Court Verdict | അയൽവാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 8 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും
● പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും
● 2021 ഓഗസ്റ്റ് 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്
● ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്
കാസർകോട്: (KasargodVartha) വ്യക്തി വൈരാഗ്യത്തെ തുടർന്ന് നടന്ന കൊലപാതക കേസിൽ പ്രതിക്ക് എട്ട് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ബളാൽ പാത്തിക്കരയിൽ താമസിക്കുന്ന ഗോപാലൻ എന്ന രവിയെ റബർ തടികഷണം കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ രാമകൃഷ്ണനെയാണ് (53) കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ജഡ്ജ് എ മനോജ് ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും. 2021 ഓഗസ്റ്റ് 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽവാസികളായിരുന്ന ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രതിയായ രാമകൃഷ്ണൻ രവിയെ വീട്ടിൽ വച്ച് തലയ്ക്ക് അടിച്ചു വീഴ്ത്തിയെന്നാണ് കേസ്. ഗുരുതരമായി പരുക്കേറ്റ രവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രവിയെ അടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിൽ രാമകൃഷ്‌ണന്റെ ഭാര്യ കല്യാണിക്കും പരുക്കേറ്റിരുന്നു. വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും, ആദ്യാനേഷണം നടത്തുകയും ചെയ്തത് വെള്ളരിക്കുണ്ട് ഇൻസ്പെക്ടറായിരുന്ന എ അനിൽകുമാറും, തുടർന്ന് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപിച്ചത് ഇൻസ്പെക്ടറായ എൻ ഒ സിബിയുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ഇ ലോഹിതാക്ഷൻ, അഡ്വ. ആതിരാബാലൻ എന്നിവർ ഹാജരായി.
#KasaragodNews #KeralaCrime #JusticeForVictim #MurderCase #CourtVerdict #IndianNews