‍, സുരേന്ദ്രന്‍ എന്നിവരടക്കം 106 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. ആയുധം പിടികൂടിയ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.